02 മേയ് 2011

ന്യൂസ് മേക്കര്‍

രാവിലെ തിരക്കിട്ട് കലോത്സവ വേദിയിലേക്ക് പോകാന്‍ കാരണം, കലോത്സവത്തിന് പോയ റിപ്പോര്‍ട്ടര്‍മാര്‍ ശരിയായി ജോലി ചെയ്യുന്നുണ്ടോ എന്നറിയാന്‍ ആയിരുന്നില്ല. ഇന്ന് മോഹിനിയാട്ടമാണ് പ്രധാന ഇനം. നൃത്തത്തിനോട് പണ്ടേയുള്ള ഇഷ്‌ടമാണ്. നൃത്തം ചെയ്യുന്നവരോടും അതെ. ഒരുപക്ഷെ സ്വയം ചെയ്യാന്‍ കഴിയാത്ത കാര്യം മറ്റൊരാള്‍ ഭംഗിയായി ചെയ്യുന്നത് കാണുമ്പോള്‍ ഉള്ള ആരാധനയുമാവാം.

വേദിയില്‍ മറ്റു മാധ്യമ സുഹൃത്തുക്കളോടൊപ്പം സംസാരിച്ചും പരിപാടി ആസ്വദിച്ചും ഇരിക്കെ പുതിയ ചെസ്റ്റ് നമ്പര്‍ വിളിക്കപ്പെട്ടു. പെട്ടെന്ന് തന്നെ വേദിയില്‍ ആകെ ഒരുഷാറായത് പോലെ അനുഭവപ്പെട്ടു. ഞങ്ങളുടെ തന്നെ റ്റി.വി. ചാനലിന്റെ റിപ്പോര്‍ട്ടര്‍ കഷ്‌ടപ്പെട്ട് എന്റെ അടുത്തെത്തി. മോഹിനിയാട്ടത്തിന് പകരം വല്ല സിനിമാറ്റിക് ഡാന്‍സും മതിയായിരുന്നു എന്ന ഭാവത്തില്‍ പുറത്ത് നിന്നവന് എന്താണ് പെട്ടെന്ന് കലയോട് ഒരു സ്നേഹം എന്ന് ആലോചിക്കവെ അവന്‍ തന്നെ മറുപടി തന്നു

“ആ കുട്ടിയെ മനസിലായില്ലേ? പഴയ സൂപ്പര്‍ നായിക അഞ്ജനാ മേനോന്റെ മകളാണ്.”

അഞ്ജന. ആ പേര് കേട്ടപ്പോള്‍ സന്തോഷം തോന്നി. മൂന്നര വര്‍ഷം മാത്രമാണ് അഞ്ജന സിനിമയില്‍ അഭിനയിച്ചത്. എന്നാല്‍ അഭിനയത്തികവ് കൊണ്ട് ഇന്നും മലയാളികള്‍ സ്‌നേഹിക്കുന്നു. ഓര്‍മ്മകള്‍ ഒരു 22 വര്‍ഷം പിന്നിലേക്ക്......

ഒരു കലോത്സവ വേദിയില്‍ വെച്ചാണ് അഞ്ജനയെ ആദ്യമായി കാണുന്നത്. അന്ന് അവള്‍ മോഹിനിയാട്ടത്തില്‍ മത്സരിക്കാന്‍ വന്ന കുട്ടിയായിരുന്നു. നന്നായി ഡാന്‍സ് ചെയ്തു. അന്നത്തെ കലാതിലകമാവാന്‍ എന്തുകൊണ്ടും യോഗ്യ. മോഹിനിയാട്ടത്തിലെ വിജയം ആ സ്ഥാനം ഉറപ്പിക്കുമായിരുന്നു. വിധി വന്നപ്പോള്‍ ഒന്നാം സ്ഥാനം അഞ്ജനയ്‌ക്ക് തന്നെ. കലാതിലകത്തിന്റെ വിശേഷങ്ങളറിയാന്‍ ഞങ്ങള്‍ പത്രക്കാര്‍ ചുറ്റും കൂടിയപ്പോഴാണ് വിധിക്കെതിരെ അപ്പീലുണ്ടെന്ന് അറിയിപ്പ് വന്നത്. പരിഭ്രമം നിറഞ്ഞ മുഖവുമായി അഞ്ജനയുടെ അമ്മയും, ടീച്ചര്‍മാരും കൂട്ടുകാരും നിന്നപ്പോഴും യാതൊരു ഭാവഭേദവുമില്ലായിരുന്നു ആ കുട്ടിയുടെ മുഖത്ത്. വൈകാതെ ഫലം വന്നു - അഞ്ജനയ്‌ക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു, കലാതിലക പട്ടവും.

പുതിയ കലാതിലകത്തെ തേടി പത്രക്കാര്‍ പോയപ്പോള്‍ ആരവങ്ങളില്‍ നിന്ന് മാറി അഞ്ജന ഇരുന്നു. അവള്‍ക്ക് ചുറ്റുമുള്ളവര്‍ വിധിക്കെതിരെ മുറവിളി കൂട്ടിയപ്പോള്‍ അഞ്ജന ശാന്തയായിരുന്നു. വിധിയെ പറ്റി ചോദിച്ചപ്പോള്‍ അഞ്ജന ചിരിച്ചതേയുള്ളു. സങ്കടമില്ല എന്ന മറുപടിയും. ആ കുട്ടി നന്നായി ചെയ്‌തിട്ടുണ്ടാവും. അങ്ങനെയൊരു വിശ്വാസം ഉള്ളത് കൊണ്ടാണല്ലോ അപ്പീല്‍ കൊടുത്തത്. ഇവിടെ മത്സരിക്കുന്ന എല്ലാവരും സമ്മാനം നേടണമെന്ന് ആഗ്രഹിച്ച് തന്നെ മത്സരിക്കുന്നവരല്ലേ. എല്ലാവര്‍ക്കും സമ്മാനം കിട്ടുന്നില്ല എന്ന് മാത്രം. ഇത്തവണ കലാതിലകമാവാന്‍ എനിക്ക് കഴിഞ്ഞില്ല. എങ്കിലും ഇത്രയും അടുത്തെത്താന്‍ കഴിഞ്ഞത് തന്നെ വലിയ കാര്യമല്ലേ..

നൃത്തത്തിന്റെ പാട്ട് കേട്ടപ്പോളാണ് ഓര്‍മ്മയില്‍ നിന്നും തിരിച്ച് വന്നത്. അഞ്ജനയുടെ മകള്‍ നൃത്തം ചെയ്യുന്നു. അമ്മയെ പോലെ തന്നെ മിടുക്കി തന്നെ മകളും, ഞാനോര്‍ത്തു.

“സാര്‍, ദാ ഇരിക്കുന്നു അഞ്ജനാ മേനോന്‍.” എന്റെ അരികിലിരുന്ന് ചാനല്‍ റിപ്പോര്‍ട്ടര്‍ ആവേശം കൊണ്ടു. ഇന്ന് ടി.വി.യില്‍ കാണിക്കാനുള്ളതായി എന്ന സന്തോഷം അവന്റെ മുഖത്ത്. ഞാന്‍ നോക്കി, അതെ അഞ്ജന തന്നെ. പഴയതിലുമൊക്കെ ഒരുപാട് മാറി. എങ്കിലും ഇപ്പോഴും സുന്ദരി തന്നെ. ആ കണ്ണുകള്‍..

ആ കണ്ണുകളെ പ്രണയിക്കാത്ത യുവാക്കളില്ലായിരുന്നു ഒരു കാലത്ത്. മലയാള സിനിമാചരിത്രത്തിലെ തന്നെ വലിയ ഹിറ്റുകളിലൊന്നായി മാറി “ആരാമത്തിലെ പൂക്കള്‍”. അതിലൂടെ യുവതലമുറയെ മുഴുവന്‍ തന്നെ പ്രണയിപ്പിച്ചു അഞ്ജന എന്ന നടി. ആ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍‌ഡും അവള്‍ സ്വന്തമാക്കി.

ഞങ്ങളുടെ മാസികയുടെ ഓണപ്പതിപ്പിന് അഞ്ജനയെ ഇന്റര്‍വ്യൂ ചെയ്യാന്‍ ഞാനാണ് പോയത്. രണ്ട് വര്‍ഷം മുമ്പ് കലാതിലകപട്ടം നഷ്ടപ്പെട്ട കാര്യം ഞാന്‍ ഓര്‍മ്മിപ്പിച്ചു. അപ്പോഴും അഞ്ജന ചിരിച്ചതേയുള്ളു.

അന്ന് ഞാന്‍ കലാതിലകം ആയില്ലെങ്കിലും എനിക്കും അത്ര തന്നെ വാര്‍ത്താപ്രാധാന്യം താങ്കളുടെ പത്രം നല്‍കിയല്ലൊ.. ഒരുപക്ഷെ ആ വാര്‍ത്തകളില്‍ നിന്നാവാം എനിക്ക് സിനിമയില്‍ ചാന്‍‌സ് കിട്ടിയതും അവാര്‍‌ഡ് കിട്ടിയതും. ജയിക്കുമ്പോളും തോല്‍‌ക്കുമ്പോളും ഞാന്‍ നിങ്ങള്‍ക്കൊരു വാര്‍ത്തയാണല്ലോ.. അഞ്ജന ചിരിച്ചു..

“എന്താ അവിടെ ഒരു ബഹളം?”

“സാറിവിടെങ്ങും ഇല്ലാരുന്നോ? അവിടെ ദേ അപ്പീലിന്റെ പ്രശ്നമാണ്”

“എന്ത് പ്രശ്നം?”

“നടി അഞ്ജനാ മേനോന്‍ മകള്‍ക്ക് വേണ്ടി അപ്പീല്‍ കൊടുത്തിരിക്കുന്നു. ഫലം വന്നപ്പോള്‍ ആ കുട്ടിക്ക് മൂന്നാം സ്ഥാനമാണ്. വിധികര്‍ത്താക്കളെ ചീത്ത പറയുകയാണവര്‍”

ഞാന്‍ അങ്ങോട്ടേക്ക് നടന്നു. അഞ്ജനയുടെ ശബ്‌ദം എന്റെ കാതിലുമെത്തി - “..ന്യായമാണെന്ന് വിശ്വസിക്കുന്നില്ല. എന്റെ മകളുടെ പ്രകടനമായിരുന്നു നല്ലതെന്ന് അവള്‍ക്ക് കിട്ടിയ കൈയ്യടികള്‍ തന്നെ തെളിവ്. ജഡ്‌ജസ് എന്ന് പറയുന്ന അവരൊക്കെ എന്തറിഞ്ഞിട്ടാണ്? ആരുടെയെങ്കിലും കൈയ്യില്‍ നിന്ന് കാശും വാങ്ങി എന്റെ മകളെ തോല്‍‌പിക്കാനാണ് ഇവരുടെ ശ്രമം. ഞാന്‍ അതിനു സമ്മതിക്കില്ല..”

മൊബൈലില്‍ ഓഫീസില്‍ നിന്ന് കോള്‍ വന്നത് കൊണ്ട് കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. തിരക്കില്‍ നിന്നും മാറി ഞാന്‍ കോള്‍ അറ്റന്റ് ചെയ്തു. ഈ വര്‍ഷം “ന്യൂസ്‌മേക്കര്‍ ഓഫ് ദ ഇയര്‍” ചടങ്ങിന് ഒരു സൂപ്പര്‍ സ്റ്റാറിനെ കൊണ്ട് വരുന്ന കാര്യം പറയാനാണ് വിളിച്ചത്. ആരാമത്തിലെ പൂക്കളിലെ നായകന്‍ (അന്ന് പുതുമുഖം!) മനോജ് കുമാറിനെയാണ് വിളിക്കാനുദ്ദേശിക്കുന്നത്. ഞാന്‍ സംസാരിക്കാമെന്ന് പറഞ്ഞ് ഫോണ്‍ വെച്ചു.

എന്റെ അടുത്തു കൂടെ അഞ്ജനാ മേനോന്‍ മകളേയും വിളിച്ച് ഇറങ്ങി പോയി. മാധ്യമ സുഹൃത്തുക്കള്‍ ഇനിയും ചോദിക്കാന്‍ ബാക്കിയുള്ള ചോദ്യങ്ങളുമായി പിന്നാലെയും. അവര്‍ പോയ ശേഷം എന്റെ റിപ്പോര്‍ട്ടര്‍ അടുത്തെത്തി. ഇന്നത്തേക്കായല്ലോ എന്ന എന്റെ മുന വെച്ച ചോദ്യത്തിന് നിറഞ്ഞ ചിരിയായിരുന്നു അവന്റെ മറുപടി. മാത്രമല്ല ഒരു കമന്റും - മോള്‍ക്ക് വിവരമുണ്ട്, ആ കൊച്ച് പറയുന്നുണ്ടാരുന്നു അപ്പീലൊന്നും വേണ്ടാന്ന്. പക്ഷെ അമ്മ കേള്‍ക്കണ്ടേ? അതെങ്ങനാ സിനിമാനടി അല്ലേ.. മോള്‍ക്ക് സമ്മാനം കിട്ടാത്തത് ക്ഷീണമായിരിക്കും.. ഇതൊക്കെ എവിടുന്ന് പൊട്ടി വീണോ ആവോ..”

ഇന്നത്തെ ന്യൂസ് മേക്കര്‍ അഞ്ജനാ മേനോന്‍ തന്നെ, ഞാന്‍ ഓര്‍ത്തു. പണ്ട് അവള്‍ വാര്‍ത്തയായിരുന്നു. ഇന്നവള്‍ വാര്‍ത്ത സൃഷ്ടിച്ചവളും..

2 അഭിപ്രായങ്ങൾ:

  1. വേദിയില്‍ മറ്റു മാധ്യമ സുഹൃത്തുക്കളോടൊപ്പം സംസാരിച്ചും പരിപാടി ആസ്വദിച്ചും ഇരിക്കെ പുതിയ ചെസ്റ്റ് നമ്പര്‍ വിളിക്കപ്പെട്ടു. പെട്ടെന്ന് തന്നെ വേദിയില്‍ ആകെ ഒരുഷാറായത് പോലെ അനുഭവപ്പെട്ടു. ഞങ്ങളുടെ തന്നെ റ്റി.വി. ചാനലിന്റെ റിപ്പോര്‍ട്ടര്‍ കഷ്‌ടപ്പെട്ട് എന്റെ അടുത്തെത്തി. മോഹിനിയാട്ടത്തിന് പകരം വല്ല സിനിമാറ്റിക് ഡാന്‍സും മതിയായിരുന്നു എന്ന ഭാവത്തില്‍ പുറത്ത് നിന്നവന് എന്താണ് പെട്ടെന്ന് കലയോട് ഒരു സ്നേഹം എന്ന് ആലോചിക്കവെ അവന്‍ തന്നെ മറുപടി തന്നു

    “ആ കുട്ടിയെ മനസിലായില്ലേ? പഴയ സൂപ്പര്‍ നായിക അഞ്ജനാ മേനോന്റെ മകളാണ്.”

    മറുപടിഇല്ലാതാക്കൂ
  2. കൊള്ളാം.. തീം നന്നായിരിക്കുന്നു.. സ്വന്തം മക്കളുടെ കാര്യം വരുമ്പോള്‍ എല്ലാവരും സ്വാര്‍ത്ഥരാണ് അല്ലെ?
    ആദ്യത്തെ വരി എന്തോ ഒരു പന്തികേടുണ്ട്.. വായിക്കുമ്പോള്‍ ഒരു തടച്ചില്‍.. പിന്നെ "ആരാമത്തിലെ പൂക്കള്‍" പേര് ഒട്ടും ഇഷ്ട്ടമായില്ല.. :)
    ഗ്രേറ്റ്‌ എന്ന് പറയാന്‍ വയ്യെങ്കിലും മൊത്തത്തില്‍ കുഴപ്പമില്ല..:)

    മറുപടിഇല്ലാതാക്കൂ