28 ജൂൺ 2010

ഞാന്‍ എന്ന ഫുട്ബോളര്‍

എവിടെ നോക്കിയാലും ഇപ്പോള്‍ ഫുട്‌ബോള്‍ ആണ് ചര്‍ച്ചാവിഷയം. ഒന്നും ഒന്നിലധികം ടീമുകളേയും സപ്പോര്‍ട്ട് ചെയ്ത് പ്രിയപ്പെട്ട ടീം ജയിക്കുമ്പോള്‍ ആവേശത്തോടെ ജയ് വിളിക്കുകയും തോല്‍ക്കുമ്പോള്‍ അരശുമ്മൂട്ടില്‍ അപ്പുക്കുട്ടനെ പോലെ “കാവിലെ പാട്ട് മത്സരത്തിന് എടുത്തോളാമെന്ന്വെല്ലുവിളിക്കുകയും ചെയ്യുന്ന സമയം. ചുറ്റും കാണുന്ന ആവേശവും ആരവവും എന്നെ സംശയിപ്പിക്കുന്നു - കളി നടക്കുന്നത് സൌത്ത് ആഫ്രിക്കയിലോ അതോ ഇങ്ങ് കേരളത്തിലോ? ഒന്നുറപ്പ്. ഒരു മാസം ഒന്നുങ്കില്‍ ലോകം സൌത്ത് ആഫ്രിക്കയിലാണ്, അല്ലെങ്കില്‍ സൌത്ത് ആഫ്രിക്ക ആണ് ലോകം!

അപ്പോ പറഞ്ഞ് വന്നത് ഫുട്‌ബോളിന്റെ കാര്യം. എല്ലാവരും ഫുട്‌ബോളിന്റെ പിറകെ ആണല്ലൊ. വഴിവക്കില്‍ പിള്ളേര് പോലും ഇപ്പോ ബാറ്റും സ്റ്റമ്പും മാറ്റി വെച്ച് ഇഷ്ടിക കൊണ്ട് ഗോള്‍‌പോസ്റ്റ് ഉണ്ടാക്കി ഫുട്ബോള്‍ കളി തുടങ്ങി. കളിയൊക്കെ കാണുമ്പോള്‍ എനിക്ക് ചിരിയാണ് വരുന്നത്, എന്റെ അവസാന ഫുട്‌ബോള്‍ മത്സരം ഓര്‍ത്ത്..

8 വര്‍ഷം മുമ്പ്.. ഇത് പോലൊരു ലോകകപ്പ് കാലം. കൊറിയ-ജപ്പാന്‍. അന്ന് കളി നടന്നിരുന്നത് ഫുട്‌ബോള്‍ ഉപയോഗിച്ചായിരുന്നു, ജബുലാനിയൊന്നും ഇല്ല! വുവുസേല ഇല്ലെങ്കിലും ആരവങ്ങള്‍ ഇന്നത്തെ പോലെ തന്നെ ചെവി തുളയ്ക്കുന്നതായിരുന്നു.

ഞാന്‍ പ്ലസ് വണ്ണിന് പാലക്കാട് കേന്ദ്രിയ വിദ്യാലയത്തില്‍ ചേര്‍ന്ന സമയം. ചേര്‍ന്ന മൂന്നാം ദിവസം PT കിട്ടി - 2 മണിക്കൂര്‍! എന്നെ സംബന്ധിച്ച് അതൊക്കെ ഒരത്ഭുതം ആയിരുന്നു. അതിനു മുമ്പ് വരെ അര മണിക്കൂര്‍ ഉള്ള ഒരു പിരീഡ്, അതും സാറ് കനിഞ്ഞാല്‍ മാത്രം കളിക്കാന്‍ പോകാം എന്ന അവസ്ഥയില്‍ നിന്നും രണ്ട് മണിക്കൂര്‍ കളിക്കാന്‍ മാത്രം എന്ന നില..

കണ്ടാല്‍ അല്പം കടുപ്പക്കാരന്‍ എന്ന് തോന്നുന്ന ഒരു സാറ് വന്നു. കുട്ടികള്‍ എല്ലാവരും വരി വരി ആയി നില്‍ക്കുന്നു.

Dear Children, I'm Veera, your Chief Physical Education Instructor. തമിഴ് കലര്‍ന്ന ഇംഗ്ലീഷില്‍ വീര സാറിന്റെ ഒരു കിടിലന്‍ പ്രസംഗം. സംഗതി ഇതാണ്. KVയില്‍ ക്രിക്കറ്റ്, ഫുട്ബോള്‍, ബാസ്കറ്റ്‌ബോള്‍, വോളി‌ബോള്‍ തുടങ്ങി സകല കളികള്‍ക്കും ടീം ഉണ്ട്. നിങ്ങള്‍ക്കും അതില്‍ ഒരംഗമാവാം. ഇപ്പോള്‍ ചെയ്യേണ്ടത്, എല്ലാവരും അവരവര്‍ക്ക് ഇഷ്ടമുള്ള ഒരു കളി തിരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് അതില്‍ പരിശീലനം നല്‍കി ഒരു നല്ല കളിക്കാരനാക്കി വാര്‍ത്തെടുക്കാന്‍ ഞങ്ങളാല്‍ കഴിയുന്നത് ചെയ്യും. സ്കൂളിനോട് ചേര്‍ന്ന് ഒരു ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ടും വോളീബോള്‍ കോര്‍ട്ടുമുണ്ട്. അതിനപ്പുറം ചെറിയ ഗ്രൌണ്ട്. അതിനപ്പുറം വലിയ ഗ്രൌണ്ട്. ചെറിയ ഗ്രൌണ്ടില്‍ ക്രിക്കറ്റ് പരിശീലനവും വലിയ ഗ്രൌണ്ടില്‍ ഫുട്ബോള്‍ പരിശീലനവും. തിരഞ്ഞെടുക്കുന്ന കളി അനുസരിച്ച് അതാത് കളിക്ക് അനുവദിച്ചിരിക്കുന്ന സ്ഥലത്തേക്ക് കുട്ടികള്‍ക്ക് പോകാം.

ഫുട്ബോള്‍ തലയ്ക്ക് പിടിച്ചിരുന്ന കാലമായത് കൊണ്ട് രണ്ടാമതൊന്ന് ആലോചിക്കാതെ ഞാന്‍ നേരെ വലിയ ഗ്രൌണ്ട് ലക്ഷ്യമാക്കി നടന്നു. ക്രിക്കറ്റ് തിരഞ്ഞെടുത്ത എന്റെ ചില സുഹൃത്തുക്കള്‍ ഇവന്‍ ഫുട്ബോള്‍ കളിക്കുമോ എന്ന ഞെട്ടലോടെ നോക്കി നിന്നത് ഞാന്‍ കണ്ടില്ല എന്ന് നടിച്ചു. ശരിയാണ്. മെലിഞ്ഞുണങ്ങി, ഒരു കാറ്റടിച്ചാല്‍ പറന്ന് പോകുന്ന ഞാന്‍ എങ്ങനെ ഫുട്ബോള്‍ കളിക്കും? എന്ത് കൊണ്ട് കളിച്ചു കൂടാ? ഇത്തിരിപ്പോന്ന മൈക്കിള്‍ ഓവന്‍ എന്നൊരു ചെക്കന്‍ ഇംഗ്ലണ്ട് ടീമില്‍ ഉണ്ട്. അവനൊക്കെ വേള്‍ഡ് കപ്പ് കളിക്കാമെങ്കില്‍ എനിക്കെന്റെ സ്കൂളില്‍ ഫുട്ബോള്‍ കളിച്ചു കൂടെ? ഞാന്‍ ധൈര്യപൂര്‍വ്വം മുന്നോട്ട് വെച്ച കാല്‍ മുന്നോട്ട് തന്നെ എന്നുറപ്പിച്ച് വലിയ ഗ്രൌണ്ടിലേക്ക് എത്തിച്ചേര്‍ന്നു.

സമാധാനം. സയന്‍സ് ഗ്രൂപ്പിലുള്ള എന്റത്രയും സൈസ് ഉള്ള പയ്യന്മാര്‍ ഒക്കെ അവിടെ നില്‍പ്പുണ്ട്. ക്ലാസിലെ പൊക്കക്കാരും, ജിമ്മന്മാരും ഉണ്ട്. പ്രശ്നമില്ല. സാറെത്തി. കുറച്ച് നേരം കളിയെ പറ്റിയൊക്കെ സംസാരിച്ചു. ചില എക്സര്‍സൈസ് ഒക്കെ ചെയ്യിച്ചു. മുക്കാല്‍ മണിക്കൂര്‍ ഉണ്ടാവും വ്യായാമം എന്ന സംഗതി! വാം അപ്പ് എന്നറിയപ്പെടുന്നു.

ഒരു മാസത്തോളം ഇങ്ങനെ കടന്നു പോയി. 2 മണിക്കൂര്‍ ഉള്ള പീരിയഡ്. മുക്കാല്‍ മണിക്കൂര്‍ വ്യായാമം, സോറി, വാം അപ്പ്. അര മണിക്കൂര്‍ സാറിന്റെ കത്തി. കുട്ടികള്‍ ഗ്രൌണ്ടില്‍ വട്ടം കൂടി ഇരിക്കും, സാര്‍ അവിടെ നിന്ന് സംസാരിക്കും. സാറിന്റെ കൈയ്യില്‍ ഒരു ഫുട്ബോള്‍ കാണും. അതിങ്ങനെ കറക്കിയും തിരിച്ചും മറിച്ചുമൊക്കെയാണ് പുള്ളിക്കാരന്റെ ക്ലാസ്. ഇടയ്ക്ക് പന്ത് പുള്ളിയുടെ കൈയ്യില്‍ നിന്ന് ചാടി നമ്മുടെ അടുത്ത് വരും. അതിലൊന്ന് തൊടാന്‍ അങ്ങനെയൊക്കെയേ പറ്റൂ..! പിന്നെ കുട്ടികളെ രണ്ട് ഗ്രൂപ്പ് ആയി തിരിക്കുന്നു. ഒരു കൂട്ടര്‍ ഗ്രൌണ്ടിന്റെ ഒരറ്റത്തും മറ്റുള്ളവര്‍ ഇങ്ങേയറ്റത്തും നില്‍ക്കുന്നു. ഒരു പ്രത്യേക രീതിയില്‍ ഉള്ള ഓട്ടമാണ് പിന്നെ. പന്ത് നമ്മുടെ കാലില്‍ ഉണ്ടെന്ന് സങ്കല്‍പിക്കുക. എന്നിട്ട് അതുമായി മുന്നേറുക. ഇടയ്‌ക്ക് വെച്ച രണ്ട് കൂട്ടരും നേര്‍ക്ക് നേര്‍ വരും, അപ്പോള്‍ വെട്ടിയൊഴിഞ്ഞ് പോവുക. ടൈപ്പ് കലാപരിപാടികളും നടന്നു.

വീര സാറിന്റെ ആദ്യ ദിവസത്തെ ഡയലോഗിനെ ഞാന്‍ വെറുത്തു തുടങ്ങി. പരിശീലനം നല്‍കി നല്ല കളിക്കാരനാക്കും പോലും.. ഫുട്ബോള്‍ ഇത് വരെ ഒന്ന് തട്ടാന്‍ പറ്റിയിട്ടില്ല. പഴയ സ്കൂളിലെ ഫുട്ബോള്‍ എത്ര രസമായിരുന്നു.. ഒരു ബോളും അതിന്റെ പിറകേ ഒരു പത്തിരുപത് പിള്ളേരും (ഗോളി അടക്കം ഗോളടിക്കാന്‍ ഓടി വരും!). ഇവിടെ പന്ത് കാല് കൊണ്ട് പോയിട്ട് കൈ കൊണ്ട് പോലും ഒന്ന് തൊടാന്‍ പറ്റുന്നില്ല.. ഇതോ ട്രെയിനിങ്ങ്?

പക്ഷെ രണ്ടാം മാസം കഥ മാറി. ഫുട്ബോള്‍ കളി തുടങ്ങിയില്ല.. എന്നാല്‍ പാസ് ചെയ്യുക, പന്തുമായി ഒരറ്റം മുതല്‍ മറ്റേയറ്റം വരെ ഓടുക തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറാന്‍ തുടങ്ങി. പത്ത് കുട്ടികളെ വരി വരിയായി നിര്‍ത്തുന്നു. ഒരറ്റത്ത് നിന്നും നമ്മള്‍ പന്തുമായി ഓരോരുത്തരുടെയും ഇടയിലൂടെ പോകണം. ഏതാണ്ട് S ആകൃതിയിലുള്ള ഓട്ടം! അങ്ങനെ ഓടുന്നതിനിടയില്‍ ഒരു തവണ ഞാന്‍ തെന്നി താഴെ വീണു. ഓടിയെത്തിയ സാറും കുറച്ച് കൂട്ടുകാരും കൂടെ എന്നെ പൊക്കിയെടുത്ത് വിശ്രമ സ്ഥലമായ മാവിന്റെ ചുവട്ടില്‍ കൊണ്ടിരുത്തി. ഇതൊക്കെ കളിയുടെ ഒരു ഭാഗമാണെന്നൊക്കെ പറഞ്ഞ് സാര്‍ എന്നോട് കുറച്ച് നേരം വിശ്രമിക്കാന്‍ പറഞ്ഞു. കൂട്ടുകാരില്‍ ചിലരാകട്ടെ, വെള്ളമൊക്കെയായി വന്ന് ഒരു വി..പി ട്രീറ്റ്മെന്റും നല്‍കി..!

ദിവസങ്ങള്‍ കഴിഞ്ഞു. വേള്‍ഡ് കപ്പ് അങ്ങ് ബ്രസീലില്‍ എത്തി. ഇന്ത്യാക്കാര്‍ വീണ്ടും ക്രിക്കറ്റ് കളി തുടങ്ങി. ഞാന്‍ ഗ്രൌണ്ടില്‍ പന്ത് പാസ് ചെയ്തും, സാറിന്റെ ക്ലാസ് അഥവാ കത്തിയടി കേട്ടും സമയം കളഞ്ഞു. ഇതിനിടെ ഓരോ വിദ്യാര്‍ത്ഥിയും അവന് പ്രിയപ്പെട്ട പൊസിഷന്‍ ഏതെന്ന് പറയാന്‍ പറഞ്ഞു. എനിക്ക് മധ്യനിരയില്‍ കളിച്ചാല്‍ മതി എന്ന് ഞാന്‍ അറിയിച്ചു - ഓം ഡേവിഡ് ബെക്കാമായ നമഃ!സാറാവട്ടെ, ഞങ്ങളുടെ കൂട്ടത്തിലുള്ള ചില പുലികളെ കണ്ടെത്തുകയുണ്ടായി. മുന്നേറ്റ നിരയില്‍ പ്രാണേഷ്, മധ്യനിരയില്‍ ഭരത്, പ്രതിരോധത്തില്‍ ജിജേഷ് എന്നിവര്‍ സ്കൂള്‍ ടീമില്‍ സ്ഥിരസാന്നിധ്യമാകുമെന്ന് വിളിച്ചറിയിച്ച എന്റെ ക്ലാസ്‌മേറ്റ്സ്. കോമേഴ്‌സുകാരന്റെ മനസ്സും സയന്‍സ് ഗ്രൂപ്പിന്റെ തലയുമുള്ള ഗിരീഷ് എന്നൊരു സുഹൃത്തും വളരെ നന്നായി കളിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.

ഒരു ഫുട്‌ബോള്‍ കളി എന്റെ വിദൂര സ്വപ്‌നങ്ങളില്‍ പോലും ഇല്ലാതിരുന്ന സമയത്ത്, ചരിത്രപരമായ PT പിരീഡ് സംജാതമായി. അന്നത്തെ പിരീഡ് തുടങ്ങിയപ്പോള്‍ തന്നെ സാര്‍ കാതിനും മനസിനും കുളിരു പകരുന്ന വാര്‍ത്ത പറഞ്ഞു. ഇന്ന് വാം അപ്പിനു ശേഷം നമ്മള്‍ രണ്ട് ടീമായി തിരിഞ്ഞ് 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു മത്സരം നടത്തും. സാര്‍ ആയിരിക്കും റഫറി, കാര്‍ഡുകള്‍ ഉണ്ടാവും, അത് കൊണ്ട് പരുക്കന്‍ കളി വേണ്ടെന്ന് ഒരു മുന്നറിയിപ്പും!

വളരെ കാലത്തിനു ശേഷം വാം അപ്പ് ചെയ്യാന്‍ ഭയങ്കര താത്പ‌ര്യമായിരുന്നു. ഏകദേശം 40-45 മിനിറ്റ് നീണ്ടു നിന്ന വാം അപ്പിനു ശേഷം സാര്‍ എല്ലാരേം വിളിച്ച് ടീം പ്രഖ്യാപിച്ചു. പ്രാണേഷും ജിജേഷും ക്യാപ്‌റ്റന്മാര്‍. നേരത്തെ പറഞ്ഞ പുലികളേയും ഒരുവിധം നന്നായി കളിക്കുന്നവരേയും, ബാക്കിയുള്ള ഞങ്ങള്‍ കുറച്ച് പേരേയും വെച്ച് സാര്‍ ടീമുകള്‍ ഉണ്ടാക്കിയിരുന്നു. രണ്ട് ടീമും ഏകദേശം തുല്യര്‍. ആര്‍ക്കും ജയിക്കാം. ഒരു ടീം യൂണിഫോം ഷര്‍ട്ട് അഴിച്ച് വെക്കണം. അങ്ങനെയാണ് സ്വന്തം ടീം അംഗങ്ങളെ തിരിച്ചറിയുക. ഞാന്‍ പ്രാണേഷിന്റെ ടീമിലായിരുന്നു. കിട്ടിയ സ്ഥാനം വലതു വിങ്ങറുടെ. സാര്‍ അത് പറഞ്ഞപ്പോള്‍.. മൈതാനത്തിന്റെ വലത് മൂലയിലൂടെ പറന്ന് കയറുന്ന ഞാന്‍.. എതിര്‍ ഗോള്‍മുഖത്ത് പരിഭ്രാന്തി പരത്തി പറന്നിറങ്ങുന്ന എന്റെ ക്രോസുകള്‍..

ബാലൂ.. പ്രാണേഷിന്റെ വിളി കേട്ടപ്പോഴാണ് ഞാന്‍ സ്വപ്നത്തില്‍ നിന്നുണര്‍ന്നത്. എതിര്‍നിരയില്‍ നിനക്ക് തടയാനുള്ളത് ഭരതിനെ ആണ്. അവന്‍ നന്നായി കളിക്കുമെന്നറിയാമല്ലോ.. പക്ഷെ വിട്ടു കൊടുക്കരുത്. ഒരുപാട് നേരം പന്ത് കാലില്‍ വെച്ചോണ്ടിരിക്കരുത്. പാസ് ചെയ്ത് മുന്നേറണം.. ആദ്യത്തെ ഉത്തരവാദിത്വം, ആദ്യത്തെ ജോലി. ഞാന്‍ തയ്യാര്‍!

കാത് തുളച്ച് വിസില്‍ മുഴങ്ങി. ആദ്യത്തെ പത്ത് മിനിറ്റില്‍ ഞാന്‍ മനസിലാക്കിയത് 3 ദാരുണ സത്യങ്ങളാണ് - 1. പ്രാക്ടീസ് ചെയ്യുമ്പോള്‍ പാസ് കൊടുക്കുന്ന അത്ര നിസാരമല്ല കളിയില്‍ പാസ് കൊടുക്കുന്നത്. 2. വേഗം, കഴിവ് - ഇവ രണ്ടും ആവശ്യത്തിനില്ലെങ്കില്‍ പണിക്ക് ഇറങ്ങരുത്. 3. മിഡ്‌ഫീല്‍ഡര്‍ എന്നത് ഫുട്‌ബോളിലെ ഏറ്റവും ഭാരിച്ച പണിയാണ്. മുന്നോട്ടും പിന്നോട്ടും ഓടി മനുഷ്യന്റെ അടപ്പിളകും! ആദ്യ പത്ത് മിനിറ്റില്‍ തന്നെ എനിക്ക് മനസിലായി - ഒരു മികച്ച ഫുട്‌ബോളര്‍ ആവാന്‍ ഞാന്‍ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കണമെന്ന്..

എങ്കിലും തീരെ മോശമായി എന്ന് പറയാനും പറ്റില്ല. പാസുകള്‍ ഭൂരിഭാഗവും കൃത്യമായിരുന്നു, അല്ലെങ്കില്‍ ഞാന്‍ പാസ് കൊടുത്തവന് ഓടി പിടിച്ചെടുക്കാന്‍ കഴിയുമായിരുന്നു! എന്റെ കാലില്‍ നിന്ന് ഭരതിന് പന്ത് തട്ടിയെടുക്കാന്‍ കഴിഞ്ഞില്ല. കാരണം പന്ത് എന്റെ കാലില്‍ അതിനും മാത്രം നേരം നിന്നിരുന്നില്ല. ഞാന്‍ പാസ് കൊടുത്ത് ഒഴിവാക്കും! അങ്ങനെ ഞാന്‍ കൊടുത്ത ഒരു പാസില്‍ നിന്നും ഉണ്ടായ നീക്കത്തില്‍ ഞങ്ങള്‍ ഒരു ഗോളുമടിച്ചിരുന്നു.

കളി ഏകദേശം അവസാനത്തോട് അടുക്കുമ്പോഴാണ് എന്റെ ഫുട്‌ബോള്‍ ജീവിതം തന്നെ മാറ്റി മറിച്ച സംഭവം നടന്നത്. ഞങ്ങളുടെ ടീമിന് ഒരു കോര്‍‌ണര്‍ കിട്ടി. ഞാന്‍ ഏകദേശം ഗ്രൌണ്ടിന്റെ നടുക്ക്, വലത് വശം ചേര്‍ന്ന് നില്‍ക്കുന്നു. അഥവാ കോര്‍ണര്‍ എതിര്‍ ടീമിന്റെ കാലില്‍ ആണെത്തുന്നതെങ്കില്‍ ഉണ്ടാകുന്ന പ്രത്യാക്രമണം തടയുക എന്നതാണ് എന്റെ ജോലി. കോര്‍ണര്‍ എടുത്തു. എന്തൊക്കെയോ അവിടെ സംഭവിച്ചു. എനിക്ക് ശരിക്ക് കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ പെട്ടെന്ന് അവിടുന്ന് ഒരു പന്ത് ഉരുണ്ട് വരുന്നത് എന്റെ കണ്ണില്‍ പെട്ടു. പന്തിനു പിന്നില്‍ ഭരതും. ഞാന്‍ നോക്കി. എന്റെ ടീമിലെ കുറെ പേര്‍ എതിര്‍ ഗോള്‍മുഖത്ത് നിന്നും ഓടി വരികയാണ്. പക്ഷെ അവര്‍ക്ക് മുമ്പേ ഭരത് പന്ത് തട്ടിയെടുക്കും എന്ന് എനിക്ക് മനസിലായി. ഞാന്‍ മുന്നോട്ട് കുതിച്ചു..

ഉരുണ്ട് വന്ന പന്ത് ഭരതിന് മുമ്പേ എത്തിയ ഞാന്‍ ഉയര്‍ത്തി ഗോള്‍മുഖത്തേക്ക് വിട്ടു. വായുവില്‍ ഉയര്‍ന്ന് ചാടി പ്രാണേഷ് അത് വലയ്‌ക്കുള്ളിലാക്കി.. ഗോള്‍!!!

അങ്ങനെ തീര്‍ന്നിരുന്നു എങ്കില്‍ പിന്നെ ഞാന്‍ കളി നിര്‍ത്തേണ്ട കാര്യമുണ്ടോ?? ഇല്ല. എന്നിട്ടും ഞാന്‍ കളി നിര്‍ത്തി. കാരണം? റീവൈന്‍ഡ്.. പന്ത് ഉരുണ്ട് വരുന്നു. ഞാന്‍ അതിനു നേര്‍ക്ക് പാഞ്ഞടുക്കുന്നു. ഭരതിന് മുമ്പ് പന്തിനടുത്തെത്തുന്നു. ഗോള്‍‌മുഖത്ത് നിന്നുംബാലൂ.. പാസ്എന്നൊരു വിളി കേള്‍ക്കുന്നു. പന്ത് ഗോള്‍മുഖം ലക്ഷ്യമാക്കി ഉയര്‍ത്തി അടിക്കാന്‍ ശ്രമിക്കുന്നു.. എന്നാലോ.. ഞാന്‍ പന്തില്‍ കാല്‍ തട്ടി ദാ കിടക്കുന്നു താഴെ!

ഫുട്‌ബോളില്‍ കാല്‍ തട്ടി വീണ ആദ്യത്തെയും, ഒരുപക്ഷെ ലോകത്തിലെ ഒരേയൊരു ഫുട്‌ബോളറും ഞാന്‍ ആയിരിക്കും. ഉരുണ്ട് വരുന്ന ഒരു ഫുട്‌ബോള്‍ പോലും അടിച്ച് കളയാന്‍ വയ്യാത്ത ഞാന്‍ എങ്ങനെ ഫുട്‌ബോള്‍ കളിക്കും? വീഴ്‌ചയില്‍ കാലിനു മസില്‍ കയറുകയും 3 ദിവസം കാല്‍ അനക്കാന്‍ വയ്യാതെ ലീവ് എടുക്കുകയും ചെയ്ത ഞാന്‍ പിന്നീട് ഫുട്‌ബോള്‍ കളിക്കാന്‍ പോയതേയില്ല. മാസങ്ങള്‍ക്ക് ശേഷം എന്റെ സ്കൂളില്‍ വെച്ച് നടന്ന ഒരു ഇന്റര്‍ സ്കൂള്‍ മത്സരത്തിനിടയില്‍ വീണ ജിജേഷിന്റെ കൈ ഒടിഞ്ഞ് 6 മാസം പ്ലാസ്റ്റര്‍ ഇട്ടതും കൂടിയായപ്പോള്‍ ഫുട്‌ബോള്‍ കളി എന്നന്നേക്കുമായി ഞാന്‍ അവസാനിപ്പിച്ചു..