14 നവംബർ 2009

പേടിക്ക് 20 വയസ്സ്..!





ബോളര്‍മാരുടെ പേടിക്ക് 20 വയസ്സ്..!

ഒരിക്കലും മറക്കാനാവാത്തത് :

ഷാര്‍ജ - ഓസീസിനെതിരെ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ - ഒന്ന് ടീമിനെ ഫൈനലില്‍ എത്തിക്കാനും, അടുത്തത് കപ്പ് നേടാനും.. ഇതിനു ശേഷം ഷെയ്ന്‍ വോണ്‍ സച്ചിനെ പേടിച്ച് ഉറങ്ങാതിരുന്നിട്ടുണ്ട് എന്നൊരു കഥ കേള്‍ക്കുന്നു..!

ഷാര്‍ജ - ഹെന്‍‌റി ഒലോങ്കയുടെ അഹങ്കാരം തീര്‍ത്ത “തല്ല്”.. അന്ന് വിരമിച്ച ഒലോങ്ക പിന്നെ മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും കളി തുടങ്ങിയത്. അതിനു ശേഷം ഇന്ത്യയില്‍ പരമ്പരയ്ക്കെത്തിയ കക്ഷിയെ വീണ്ടും “കൈകാര്യം ചെയ്ത്“ എന്നന്നേക്കുമായി ഗ്രൌണ്ടില്‍ നിന്നും ഓടിച്ചു!

2003 ലോകകപ്പ് - പാകിസ്ഥാനുമായുള്ള മത്സരം. അക്തറിനും വാഖറിനും കണക്കിനു കൊടുത്തു. അന്നൊരു സെഞ്ച്വറി കിട്ടിയില്ല എന്നത് ഇന്നും സങ്കടമുണ്ടാക്കുന്നു. ഇടയ്‌ക്ക് കാലില്‍ പേശിവലിവ് വന്നിരുന്നു. അതുകൊണ്ട് മാത്രം അന്ന് അവന്മാര്‍ കൂടുതല്‍ വാങ്ങാതെ രക്ഷപ്പെട്ടു..

1993 ഹീറോ കപ്പ് (വര്‍ഷം കൃത്യമാണൊ എന്നോര്‍മ്മയില്ല) - വെസ്റ്റ് ഇന്റീസുമായുള്ള മത്സരത്തില്‍ അടിച്ചു തകര്‍ത്തിരുന്ന ബ്രയാന്‍ ലാറയെ ബോള്‍ഡ് ആക്കിയത്. സ്റ്റമ്പ് കറങ്ങി കറങ്ങി പോയത് ഇപ്പോഴും ഓര്‍ക്കുന്നു. അത് പോലെ സൌത്ത് ആഫ്രിക്കയുമായുള്ള കളി. അവസാന ഓവറില്‍ ജയിക്കാന്‍ 6 റണ്‍സ് വേണ്ടപ്പോള്‍, അതും ബ്രയാന്‍ മക്മില്ലനെ പോലെ അപകടകാരിയായ ഒരു ഓള്‍‌റൌണ്ടര്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ ക്യാപ്റ്റന്‍ അസറിന് തന്റെ ബോളര്‍മാരെക്കാള്‍ വിശ്വാസം സച്ചിനെയായിരുന്നു. ആ വിശ്വാസം സച്ചിന്‍ കാത്തു..

കൊച്ചി - കേരളത്തില്‍ സച്ചിന്റെ ഒരു മിന്നുന്ന ബാറ്റിങ്ങ് കാണാന്‍ കാത്തിരുന്ന മലയാളികളെ നിരാശരാക്കി സച്ചിന്‍ നേരത്തെ പുറത്തായി. എന്നാല്‍ ഓസ്ട്രേലിയയ്‌ക്കെതിരെ നടന്ന ആ കളിയില്‍ സച്ചിന്‍ ഇന്ദ്രജാലം ബോള്‍ കൊണ്ട് കാണിച്ചു - 5 വിക്കറ്റ്!

സി.ബി. സീരിസ് - ഓസ്‌ട്രേലിയയെ തോല്‍‌പിക്കുക തന്നെ പ്രയാസം. അവരെ അവരുടെ മണ്ണില്‍ തോല്‍‌പിക്കുക എന്നത് അതിലേറെ പ്രയാസം. രണ്ട് ഫൈനലുകളിലും ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നെടുംതൂണായി നിന്ന് കപ്പ് നേടി തന്നത്..

ഹൈദരബാദ് - 350 എന്ന ഭീമന്‍ ടോട്ടലിന് മുന്നില്‍ പതറാതെ നിന്ന് പൊരുതി, 175 റണ്‍സും നേടി. ജയിക്കാന്‍ വേണ്ടതില്‍ പകുതി റണ്‍സ്. ബാക്കി പകുതി നേടാന്‍ പത്ത് പേര്‍ ഉണ്ടായിട്ടും നടന്നില്ല.. ജയിക്കാന്‍ വെറും 17 പന്തും 18 റണ്‍സും മാത്രം അകലെ അന്ന് സച്ചിന്‍ പുറത്താകുമ്പോഴും ഞാന്‍ വിശ്വസിച്ചിരുന്നു, ബാക്കിയുള്ളവര്‍ ഈ ജയം സച്ചിന് വേണ്ടി നേടിയെടുക്കുമെന്ന്..

ഇരുപത് വര്‍ഷമായി ഈ മനുഷ്യന്‍ ഇന്ത്യയ്‌ക്ക് വേണ്ടി കളിക്കുന്നു. 2011 ലോകകപ്പ് നേടാന്‍ സച്ചിന്‍ എന്തായാലും പൊരുതും. ടീമിലെ ബാക്കി 13 പേരും കൂടെ നിന്നാല്‍ മതിയായിരുന്നു..

29 സെപ്റ്റംബർ 2009

അപ്പുക്കുട്ടന്റെ ഡോബര്‍‌വുമണ്‍

സുന്ദരമായ ഗ്രാമം. തോടും പുഴയും നിറഞ്ഞ, നെല്‍‌പ്പാടങ്ങള്‍ സുന്ദരിയാക്കിയ, കരിമീനും വരാ‍ലും, ആടും പശുവും, താറാവും കോഴിയും, അവയെ തിന്നുന്ന പെരുമ്പാമ്പും ഉള്ള ഒരു ഗ്രാമം. ഒരു ടിപ്പിക്കല്‍ കുട്ടനാടന്‍ സെറ്റപ്പ്. ഈ കഥ നടക്കുന്നത് അവിടെയാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്..

ആ നാട്ടില്‍ ഒരു വലിയ തറവാടുണ്ടായിരുന്നു. അവിടുത്തെ ഒരു പാവം കൊച്ചുമിടുക്കനാണ് അപ്പുക്കുട്ടന്‍. ഇന്നത്തെ പോലെ ചെവിയില്‍ വെയ്‌ക്കാന്‍ അവനു മൊബൈല്‍ ഫോണ്‍ ഇല്ല, സമയം കൊല്ലാന്‍ കേബിള്‍ ടീവിയുമില്ല, ബ്ലോഗെഴുതാന്‍ ഇന്റര്‍നെറ്റ് കണക്ഷനുമില്ല. കക്ഷി ഒരു ഒന്നാന്തരം മൃഗസ്നേഹി ആയിരുന്നു. വീട്ടിലെ സകല വളര്‍ത്തുമൃഗങ്ങളും അവന് സ്വന്തം സഹോദരന്മാരെ പോലെയായിരുന്നു. ഒരു സഹോദരിയും ഉണ്ട് - അമ്മിണി എന്ന പശു. ഇവരോടൊക്കെ കുശലം പറഞ്ഞും, ഇവരുമായി കളിച്ചുമൊക്കെയാണ് അപ്പുക്കുട്ടന്‍ സമയം കളഞ്ഞിരുന്നത്.

ഇതൊന്നുമല്ലാതെ മറ്റൊരാള്‍ കൂടെയുണ്ട് നമ്മുടെ അപ്പുക്കുട്ടന്റെ ജീവിതത്തില്‍. തൊട്ടപ്പുറത്തെ വീട്ടിലെ മിനുമോള്‍. എന്നാല്‍ മിനുമോളുടെ കൈവശം ഉള്ള ഏഴ് മുയലുകളില്‍ ഒന്നിനെയാണ് അപ്പുക്കുട്ടന്റെ ലക്ഷ്യം എന്ന് അവന്റെ അമ്മ ആരോപിക്കാറുണ്ട്. ബട്ട്, അപ്പുക്കുട്ടന്‍ അത് സമ്മതിച്ച് തരില്ല. എന്റേതെന്നും മിനുമോള്‍ടേതെന്നും തമ്മില്‍ ഒരു വ്യത്യാസം ഇല്ലാ എന്നാണ് അപ്പുക്കുട്ടന്റെ സ്റ്റാന്റ്! ഇത്രയും ആയ സ്ഥിതിക്ക് ഒന്നൂടെ പറയണമല്ലോ.. അപ്പുക്കുട്ടന്‍ പഠിക്കുന്നത് മൂന്നാം ക്ലാസിലും മിനുമോള്‍ ഒന്നിലുമാണ്. ഒരേ സ്കൂള്‍, നാട്ടിലെ ഒരേയൊരു ഇംഗ്ലീഷ് മീഡീയം സ്കൂള്‍. ഇന്നത്തെ പോലെ അന്ന് ഒരുപാട് ഇംഗ്ലീഷ് മീഡിയം സ്കൂളുമില്ല..

കള്ളന്മാരുടെ സുവര്‍ണ കാലഘട്ടം! ഇന്നത്തെ പോലെ ബാങ്ക് ലോക്കറിനൊന്നും വലിയ പബ്ലിസിറ്റി കിട്ടിയിട്ടില്ല. ആളുകള്‍ സ്വര്‍ണ്ണവും പണവും സൂക്ഷിച്ച് വെച്ചിരുന്നത് വീടുകളില്‍ തന്നെ. അന്ന് വീടുകളില്‍ നാടന്‍ പട്ടി മാത്രമാണ് ഉള്ളത്. അല്‍‌സേഷ്യന്‍ എന്ന് കേട്ടാല്‍, സോറി അത് ഞാന്‍ കഴിക്കത്തില്ല എന്ന് പറയുന്ന നാട്ടുകാരുള്ള സ്ഥലമാണ്. പട്ടിയുള്ള വീടുകള്‍ തന്നെ കുറവ്. അതുകൊണ്ട് കള്ളന്മാര്‍ക്ക് മോഷണം എന്ന് വെച്ചാല്‍ പൂ പറിക്കുന്ന പോലെയെ ഉള്ളൂ.. വെട്ടോം വെളിച്ചോം ഇല്ലാത്ത ഒരു വീട്ടില്‍ ചെന്ന് അവിടുത്തെ ചേച്ചിയോട് ഭര്‍ത്താവിന്റെ ശബ്ദത്തില്‍ സംസാരിച്ച് സ്വര്‍ണ്ണം കൊണ്ടുപോയ കഥ വരെയുണ്ട്! പെരുകി വരുന്ന കള്ളന്മാരുടെ ശല്യം മുന്‍‌കൂട്ടി കണ്ടത്കൊണ്ട് അപ്പുക്കുട്ടന്റെ അച്ചന്‍ രാഘവേട്ടന്‍ അത്യാവശ്യം പണം മുടക്കി ഒരു സംഗതി സ്വന്തമാക്കി - ഒരു ഡോബര്‍മാന്‍. കക്ഷി അല്പം ബിസിനസ് മൈന്റഡ് ആയത്കൊണ്ട് ഒരു പെണ്‍‌ഡോബര്‍മാനെയാണ് വാങ്ങിയത്. അതിനെ ഗൌരി എന്ന് പേരിട്ട് വിളിച്ചു.

ഗൌരി വന്നതോടെ അമ്മിണിയും സുന്ദരിയുമൊക്കെ ഔട്ട് ഓഫ് അപ്പുക്കുട്ടന്‍സ് ടെറിട്ടറി! അപ്പുക്കുട്ടന്‍ ഗൌരി, ഗൌരി അപ്പുക്കുട്ടന്‍. അവര്‍ ഒരു പാത്രത്തില്‍ ഉണ്ടില്ല, ഒരു പായില്‍ ഉറങ്ങിയില്ല.. കാരണം അത് രണ്ടും അപ്പുക്കുട്ടന്റെ അമ്മ സമ്മതിച്ചില്ല. എങ്കിലും അവര്‍ പരസ്പരം സ്നേഹിച്ചു. സ്കൂള്‍ വിട്ടാല്‍ അപ്പുക്കുട്ടന്‍ ഒരോട്ടമാണ്. അഞ്ച് മിനിറ്റ് നടന്ന് വീടെത്താവുന്ന ദൂരത്താണ് സ്കൂള്‍. മിനുമോളുമായി കിന്നാരം പറഞ്ഞ് പതിനഞ്ച് മിനിറ്റ് ആണ് സാധാരണ എത്തുന്ന സമയം. പക്ഷെ ഇപ്പോള്‍ ലാസ്റ്റ് ബെല്ലടിച്ചാല്‍ ആ സെക്കന്റില്‍ അപ്പുക്കുട്ടന്‍ ഓടും. വന്ന് വന്ന് മിനുമോള്‍ ഒറ്റയ്‌ക്കാണ് വരവ്. അതില്‍ അവളുടെ അമ്മയ്ക്ക് പരാതി ഉണ്ട്.

ഒരു ദിവസം മിനുമോള്‍ കഷ്ടപ്പെട്ട് അപ്പുക്കുട്ടന്റെ ഒപ്പമെത്തി.

“ഒന്ന് പതുക്കെ പോ അപ്പുച്ചേട്ടാ”
“മിനുമോളെ, ഗൌരിക്ക് പാല് കൊടുക്കണം” ഓടുന്ന വഴി അപ്പുക്കുട്ടന്‍ പറഞ്ഞു.
“നിക്ക്, നിക്ക്.. ഒരു കാര്യം പറഞ്ഞോട്ടെ..”
അപ്പുക്കുട്ടന്‍ നിന്നു. “ഊം.. എന്താ മിനുമോളെ?”
“ഗൌരി കള്ളനെ പിടിക്കുവോ?”
“പിടിക്കുവോന്നോ?? ഇനി കള്ളന്‍ ഈ വഴിക്ക് വരില്ല.”
“ഇന്നലെ എന്റെ അച്ചന്‍ പറഞ്ഞു”
“എന്ത് പറഞ്ഞു?”
“അതേയ്.. അമ്മ ചോയിച്ചു, നമുക്കും ഗൌരിയെ പോലെ ഒരു പട്ടിയെ വാങ്ങാന്ന്.. അപ്പോ അച്ചന്‍ പറഞ്ഞല്ലോ”
“എന്ത് പറഞ്ഞു? അത് പറ മിനുമോളെ”
“ഗൌരി ഭയങ്കരിയാ.. ഡോവര്‍മാനാ.. കടിച്ച് ശരിയാക്കും. വലിയ വിലയാ എന്നൊക്കെ.”
“ആ.. അതൊക്കെ ശരിയാ.. ഗൌരി ഭയങ്കരിയാ..”
“അപ്പുച്ചേട്ടാ..”
“ഊം..”
“അപ്പുച്ചേട്ടന്റെ ഗൌരി ആണോ, പെണ്ണോ?”
“മണ്ടൂസേ.. ആണായാല്‍ ഗൌരീന്ന് പേരിടുവോ?”
“ഇന്ന് സ്കൂളില്‍ ടീച്ചര്‍ പറഞ്ഞല്ലോ..”
“എന്ത് പറഞ്ഞു?”
“സയന്‍സ് ക്ലാസില് ടീച്ചര്‍ പറഞ്ഞല്ലോ”
“എന്ത് പറഞ്ഞു? മിനുമോളെ, അത് പറ..”
“ആണാണേല്‍ മാന്‍, പെണ്ണാണേല്‍ വുമന്‍ ആണെന്ന്”
“അതേല്ലോ.. അതിന്??”
“അപ്പോ പിന്നെങ്ങനാ അപ്പുച്ചേട്ടന്റെ ഗൌരി ഡോവര്‍മാനാകുന്നേ? ഡോവര്‍വുമനല്ലേ?”
“അയ്യോടാ.. അത് ശരിയാണല്ലൊ.. അപ്പോ ഗൌരി ഡോബര്‍വുമണാ”
“അപ്പുച്ചേട്ടോ..”
“എന്താ മിനുമോളെ?”
“ഞങ്ങടെ വീട്ടില്‍ കള്ളന്‍ വന്നാലോ?”
“വരില്ല. ഗൌരി ഇല്ലേ അവിടെ.”
“ഗൌരി അപ്പുച്ചേട്ടന്റെ വീട്ടിലല്ലേ? എങ്ങനെ വരും.. വേലിയുണ്ടല്ലൊ..”
“അതൊക്കെ ഞാനേറ്റു. ഒരു സൂത്രമുണ്ട്.”
“അതെന്തുവാ?”
“വേലീല് ഞാനൊരു തൊളയിട്ടിട്ടുണ്ട്..”
പെട്ടെന്നാണ് അപ്പുക്കുട്ടന്‍ ആ കാര്യം ഓര്‍ത്തത്. “മിനുമോളെ, വേഗം വാ.. ഗൌരിക്ക് പാല് കൊടുക്കണം” എന്നും പറഞ്ഞ് അവനോടി. മിനുമോള്‍ അവന്റെ പിന്നാലെയും.

കാ‍ലം കടന്നു പോയി. ഇപ്പോള്‍ അപ്പുക്കുട്ടന്റെ വീടും പരിസരവും മാവേലി നാടു വാണീടും കാലം പോലെ ആയിക്കഴിഞ്ഞിരുന്നു. കള്ളന്മാര്‍ പോയിട്ട് പിച്ചക്കാര്‍ പോലും ആ വഴി വരാന്‍ ധൈര്യപ്പെട്ടില്ല. കാരണം ഒന്ന് മാത്രം - ഗൌരി. ഗൌരിയെ പറ്റി പറയാന്‍ ആ ഏരിയയിലെ ഏതൊരാള്‍ക്കും നൂറു നാവാണ്. ചില സാമ്പിള്‍സ്:
“ഗൌരി.. ഹൊ! അതൊരു പട്ടി തന്നെയാണോ? എന്താ അതിന്റെ ബുദ്ധി..! രാഘവേട്ടന്‍ ആ വളവ് തിരിയുമ്പോ അവള്‍ക്കറിയാം. ഓടിച്ചെന്ന് ഗെയിറ്റിന്റെ അടുത്ത് നില്‍ക്കും. അത്ര സ്നേഹമാ”, അപ്പുക്കുട്ടന്റെ നേരെ മുന്നിലുള്ള വീട്ടിലെ ബാലന്‍ ചേട്ടന്റെ കമന്റ്.
“ഗൌരി.. ഞങ്ങടെ കൂട്ടുകാരിയാ.. ഒരു പ്രവശ്യം പന്ത് തോട്ടില്‍ പോയപ്പോ അവള്‍ ചാടി ചെന്ന് അത് എടുത്തു. ബോളും കടിച്ച് അവള്‍ നീന്തി വരുന്നത് കാണാന്‍ തന്നെ രസമാ”, അയലത്തെ സണ്ണിക്കുട്ടിയ്ക്കും കൂട്ടുകാര്‍ക്കുമാണ് ഗൌരിയോട് ഇത്ര സ്നേഹം.
“ഗൌരി. അവള്‍ വന്നതോടെ ഈ വഴി അമ്പലത്തില്‍ പോക്ക് സുഖമായി. മുമ്പ് കണ്ട തെരുവ് പട്ടികളൊക്കെ ഈ വഴിക്കല്ലാരുന്നോ പൊറുതി? ഇപ്പൊ ഒറ്റയൊരെണ്ണത്തിനെ കാണാനില്ല.”, വളപ്പിലെ ഭവാനിയമ്മൂമ്മയ്ക്ക് ഇതില്‍ പരം സന്തോഷമുണ്ടോ?
“ശ്..ശ്.. രണ്ട് ദിവസം മുമ്പ് രാത്രി അറിയാതെ ആ വഴി ഒന്ന് പോയി. ദൈവമേ.. ഭാഗ്യത്തിനാ പിടിക്കപ്പെടാഞ്ഞെ..” ഒരു കള്ളന്റെ രഹസ്യമായ വെളിപ്പെടുത്തല്‍!

പക്ഷെ അപ്പുക്കുട്ടന് അത്ര സന്തോഷമൊന്നുമില്ല. ഒന്നാമത്, ഗൌരിക്ക് എന്തോ സാരമായ പ്രശ്നം. പഴേപൊലെ ഓട്ടവും ബഹളവും ഒന്നുമില്ല. സാധാരണ ഡോബര്‍മാന് ഒട്ടും വണ്ണമില്ലാത്തതാണ്. പക്ഷെ കുറച്ച് ദിവസമായി ഗൌരിയ്ക്ക് തടി വെക്കുന്നുണ്ടോ എന്നൊരു സംശയം. രണ്ട്, മിനുമോള്‍ അവളുടെ അമ്മുമ്മയുടെ വീട്ടില്‍ പോയി. ഇനി ഒരാഴ്ച്ക കഴിഞ്ഞേ വരു.

അന്ന് രാത്രി അപ്പുക്കുട്ടന്‍ അവന്റെ അമ്മയും അച്ചനും തമ്മിലുള്ള ഒരു സംസാരം കേള്‍ക്കാനിടയായി.

“അതേയ്.. ചേട്ടാ. എനിക്കൊരു കാര്യം പറയാനുണ്ട്”
“ഊം.. എന്താ?”
“നമ്മുടെ ഗൌരിക്ക് എന്തോ അസുഖമുണ്ടെന്ന് ഒരു സംശയം.”
“അതെന്നാടീ?”
“ഓ.. അവള്‍ക്ക് പഴേ ഉഷാറില്ലാന്നെ..”
“നിന്റെ തോന്നലാ”
“അല്ല. മാത്രമല്ല. അവളിപ്പോ പഴേ പോലെ കള്ളന്മാരെ ഒന്നും വിരട്ടുന്ന ലക്ഷണമില്ല.”
“എന്തേ? ഇവിടെ കള്ളന്‍ കേറിയോ?”
“ഇല്ല. പക്ഷെ അടുത്ത വീട്ടിലൊക്കെ മോഷണം നടക്കുന്നുണ്ട്.”
“ഞാനൊന്നും കേട്ടില്ലല്ലോ.”
“സ്വര്‍ണ്ണോം പണോം ഒന്നുമല്ല. കോഴീം താറാവുമൊക്കെയാ പോയത്.”
“ഓ.. അതാണോ പട്ടിക്ക് പ്രശ്നം?”
“അതല്ലന്നേ.. ഞാന്‍ പറഞ്ഞില്ലേ? പഴയ ഉഷാറില്ല, എപ്പോഴും ഒരു ഉറക്കം‌തൂങ്ങിയ മട്ടാ.”
“വല്ലോം ഒത്തോടീ?”
“എന്ത് ഒത്തോന്ന്?”
“അവള്‍ക്ക് എന്തെങ്കിലും മാറ്റം?”
“ആ.. തടിച്ച് വരുന്നുണ്ട്. അത് കൊണ്ടാ അനങ്ങാന്‍ വയ്യാത്തെ.”
“ഇതത് തന്നെ. കോളടിച്ചു മോളേ”
“എന്തുവാ മനുഷ്യാ ഈ പറയുന്നേ?”
“എടീ, ഒരു ഡോബര്‍മാന്‍ കുഞ്ഞിന് എന്താ വില എന്നറിയുവോ?”
“ഓ... എന്ന്..”
“ഏതായാലും ഞാന്‍ നാളെ ആ മൃഗഡോക്ടറെ ഒന്ന് വിളിച്ചോണ്ട് വരാം”

അപ്പുക്കുട്ടന്‍ ഗൌരിയെ തന്നെ ആലോചിച്ച് കിടന്നു. കുറേ നേരം കഴിഞ്ഞു. എന്തോ ശബ്ദം. അവന്‍ പതിയെ ജനലിന്റെ കുറ്റി മാറ്റി ചെറുതായി അത് തുറന്നു. എന്നിട്ട് പുറത്തേക്ക് നോക്കി. ഗൌരി അവിടെ എന്തിനോടോ മല്‍‌പിടുത്തം നടത്തുന്ന പോലെയുണ്ട്. വല്ല എലിയോ, പെരുച്ചാഴിയോ ആവും. അപ്പുക്കുട്ടന്‍ ജനലടച്ചു കിടന്നു.

പിറ്റേന്ന് രവിലെ അവന്‍ എഴുന്നേല്ക്കുമ്പോള്‍ വാതില്‍ക്കല്‍ ആരുടെയോ ശബ്ദം കേട്ടു. അവന്‍ അങ്ങോട്ട് ചെന്നു. അവിടെ മൃഗഡോക്‍ടര്‍ അവന്റെ അച്ചനോട് എന്തോ സംസാരിക്കുകയാണ് .

“.......ങ്ങള്‍ കരുതുന്ന പോലെ ഈ പട്ടി പ്രെഗ്നന്റ് ഒന്നുമല്ല. പ്രശ്നം ഓവര്‍ വെയിറ്റ് ആണ്. ഞാന്‍ ചില എക്സര്‍സൈസുകള്‍ പറഞ്ഞ് തരാം...” പിന്നെ അവന്റെ അമ്മയുടെ നേരെ തിരിഞ്ഞ് അയാള്‍ തുടര്‍ന്നു, “.. പട്ടിക്ക് ഇനി അധികം ആഹാരം കൊടുക്കണ്ട. നിങ്ങള്‍ ഇങ്ങനെ തീറ്റിച്ചാല്‍ അതിനു തന്നെയാണ് കേട്.”

എന്തോ ആലോചിച്ച പോലെ അപ്പുക്കുട്ടന്‍ നേരെ പറമ്പിലേക്ക് ഓടി. തലേന്ന് ഗൌരി നിന്ന സ്ഥലമായിരുന്നു അവന്റെ ലക്ഷ്യം. ഒരല്പം കാടു പിടിച്ചു നിന്ന ആ ഭാഗത്ത് അവന്‍ കണ്ടു - കുറച്ച് എല്ലും പൂടയും, വെളുത്ത പൂട. അവന്‍ നേരെ മിനുമോള്‍ടെ വീട്ടിലേക്ക് ഓടി. മുയല്‍ക്കൂട്ടില്‍ ഒരാഴ്‌ച കഴിക്കാനുള്ള ഇലയും മറ്റും കിടപ്പുണ്ടായിരുന്നു. എന്നാല്‍ ഒരൊറ്റ മുയല്‍ പോലും ഉണ്ടായിരുന്നില്ല..! ഗൌരിയുടെ കുര അവന്റെ കാതില്‍ മുഴങ്ങി..

02 ജൂലൈ 2009

മഴ തോരുമ്പോള്‍..

പുറത്ത് മഴ പെയ്യുകയാണ്. മഴ എന്ന് പറഞ്ഞാല്‍ അതിഘോരമായ മഴ. ദാ.. ന്ന് പറയുന്നതിന് മുമ്പ് വീടിന് മുന്നില്‍ ഒരു ചെറിയ കുളം രൂപപ്പെട്ടു. അവന്‍ വരാന്തയില്‍ വളരെ വിഷാദത്തോടെ തകര്‍ത്ത് പെയ്യുന്ന മഴയെ നോക്കി നിന്നു. കുറച്ച് കഴിഞ്ഞ് ആകാശത്തേക്ക് ഒന്ന് നോക്കി.. ങേഹെ! ഇത് ഉടനെയൊന്നും തീരുന്ന കോളില്ല. അവന്റെ കഴിഞ്ഞ പിറന്നാളിന് അച്ഛന്‍ മേടിച്ച് കൊടുത്ത ചാരനിറത്തിലുള്ള ഷര്‍ട്ടിനെക്കാള്‍ ചാരനിറമാണ് ആകാശത്തിന്.

ഇന്നലെ അമ്മ വിളിച്ചതാണ്, കൂടെ ചെല്ലാന്‍. പോയില്ല. പോകേണ്ടതായിരുന്നു. അതെങ്ങനാ.. ഈ മഴപെയ്യുമെന്ന് ആരു കണ്ടു. ഒരു റിസ്ക് ഒഴിവാക്കാന്‍ ന്യൂസില്‍ കാലാവസ്ഥ കൂടെ കണ്ടതാണ്. “അടുത്ത നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത” എന്ന കാലാവസ്ഥകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് കേട്ടപ്പോള്‍ സമാധാനിച്ചതാണ്. പക്ഷെ പതിവിന് വിപരീതമായി അവന്മാരുടെ പ്രവചനം കേറിയങ്ങ് സത്യമായി!

അടുത്ത ബുധനാഴ്ച പരീക്ഷ തുടങ്ങും. നാളെയെങ്കിലും തുടങ്ങിയാലെ പഠിച്ച് തീരുകയുള്ളൂ. അമ്മയോട് പറയാന്‍ അതൊരു എസ്ക്യൂസ് ആയിരുന്നു. പക്ഷെ വിദ്യയോട് അതും പറയാന്‍ പറ്റില്ല. ശ്ശെ! അമ്മയുടെ കൂടെ പോയിരുന്നെങ്കില്‍ അവളെയെങ്കിലും കാണാമായിരുന്നു. ഇതിപ്പം അതും നടന്നില്ല, ഈ മഴ കാരണം ഒന്നും നടക്കുകയുമില്ല!

ഒന്ന് തോര്‍ന്നോ?? ഹേയ്.. ഇല്ല. വെറും തോന്നലാണ്. പുറത്ത് ചാടാന്‍ വെമ്പുന്ന മനസിന്റെ കള്ളത്തരം.. അവന്‍ വീണ്ടും വരാന്തയില്‍ നിന്നും പുറത്തേക്ക് നോക്കി. ആകാശത്തിന് മാറ്റമില്ല. മുറ്റത്ത് അമ്മയുടെ പൂച്ചെടികള്‍ക്കെല്ലാം പുതിയൊരു ഊര്‍ജം വന്ന പോലെ. ഉണങ്ങി കിടന്ന റോസ് ചെടി.. അയ്യോ! അത് പറഞ്ഞപ്പഴാ.. ടെറസ്സില്‍ ഉണങ്ങി കിടന്ന തുണിയെല്ലാം ഇപ്പോ നനഞ്ഞ് കാണും. പോകുന്നതിന് മുമ്പ് അമ്മ പറഞ്ഞതാണ്, തുണി ഉണങ്ങി കഴിയുമ്പോ എടുത്ത് അകത്തിടണമെന്ന്. പക്ഷെ മറന്ന് പോയി. അമ്മയിങ്ങ് വരുമ്പോഴേക്കും അത് ഉണങ്ങിയില്ലെങ്കില്‍ അതിന് ചീത്ത കേള്‍ക്കാം.

മഴ കുറയുന്ന ലക്ഷണമൊന്നുമില്ല. അവന്‍ വാച്ചില്‍ നോക്കി. അര മണിക്കൂര്‍ കൂടെ നോക്കാം. ഒരല്പം കുറഞ്ഞിരുന്നേല്‍ കുട പിടിച്ചായാലും പോകായിരുന്നു. ഇതിപ്പോ കുട പിടിച്ചാലും നനയും എന്ന അവസ്ഥയാണ്. ഉള്ള നേരത്ത് പാത്രം കഴുകി വെയ്ക്കാം. വന്നിട്ട് കഴുകാം എന്നാണ് ആദ്യം കരുതിയത്. മഴ പോകാത്ത സ്ഥിതിക്ക് ആ പണിയെങ്കിലും തീരട്ടെ. അമ്മയുടെ കൂടെ പോയിരുന്നെങ്കില്‍ ഒരു സദ്യ തരപ്പെട്ടേനെ. ദിവ്യച്ചേച്ചീടെ കല്ല്യാണം ഒഴിവാക്കരുതായിരുന്നു. ഇനി പറഞ്ഞിട്ടെന്ത് ഫലം?

അച്ഛന്‍ വരാന്‍ എന്തായാലും ഏഴ് മണിയാവും. അതിന് മുമ്പേ തിരിച്ച് വരാം. ഇവിടെ ഒറ്റയ്ക്കിരുന്നിട്ട് എന്ത് ചെയ്യാന്‍? മാത്രമല്ല ഇത് പോലൊരു ദിവസം ഇനി കിട്ടുകയുമില്ല. അടുത്ത ബുധനാഴ്ച പരീക്ഷ തുടങ്ങിയാല്‍ പിന്നെ ഒരു മാസം അതിന് പിറകെ ആയിരിക്കും. അത് കഴിയുമ്പോ ചിലപ്പോള്‍ മൂഡ് പോവും. കാര്യങ്ങള്‍ വെച്ച് താമസിപ്പിക്കരുതല്ലോ.. അതാണ് ഇന്ന് തന്നെ പോകണം എന്ന് തീരുമാനിച്ചത്. അപ്പോഴാണ് ഈ മഴ! ശ്ശൊ! എന്തൊരു കഷ്ടമാണ്. മഴയെ നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായേനെ. ചിലയിടത്തൊക്കെ മഴ പെയ്യിച്ചേനെ. “ചില സ്ഥലങ്ങളില്“ മഴയുടെ ആവശ്യം ഉണ്ട്.

സമയം 1.30. അമ്മ ഇപ്പോള്‍ ട്രെയിനില്‍ കയറി കാണും. അതോ ഇനി അമ്മായിയുടെ കൂടെ കാറിലായിരിക്കുമോ? അമ്മായീടെ ഒരു കാര്യം. മോള്‍ടെ കല്ല്യാണം ഗുരുവായൂര്‍ വെച്ച് നടത്തണമെന്ന് എന്താ ഇത്ര വാശി? പത്തിരുനൂറ് കിലോമീറ്റര്‍ ചുമ്മാ പോകണം. അത് കൊണ്ടാണല്ലോ എല്ലാരും ഇന്നലെ തന്നെ പോയത്. എന്റെ രണ്ട് ദിവസം പോകാതിരിക്കാന്‍ ഞാന്‍ പോയില്ല. അതിന് ഇനി വിദ്യ എന്തൊക്കെ പറയുമോ ആവോ..

അവന്‍ പിന്നേയും വരാന്തയില്‍ ചെന്ന് നിന്നു. ആകാശത്ത് ഒരു തെളിച്ചം. അവന്റെ മുഖത്തേക്കും അത് പടര്‍ന്നു. മഴ കുറയുന്നുണ്ട്. മണി രണ്ടായി. ഇവിടുന്ന് 20 മിനിറ്റ്. സാരമില്ല. ഷോ രണ്ടരയ്ക്കായിരിക്കും. അവന്‍ വാതിലും പൂട്ടി, കുടയുമെടുത്ത് ചാറ്റല്‍ മഴയത്ത് തീയറ്ററിലേക്ക് നടന്നു..

27 ഏപ്രിൽ 2009

ആന്‍ മേരി Decides to Cook

സംഭവം നടന്നത് കൊച്ചിയിലാണ്. പാലാരിവട്ടത്ത് നിന്ന് തമ്മനം പോകുന്ന വഴിയിലെ രാജാജി ഹൌസിങ്ങ് കോളനിയില്‍ ഹൌസ് നമ്പര്‍ 33ല്‍ ഈ കഴിഞ്ഞ ശനിയാഴ്ച രാത്രി ഒരു തീരുമാനം ഉണ്ടായി. എന്നിട്ടോ??

പാലായില്‍ നിന്നും ഇവിടെ വന്ന് താമസിക്കുന്ന മാത്യൂസിന്റെയും മേരിക്കുട്ടിയുടെയും ഒറ്റമകള്‍ ആന്‍ മേരിയാണ് ആ തീരുമാനമെടുത്തത്. വെക്കേഷന്‍ ആയത് കൊണ്ട് മമ്മിയെ ഒന്ന് സഹായിക്കാമെന്ന് കരുതി അടുത്ത ദിവസത്തെ പാചകം ചെയ്യാമെന്നാണ് ആനിന്റെ തീരുമാനം. രാത്രിയില്‍ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ജൂനിയര്‍ കണ്ടോണ്ടിരുന്ന മേരിക്കുട്ടിടേം മാത്യൂസിന്റേം സ്ഥലകാലബോധത്തെ തന്നെ എലിമിനേറ്റ് ചെയ്തോണ്ടായിരുന്നു ആന്‍ മേരിയുടെ പ്രഖ്യാപനം.

“എന്റെ അന്നക്കുട്ടീ, നീയെന്നതാ ഈ പറയുന്നേ? നിനക്ക് എന്നാ പാചകമറിഞ്ഞിട്ടാ?” ഞെട്ടലോടെ മാത്യൂസ് ചോദിച്ചു.

“ഡാഡ്.. ഞാന്‍ പറഞ്ഞിട്ടില്ല്യോ എന്നെ അന്നക്കുറ്റീന്ന് വിളിക്കണ്ടാന്ന്. കോള്‍ മീ ആന്‍.. ഇവെന്‍ അന്ന വില്‍ ബി ഫൈന്‍..പ്ലീസ്.. ഇനി വേണ്ട അന്നക്കുറ്റീ.. ഓഹ്.. പിന്നെ പാചകം.. ഈ ലക്കം വനിത കണ്ടില്ല്യോ? 20 ഡിഷസ് ഫോര്‍ ചില്‍ഡ്രണ്‍.. ഐ വില്‍ മേക്ക് ഇറ്റ്. മമ്മി വില്‍ ഹെല്‍‌പ് മീ.. ഐ ഹാവ് ഡിസൈഡെഡ് ദ മെനു. സീ.. അതിനായി ഈ സാധനങ്ങളൊക്കെ വേണം എനിക്ക്. ദാ ലിസ്റ്റ്.”

അവള്‍ നീട്ടിയ ആ വെള്ള പേപ്പര്‍ വാങ്ങി മേരിക്കുട്ടി ഓടിച്ച് നോക്കി. “കുറെയൊക്കെ ഇവിടൊണ്ട് മോളൂ.. ഇല്ലാത്തത് നമുക്ക് വാങ്ങാം. വീ വില്‍ ബൈ ഇറ്റ് റ്റുമോറോ.. പള്ളീന്ന് വന്നിട്ട് വാങ്ങാം. മമ്മീടെ മോള്‍ടെ കൈപുണ്യം ഒന്ന് നോക്കണമല്ലോ..”

“ഏടീ മേരീ, ഇത് വേണോ? ഈ പത്താം ക്ലാസ് കഴിഞ്ഞ പെണ്ണ് എന്നാ വെക്കാനാ? ഒരു നല്ല ഞായാറാഴ്ച ആയിട്ട് വല്ലോ സ്വാദോടെ കഴിക്കാന്‍ നീ സമ്മതിക്കുവേലേ?”

ആന്‍ മേരിയുടെ മുഖം ചുവന്നു. ദേഷ്യത്തോടെ അവളുടെ മുറിയില്‍ കയറി വാതില്‍ വലിച്ചടച്ചു.അതിന്റെ പവറില്‍ വാതിലിന്റെ മുകളിരുന്ന ഫാമിലി ഫോട്ടോ ദാ കിടക്കുന്നു താഴെ! മാത്യൂസും മേരിക്കുട്ടിയും മുഖത്തോട് മുഖം നോക്കി ഇരുന്നു.

“ദേ മനുഷ്യാ, മോളു ആദ്യമായിട്ടാ അടുക്കളേല്‍ കയറാമെന്ന് തന്നെ പറയുന്നെ. അവളായിട്ട് പറയുമ്പോ ഇങ്ങനെ ഞഞ്ഞാപിഞ്ഞാ പറയാവോ? നാളെ ഒരു ദിവസം നമുക്ക് അവള്‍ടെ പാചകം നോക്കാംന്ന്. പെങ്കൊച്ചല്ല്യോ.. ഇതൊക്കെ പഠിക്കേണ്ട സമയത്ത് പഠിക്കണം. ഇല്ലേല്‍ ഭാവിയില്‍ അവള്‍ടെ കെട്ടിയോന്‍ കഷ്ടപ്പെടും. 21ലെ പ്രിയേടെ ഹസ്ബന്റ് മനുവിന്റെ ഗതി വരും, മൂന്ന് നേരം നൂഡില്‍‌സാ ആ ചെക്കന്‍ കഴിക്കുന്നേ..”

മാത്യൂസ് ഒന്നാലോചിച്ചു. ഒരുകണക്കിന് മേരി പറയുന്നതാ അതിന്റെ ശരി. അന്നക്കുട്ടി പഠിക്കട്ടെ. ഇത്രനാളും അവളുടെ ഒരു താത്പര്യത്തിനും എതിരു നിന്നിട്ടില്ല. എന്നിട്ട് ഇതിന് എതിര് നിക്കാവോ? ഇല്ല. അപ്പോ നാളെ ലഞ്ച് അന്നക്കുട്ടീടെ കൈ കൊണ്ട്. കര്‍ത്താവേ, അതിഥികളാരും കയറി വരല്ലേ..!

*** *** ***

“ഹലോ മാത്യൂസേട്ടോ.. ഹൌ ആര്‍ യൂ? എങ്ങോട്ടാ? ”

“ഹല്ലാ.. മനുവോ.. എടാ ഊവ്വെ ഞാന്‍ ഒന്ന് കടേലോട്ടാ.. പള്ളീന്ന് വന്നിട്ട് അവിടെ അമ്മേം മോളും കൂടെ അടുക്കളേല്‍ കേറീട്ടുണ്ട്. ഇന്ന് അന്നക്കുട്ടിയാ പാചകം. കുറെ സാധനം വാങ്ങാനുണ്ട്. ദേ കണ്ടില്ലേ ലിസ്റ്റ്!”

“ഈശ്വരാ ഇതെന്ത് വോട്ടേഴ്സ് ലിസ്റ്റോ? കുറെയുണ്ടല്ലോ! അതിരിക്കട്ടെ, എന്താ മെനു?”

“ഒന്നും പറയേണ്ടെടാ.. വനിതേലോ മറ്റോ കണ്ട ഏതാണ്ട് കുന്തമാണ്. വായിക്കൊള്ളുന്ന പേരൊന്നുമല്ലാന്ന്.. ഞാന്‍ ചെല്ലട്ടെ. താമസിച്ചാല്‍ അത് മതി അന്നക്കുട്ടിക്ക്.”

“ആയിക്കോട്ടെ മാത്യൂസേട്ടാ..” മനു പറഞ്ഞു, എന്നിട്ട് അകത്തേക്ക് വിളിച്ച് പറഞ്ഞു, “കണ്ടോ മോളെ കൊച്ചുപിള്ളേര് തുടങ്ങി കുക്കിങ്ങ്. നിന്റെ കൈ കൊണ്ട് നൂഡില്‍‌സ് അല്ലാതെ എന്തേലും കിട്ടുവോ ആവോ!”

“ദേ.. എന്തെങ്കിലും പറയാനുണ്ടേല്‍ മനുവിന് അകത്ത് വന്ന് നിന്ന് പറഞ്ഞാല്‍ പോരെ? റോഡില്‍ കൂടെ പോകുന്നവരെ മുഴുവന്‍ കേള്‍പ്പിക്കുന്നതെന്തിനാ?” പ്രിയ അകത്ത് നിന്നും പറഞ്ഞു.

“എന്റെ കൊച്ച് അങ്ങനെയെങ്കിലും വല്ലതും ഉണ്ടാക്കി തരുമെന്ന് മോഹിച്ചു പോയെടോ ഞാന്‍.”

“അയ്യാ.. അങ്ങനെ കളിയാക്കുകയൊ.....”

നാളുകള്‍ക്ക് ശേഷം മനുവും പ്രിയയും വഴക്കിട്ടത് അന്നാണ്. അതിഘോരമായ വഴക്ക്. ഒരു ചെറിയ തമാശയില്‍ തുടങ്ങി പിന്നെ പിന്നെ വളര്‍ന്ന് വലുതായി വാക്കുതര്‍ക്കമായി അടിപിടിയില്‍ എത്താന്‍ വരെ സാധ്യതയുള്ള ആ വഴക്ക് അവിടെ നടക്കട്ടെ. നമുക്ക് കടയിലേക്ക് ചെല്ലാം. അവിടെ മാത്യൂസ് ആ നെടുങ്കന്‍ ലിസ്റ്റ് കടക്കാരന് കൈമാറിയ ശേഷം റോഡിലൂടെ അതിവേഗം പോയ ഒരു ടിപ്പര്‍ ലോറിയില്‍ നോക്കി നില്‍ക്കുകയാണ്. “എന്റമ്മോ.. എന്തൊരു സ്പീഡ്..!”

“അത് നിങ്ങടെ കോളനിയുടെ പടിഞ്ഞാറുള്ള ആ ചതുപ്പ് നികത്താന്‍ വേണ്ടി പോകുന്നതാണ്. അറിഞ്ഞില്ലാരുന്നോ, അവിടെ മൂന്ന് ഫ്ലാറ്റുകള്‍ വരാന്‍ പോകുന്നു.” കടക്കാരന്‍ മാത്യൂസിന് മറുപടി നല്‍കി.

പക്ഷെ മൂന്ന് ഫ്ലാറ്റുകളുടെ കാര്യമൊന്നും മാത്യൂസിന്റെ മനസില്‍ ഉണ്ടായിരുന്നില്ല. കടയില്‍ വരുമ്പോള്‍ സഞ്ചി എടുക്കാതിരുന്നതില്‍ സ്വയം പഴിക്കുകയായിരുന്നു അയാള്‍. കുറച്ചേ ഉള്ളൂ എന്ന് കരുതി ഇപ്പോ സംഗതി പ്രശ്നമാണ്. രാവണപ്രഭുവിലെ മോഹന്‍‌ലാലിന്റെ ഡയലോഗാണ് മാത്യൂസിന് ഓര്‍മ്മ വന്നത് - കേസാക്കത്തില്ല, തമാശയ്ക്ക് തുടങ്ങിയതാ എന്നൊക്കെ പറഞ്ഞ് സംഗതി സീരിയസ് ആയ പോലെ - ഇഞ്ചി നൂറ്, മുട്ട ആറ് എന്നൊക്കെ പറഞ്ഞ് തുടങ്ങിയിട്ട് ഇപ്പോ ദേ രണ്ട് വലിയ കവര്‍ അങ്ങ് നിറഞ്ഞു. ഇതറിഞ്ഞിരുന്നേല്‍ കാറെടുത്തേനെ എന്ന് ഒരു ആത്മഗതം നടത്താന്‍ മാത്രമേ മാത്യൂസിന് കഴിഞ്ഞുള്ളൂ. ഏകദേശം നിറഞ്ഞ് തുളുമ്പുന്ന രണ്ട് വലിയ “പേപ്പര്‍ ബാഗും” കൈയ്യിലേന്തി മാത്യൂസ് വീട്ടിലേക്ക് നടന്നു.

ഈ സമയം ഹൌസ് നമ്പര്‍ 21ല്‍ വഴക്ക് മൂത്ത് അതൊരു വെല്ലുവിളിയില്‍ എത്തിയിരുന്നു. ഭാര്യയോട് കലിച്ച് ടീവിയില്‍ അലക്ഷ്യമായി ചാനല്‍ മാറ്റിയിരുന്ന മനുവിന്റെ മുഖത്തേക്ക് സാധനങ്ങളുടെ ഒരു ലിസ്റ്റ് വന്നു വീണു. “പോയി മേടിച്ചോണ്ട് വാ.. എനിക്ക് പാചകം അറിയാമെന്ന് കാണിച്ച് തരാം. പതിനഞ്ച് മിനിറ്റിനുള്ളില്‍ സാധനങ്ങള്‍ ഇവിടെയെത്തിയില്ലെങ്കില്‍ ഞാന്‍ എന്റെ പാട്ടിന് പോകും പറഞ്ഞേക്കാം.” പ്രിയയുടെ അന്ത്യശാസനം മനുവിന്റെ കാതില്‍ മുഴങ്ങി. അതീവ ഭാര്യാസ്നേഹിയായ അവന്‍ ഒരു നിമിഷം പോലും പാഴാക്കാതെ തന്റെ കാറിന്റെ താക്കോലും എടുത്ത് ഓടി ചെന്ന് ഗെയ്റ്റും തുറന്ന് തിരിച്ച് വന്ന് കാറില്‍ കയറി വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. ഈ സമയം ആ വീടിന്റെ ഗെയ്റ്റിന് തൊട്ടരുകിലായി എത്തിയ മാത്യൂസിന്റെ കൈയ്യിലിരുന്ന ഒരു കവര്‍ കാര്യമായ ശബ്ദമൊന്നുമുണ്ടാക്കാതെ പൊട്ടുകയും അതിലുള്ള സാധനങ്ങള്‍ നേരെ താഴേക്ക് വീഴുകയും ചെയ്തു. വായില്‍ വന്ന സകല തെറികളും സ്വയം വിളിച്ച് മാത്യൂസ് സാധനങ്ങള്‍ കുനിഞ്ഞിരുന്ന് പെറുക്കിയെടുക്കാന്‍ തുടങ്ങിയതും ഗെയ്റ്റിനകത്ത് നിന്നും മനുവിന്റെ കാര്‍ വന്ന് പുള്ളിക്കാരനെ ചെറുതല്ലാത്ത രീതിയില്‍ ഒന്ന് തട്ടുകയും ഒരുമിച്ച് കഴിഞ്ഞു! റോഡിന് നടുക്കോട്ട് ഒരു ശബ്ദത്തോടെ തെറിച്ച് വീണ മാത്യൂസിന്റെ ദേഹത്തേക്ക് പുറകെ വന്ന ടിപ്പര്‍ കയറിയിറങ്ങുകയും ചെയ്തു.

അങ്ങനെ മകള്‍ ആദ്യമായി പാചകം ചെയ്യാന്‍ തീരുമാനിച്ചതിന്റെ പരിണിത ഫലമായി പാലാക്കാരന്‍ മാത്യൂസ് കര്‍ത്താവില്‍ അഭയം പ്രാപിച്ചു.

17 ഏപ്രിൽ 2009

വീണ്ടും കാല്‍‌പെരുമാറ്റം!

“എടാ കാലേ.. നീ എന്നാ വരുന്നേ? പുതിയ മുറിയും അന്തരീക്ഷവും നിനക്കായി കാത്തിരിക്കുന്നെടാ..”

ഓര്‍ക്കുട്ടില്‍ സുഹൃത്തിന്റെ സ്ക്രാപ്പ്. എന്നെ അവന്‍ വിളിച്ചത് കണ്ടില്ലേ.. “കാല്‍“ എന്ന്. ഏകദേശം ഒരു കൊല്ലം മുമ്പ് പറ്റിയ ഒരു മണ്ടത്തരത്തില്‍ നിന്നും കിട്ടിയതാണ് ഈ പേര്. അന്ന് എന്റെ സുഹൃത്ത് ജോബിയുടെ മൊബൈലിന്റെ റിങ്ങ്‌ടോണ്‍ കേട്ട് പേടിച്ച കഥ കോളേജ് മുഴുവന്‍ ഹിറ്റ് ആയപ്പോള്‍ ഏതോ ഒരുത്തന്‍ ഇട്ടു തന്നതാണ് ഈ പേര് - കാല്‍. ഓര്‍ക്കുമ്പോള്‍ തന്നെ നാണക്കേട്. പക്ഷെ അതിന് ശേഷം കുറച്ച് മെച്ചമുണ്ടായി. ധൈര്യം കൂടി. പ്രേതകഥകളിലുള്ള വിശ്വാസം നഷ്ടപ്പെട്ടു.

ഇപ്പോള്‍ ഞാന്‍ രണ്ടാം സെമെസ്റ്റര്‍ കഴിഞ്ഞ് വീട്ടിലാണ്. ഇനി സ്പെഷ്യലൈസേഷന്‍ തുടങ്ങുന്നു. അതിലും വലിയ വിശേഷം ഞങ്ങളുടെ ഹോസ്റ്റല്‍ മാറുന്നു എന്നതാണ്. കുറെപ്പേര്‍ ഇപ്പോള്‍ തന്നെ പുതിയ ഹോസ്റ്റലില്‍ എത്തി എന്നൊക്കെ വിളിച്ച് പറഞ്ഞു. ഞാനിന്ന് ഉച്ചയോടെ ഹോസ്റ്റലിലേക്ക് തിരിക്കും. ഹോസ്റ്റലിന് അടുത്ത് ഒരു ബീച്ചുണ്ട് എന്ന് ഒരു കൂട്ടുകാരന്‍ പറഞ്ഞു. സെമിത്തേരിയും ഉണ്ടെന്ന് അവന്‍ എന്നെ കളിയാക്കികൊണ്ട് പറഞ്ഞെങ്കിലും അത് ഞാന്‍ കാര്യമാക്കിയിട്ടില്ല.

----- ----- ----- ----- ----- -----

നല്ല സുന്ദരന്‍ ഹോസ്റ്റല്‍! ആദ്യത്തെ ഹോസ്റ്റലിന് വിപരീതമായി ചെടികളും മരങ്ങളും പൂക്കളുമൊക്കെയായി നല്ലൊരു അന്തരീക്ഷമാണ് പുതിയ ഹോസ്റ്റലില്‍. പിന്നെ കെട്ടിടം കുറച്ച് പഴയതാണ്. ഓടിട്ട കെട്ടിടം. അതാവാം, തണുപ്പുണ്ട് ഇവിടെ. പിന്നെ അടുത്ത് ബീച്ച് ഉള്ളതും നല്ല കാലാവസ്ഥയ്ക്ക് കാരണമാവാം. ശാന്തതയാണ് മറ്റൊരു പ്രത്യേകത. എല്ലാം കൊണ്ടും എനിക്ക് ചേരുന്ന അന്തരീക്ഷം. ബാക്കിയുള്ളവരെ പോലെ ഓടി നടന്ന് കളിക്കാനൊന്നും എനിക്ക് പറ്റില്ലല്ലോ. ഞാന്‍ സമയം കളയുന്നത് പുസ്തകങ്ങള്‍ വായിച്ചാണ്. പിന്നെ ആകെയുള്ള ഒരു സങ്കടം അധിക കാലം ഈ ഹോസ്റ്റലില്‍ നില്‍ക്കാന്‍ കഴിയില്ല എന്നതാണ്. ഏറിയാല്‍ ഒരു നാലു മാസം. അത് കഴിഞ്ഞാല്‍ പിന്നെ പ്രൊജക്ടും കാര്യങ്ങളുമൊക്കെയായി മറ്റെവിടെയെങ്കിലും ആയിരിക്കും ഞങ്ങള്‍.

സി - 24. അതാണ് ഞങ്ങളുടെ മുറിയുടെ നമ്പര്‍. മുറിയില്‍ ഒരു യേശുക്രിസ്തുവിന്റെ പടമുണ്ടായിരുന്നു. ഭിത്തിയില്‍ വരച്ചു വെച്ചത്. മനോഹരമായ ഒരു പടം.

“നമുക്ക് തരുന്നതിന് മുമ്പ് ഇവര്‍ മുറിയൊന്നും പെയിന്റെ ചെയ്തില്ലെന്ന് തോന്നുന്നു. കണ്ടില്ലെ, കര്‍ത്താവിന്റെ പടം. ആരോ വരച്ചതാണല്ലോ.“ രാത്രി ഞങ്ങള്‍ മൂന്ന് പേരും കൂടി ഇരിക്കേ ആ പടം ചൂണ്ടി ഞാന്‍ പറഞ്ഞു.

“കര്‍ത്താവായത് കൊണ്ടാ‍യിരിക്കും പെയിന്റര്‍മാര്‍ അത് മായ്ക്കാഞ്ഞത്. എന്തായാലും നല്ല പടമാ. വരച്ചവനെ സമ്മതിക്കണം” എന്റെ സഹമുറിയന്‍ ശ്രീക്കുട്ടന്‍ (ശ്രീകാന്ത് എന്നാണ് പേര്) പറഞ്ഞു.

“ശരിയാ. നമ്മളായിട്ട് ദൈവങ്ങളുടെ ഒന്നും ഫോട്ടൊ കൊണ്ടുവന്നില്ല. ഈ പടമായിക്കോട്ടെ ഇനി ദൈവം. പരീക്ഷയ്ക്ക് പോകുമ്പോള്‍ പ്രാര്‍ത്ഥിക്കാന്‍ ഒരു പടമായല്ലോ” മൂന്നാമന്‍ അജിയുടെ കമന്റ്.

ഞാന്‍ അതില്‍ സൂക്ഷിച്ച് നോക്കിയപ്പോള്‍ ഏറ്റവും താഴെയായി “ജോമോന്‍” എന്ന് വളരെ ചെറിയ അക്ഷരത്തില്‍ എഴുതിയത് കണ്ടു. ആ ജോമോനായിരിക്കും പടം വരച്ചത്. മുമ്പ് ഈ മുറിയില്‍ താമസിച്ചതായിരിക്കണം. ഹോസ്റ്റലിനടുത്ത് ഒരു കോളേജ് ഉണ്ട്. അതിന്റെ മെന്‍സ് ഹോസ്റ്റല്‍ ആയിരുന്നു ഈ കെട്ടിടം എന്ന് കേട്ടു. ആ കോളേജിന്റെയാണ് കെട്ടിടവും സ്ഥലവും. ഞങ്ങളുടെ കോളേജ് ഇത് ലീസിനെടുത്തിരിക്കുകയാണ്. ജോമോന്‍ ആ കോളേജില്‍ പഠിച്ചവനായിരിക്കും. ഏതായാലും നന്നായി വരച്ചിരിക്കുന്നു.

ഏകദേശം ഒരു മാസം കടന്ന് പോയി. ഇടയ്ക്കിടെ ബീച്ചിലൊക്കെ പോയി, ഹോസ്റ്റലിന്റെ ചുറ്റുമുള്ള തണല്‍ മരങ്ങള്‍ നിറഞ്ഞ പറമ്പിലൂടെ കറങ്ങി നടന്നും അത്യാവശ്യം പഠനവുമൊക്കെയായി ഞങ്ങള്‍ പുതിയ അന്തരീക്ഷവുമായി ഇണങ്ങി ചേര്‍ന്നു തുടങ്ങി. ഒരുകാര്യമൊഴികെ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല - മുറിയിലെ മണല്‍. എത്ര തൂത്താലും പോവാത്ത മണ്ണ്. മണ്ണ് മാത്രമല്ല പ്രശ്നം. ഞങ്ങള്‍ മൂന്ന് പേരെ ഇപ്പോള്‍ മറ്റ് ഹോസ്റ്റല്‍ നിവാസികള്‍ വിളിക്കുന്നത് “മണല്‍ മാഫിയ” എന്നാണ്. കാരണം എന്നും രാവിലെ ഞങ്ങള്‍ മുറി തൂക്കും. ഒരു ലോഡ് മണ്ണ് ഉണ്ടാവും എന്നും. ജോബിയും രാഹുലുമൊക്കെ ചോദിക്കും - ഞങ്ങടെയൊന്നും മുറിയിലില്ലാത്ത മണ്ണ് എങ്ങനെയാടാ നിങ്ങടെ മുറിയില്‍ വരുന്നത്?

ആയിടയ്ക്കാണ് ഹോസ്റ്റലിലെ പഴയ വാച്ച്മാന്‍ വന്നത്. അതൊരു ഞായാറാഴ്ച ആയിരുന്നു. പുള്ളിക്കാരന്‍ അടുത്തുള്ള പള്ളിയില്‍ പോയിട്ട് വരുന്ന വഴിയാണ്. ഞങ്ങളുടെ ഇപ്പോഴത്തെ വാച്ച്മാനുമായി സംസാരിച്ച് ഓരോ മുറികളിലായി കയറി കുട്ടികളെ ഒക്കെ കണ്ടാണ് കക്ഷിയുടെ വരവ്. ഞങ്ങളുടെ മുറിയിലുമെത്തി. ഞാനും അജിയും മാത്രമേ ഉണ്ടായിരുന്നുള്ളു. ശ്രീക്കുട്ടന്‍ റൂമിലെ ഒരു ലൈറ്റ് വര്‍ക്ക് ചെയ്യുന്നില്ല എന്ന കാര്യം പറയാന്‍ വാര്‍ഡന്റെ മുറിയില്‍ പോയിരിക്കുന്നു. പഴയ വാച്ച്മാന്‍ മുറിയിലേക്ക് കയറി വന്നു. എടാ കാലേ, എന്റെ കാല്‍ക്കുലേറ്റര്‍ ഈ മുറിയിലുണ്ടോ? എന്ന ചോദ്യവുമായി ജോബി മുറിയിലേക്ക് വന്നതും അപ്പോള്‍ തന്നെ. ഇല്ല എന്ന് പറഞ്ഞ ഞാനവനെ അയച്ചു.

“അതെന്താ കാല്‍ എന്ന് വിളിക്കുന്നത്?” വാച്ച്മാന്‍ ചോദിച്ചു.
“ഓഹ്.. അത് പിന്നെ.. വെറുതെയാന്നേ.. അങ്ങനെ പ്രത്യേകിച്ച് കാരണ...” ഞാന്‍ പറഞ്ഞൊഴിയാന്‍ ശ്രമിച്ചെങ്കിലും അജി ഇടയ്ക്ക് കയറി എന്റെ പഴയ കാല്‍‌പെരുമാറ്റം കഥ ആ വാച്ച്മാനോട് ഫ്ലാഷാക്കി. പുള്ളിക്കാരന്‍ അത് കേട്ട് ചിരിക്കാനും തുടങ്ങി.

പക്ഷെ, പെട്ടെന്ന് അയാളുടെ മുഖത്ത് ഒരു ഭാവമാറ്റം. പൊട്ടിച്ചിരിച്ചിരുന്ന മനുഷ്യന്‍ ഒരു നിമിഷം കൊണ്ട് മാറി. മുഖമൊക്കെ ഒന്ന് വിളറി. കണ്ണുകളില്‍ ഭയം എനിക്ക് കാണാമായിരുന്നു. അയാളുടെ നോട്ടം പിന്തുടര്‍ന്ന എന്റെ കണ്ണുകള്‍ ചെന്നു നിന്നത് കര്‍ത്താവിന്റെ മുഖത്താണ്. ഞങ്ങളുടെ മുറിയിലെ ഭിത്തിയില്‍ വരച്ചിരിക്കുന്ന ആ കര്‍ത്താവിന്റെ മുഖത്ത്.

“ആ പടം.. അത്.. അത്.. ആരാ അത് വരച്ചത്?” അയാള്‍ പതിയെ ചോദിച്ചു.
“ഓഹ് അതോ.. അത് ഞങ്ങള്‍ വരുമ്പോള്‍ തന്നെ ഇവിടെ ഉണ്ടല്ലോ.” ഞാന്‍ പറഞ്ഞു.
“തീര്‍ച്ചയാണോ? നിങ്ങളാരും വരച്ചതല്ലെന്ന് തീര്‍ച്ചയാണോന്ന്??” അയാളുടെ ശബ്ദത്തില്‍ ഒരു തരം ഭയം കലര്‍ന്നിരുന്നു.
“അതെ. എന്താ? എന്താ പ്രശ്നം?”ഞാന്‍ ചോദിച്ചു.
“അത് പിന്നെ.. ഈ പടം.. ഈ മുറി പെയിന്റ് ചെയ്തപ്പോള്‍.. ഇത് മായ്ച്ച് കളഞ്ഞതാണ്..”
“എന്ത്?” ഞാന്‍ ഞെട്ടി.
“കര്‍ത്താവേ.. ജോ.. അവന്‍ ഇനിയും പോയില്ലേ?” അയാള്‍ മന്ത്രിച്ചു.

----- ----- ------ ------ ------ ------

സമയം പുലര്‍ച്ചെ മൂന്ന് മണി. ഇത്രയും നേരമായിട്ടും ഞാന്‍ ഉറങ്ങിയിട്ടില്ല. ബാക്കി രണ്ടും പോത്തു പോലെ കിടന്നുറങ്ങുന്നു. ഇവന്മാര്‍ക്ക് എങ്ങനെ ഉറങ്ങാന്‍ കഴിയുന്നു? ആ വാച്ച്മാന് ഇങ്ങോട്ട് കെട്ടിയെടുക്കേണ്ട വല്ല ആവശ്യവുമുണ്ടോ? വന്നാല്‍ മിണ്ടാതിരുന്നാല്‍ പോരെ. ഇതിപ്പോ മനുഷ്യനെ ആകെ ഒന്ന് പേടിപ്പിച്ചിട്ടാണ് അയാള്‍ പോയിരിക്കുന്നത്. ഞാന്‍ അയാളുമായുള്ള സംഭാഷണം വീണ്ടും ഓര്‍ത്തു. അങ്ങേര് കഥ പറഞ്ഞ് തുടങ്ങിയപ്പോള്‍ തന്നെ അജി മുറിയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. ഞാനൊറ്റയ്ക്കാണ് മുഴുവനും കേട്ടത്. ജോമോന്‍ എന്ന കുട്ടിയെ പറ്റി. പഠിക്കാന്‍ മിടുക്കന്‍. നന്നായി പടം വരച്ചിരുന്നു. ബീച്ചില്‍ കുളിക്കാന്‍ പോയതാണ് ഒരിക്കല്‍. പിന്നെ തിരികെ വന്നില്ല. അവന്റെ മുറിയിലാണ് ഞങ്ങള്‍ ഇപ്പോള്‍ താമസം. ജോമോന്‍ മരിച്ചിട്ട് ഇപ്പോള്‍ ഏകദേശം ആറ് വര്‍ഷമാകുന്നു. അവന്റെ മരണത്തിന് ശേഷം ഏകദേശം നാലു മാസങ്ങള്‍ക്ക് ശേഷം തൊട്ടാണ് ഹോസ്റ്റലില്‍ പ്രശ്നങ്ങളുടെ തുടക്കം. പ്രശ്നങ്ങള്‍ എന്ന് പറയാമോ എന്നറിയില്ല. കടല്‍ത്തീരത്തെ മണല്‍ ഹോസ്റ്റലില്‍ കൂടുതലായി പ്രത്യക്ഷപ്പെട്ടു തുടങ്ങി. പിന്നെ രാത്രിയില്‍ ചില കുട്ടികള്‍ ദേഹം മുഴുവന്‍ മൂടിയ നിലയില്‍ നനഞ്ഞു കുതിര്‍ന്ന് പോവുന്ന ആരേയോ കണ്ടിട്ടുണ്ട്. രാത്രിയില്‍ അവ്യക്തമായ കാല്‍‌പെരുമാറ്റങ്ങളും ചിലപ്പോള്‍ ആരോ വാതിലില്‍ മുട്ടുന്നതായുമൊക്കെ കുട്ടികള്‍ക്ക് തോന്നിയിരുന്നു. സി-24ല്‍ പിന്നീട് ആരും താമസിച്ചിരുന്നില്ല. കുറച്ച് നാളുകള്‍ക്ക് മുമ്പ് കോളേജ് അധികൃതര്‍ ഈ ഹോസ്റ്റല്‍ മറ്റൊരു സ്ഥാപനത്തിന്, അതായത് ഞങ്ങളുടെ കോളേജിന്, ലീസിന് നല്‍കി. ജോമോന്റെ ആത്മാവ് ഈ മുറിയില്‍ ഉണ്ടെന്ന് വിശ്വസിക്കുന്നവര്‍ ഒരുപാടുണ്ട് എന്നും ആ പഴയ വാച്ച്മാന്‍ പറഞ്ഞു.

ഞാന്‍ ഈ കാര്യങ്ങളൊക്കെ എന്റെ സഹമുറിയന്മാരോട് പറഞ്ഞതാണ്. എന്നാല്‍ അതിന് ഇവന്മാര്‍ പുല്ലുവില നല്‍കിയില്ല. എന്നിട്ട് വൈകുന്നേരം ബീച്ചിലേക്ക് ഒരു ക്ഷണവും. സ്ഥിരമായി ഞങ്ങള്‍ ഒരാറേഴ് പേര്‍ പോകാറുള്ളതാണ്. ഒരുപാട് കാര്യങ്ങള്‍ക്ക് ചര്‍ച്ചാവേദിയായിരുന്നു ബീച്ച്. എന്നാല്‍ ഇന്ന് കഥകള്‍ കേട്ടതോടെ എനിക്ക് പോകാനുള്ള മൂഡ് പോയി. എല്ലാവന്മാരും കൂടെ പോയപ്പോളും ഞാന്‍ ഇവിടെ ഇരുന്ന് ജോമോനെ കുറിച്ച് തന്നെയായിരുന്നു ആലോചന. ശരിക്കും അങ്ങനെയൊരാത്മാവ് ഈ മുറിയിലുണ്ടോ? ഇവിടെ മണ്ണ് കൂടുതലാണെന്നുള്ള കൂട്ടുകാരുടെ കളിയാക്കലുകള്‍ക്കും ഞങ്ങള്‍ക്കുള്ള മണല്‍ മാഫിയ എന്ന പേരിനുമൊക്കെ പുതിയ അര്‍ത്ഥങ്ങള്‍ വന്നത് പോലെ.. ഏതായാലും എന്റെ ഉറക്കം പോയി. ഇവന്മാരോട് അസൂയ തോന്നുന്നു. എങ്ങനെ ഇതുപോലെ ഉറങ്ങാന്‍ കഴിയുന്നു. കാര്യമൊക്കെ ശരി. ജോമോന്റെ പ്രേതം ഇതുവരെ ആരേയും ഉപദ്രവിച്ചിട്ടില്ല. എങ്കിലും പ്രേതമല്ലേ.. എങ്ങനെ വിശ്വസിക്കും? പോരാത്തതിന് അവന്റെ മുറിയിലാണ് ഞങ്ങള്‍ താമസിക്കുന്നതും. മണ്ണ്, നനഞ്ഞു കുതിര്‍ന്ന ആള്‍, അവ്യക്തമായ കാല്‍‌പെരുമാറ്റങ്ങള്‍, രാത്രിയില്‍ വന്ന് വാതിലില്‍ മുട്ടുക.. ട്ടും ട്ടും ട്ടും.. ആരോ വാതിലില്‍ ശരിക്കും തട്ടിയോ? അതോ എനിക്ക് തോന്നിയതോ?

ട്ടും ട്ടും ട്ടും..... ട്ടും ട്ടും ട്ടും.....

അല്ല. എന്റെ തോന്നലല്ല. ആരോ വാതിലില്‍ മുട്ടിയിട്ടുണ്ട്. എനിക്ക് ഒറ്റയ്ക്ക് തുറക്കാന്‍ പേടിയാണ്. ഞാന്‍ കൂട്ടുകാരെ വിളിച്ചു. രക്ഷയില്ല. രണ്ടും എഴുന്നേല്‍ക്കാന്‍ ഒരു സാധ്യതയുമില്ല. വാതിലില്‍ തട്ട് രൂക്ഷമായി. ഞാന്‍ മെല്ലെ അജിയുടെ അടുത്തും ശ്രീക്കുട്ടന്റെ അടുത്തും ചെന്ന് തട്ടി വിളിക്കാന്‍ നോക്കി. അവന്മാര്‍ നിഷ്കരുണം തിരിഞ്ഞു കിടന്നു കളഞ്ഞു. വാതിലില്‍ മുട്ടുന്നത് നിന്നിരിക്കുന്നു. ഭയാനകമായ നിശബ്ദത. ഈ ശാന്തത എന്തിന്റെ മുന്നോടിയാണ്. ഞാന്‍ പതുക്കെ പതുക്കെ വാതിലിനടുത്തേക്ക് ചെന്നു. എന്റെ ചെവി വാതിലിനോട് ചേര്‍ത്തു വെച്ചു. ആരോ നടന്നകലുന്ന ശബ്ദം. നേര്‍ത്ത കാല്‍‌പെരുമാറ്റം. ഞാനാവുന്നത്ര ധൈര്യം സംഭരിച്ചു. വാതിലിന്റെ കൊളുത്ത് പതിയെ തുറന്നു. ഒരല്‍‌പം തുറന്ന് ഞാന്‍ എന്റെ തല മാത്രം പുറത്തേക്കിട്ട് നോക്കി. വരാന്തയിലെ കാലാവധി തീരാറായ ബള്‍ബിന്റെ നേര്‍ത്ത വെളിച്ചത്തില്‍ ഞാന്‍ കണ്ടു - ദേഹം മുഴുവന്‍ മൂടപ്പെട്ട നിലയില്‍, നനഞ്ഞു കുതിര്‍ന്ന ഒരു രൂപം നടന്നകലുന്നത്. ഒരുനിമിഷം. അറിയാതെ തന്നെ ഞാന്‍ മുറിക്ക് പുറത്തെത്തി. എനിക്കെന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ല. നാവൊക്കെ വരണ്ടുണങ്ങിയിരിക്കുന്നു. ആ രൂപത്തിനെ വിളിക്കണം എന്നുണ്ട്. പക്ഷെ ഒച്ച പൊങ്ങുന്നില്ല. എന്റെ തോളില്‍ ഒരു നനവ് പോലെ തോന്നുന്നു. ഞാന്‍ എന്റെ തോളില്‍ കൈ വെച്ചു. പക്ഷെ എന്റെ കൈ.. അത് തൊട്ടത് എന്റെ തോളിലല്ലായിരുന്നു. നനഞ്ഞു കുതിര്‍ന്ന മറ്റൊരു കൈ! ഞാന്‍ മെല്ലെ തിരിഞ്ഞു നോക്കി.

ഞാന്‍.. ഞാന്‍ എന്താണ് കാണുന്നത്? കുറച്ച് മുമ്പ് ഞാന്‍ നടന്ന് പോകുന്നതായി കണ്ട ആ രൂപം. അതെന്റെ തോളില്‍ കൈ വെച്ച് എന്റെ അടുത്ത്. എന്റെ തൊട്ടടുത്ത്. മുഖം അടക്കം മൂടിയിരിക്കുന്നു. അത്കൊണ്ട് മുഖം കാണാന്‍ കഴിയുന്നില്ല. ഞാന്‍ വേഗം തിരിഞ്ഞ് നോക്കി. നേരത്തെ ആ രൂപം നിന്ന ഭാഗത്ത് ഇപ്പോള്‍ ഒന്നുമില്ല. ശൂന്യത മാത്രം. ഒരലര്‍ച്ചയോടെ ഞാന്‍ ആ നനഞ്ഞ കൈ എന്റെ തോളില്‍ നിന്നും വിടുവിച്ചു, എന്നിട്ട് പുറകോട്ട് ചാടി. ആ രൂപം എന്റെ നേര്‍ക്ക് വന്നു. ബലമായി എന്നെ ഭിത്തിയോട് ചേര്‍ത്തു. അതിന്റെ മുഖം എന്റെ മുഖത്തിന് നേരെ കൊണ്ടുവരികയാണ്. ഭീതിയോടെ ഞാന്‍ എന്റെ കണ്ണുകള്‍ ഇറുക്കിയടച്ചു. എന്റെ ചെവിയില്‍ അതിന്റെ നിശ്വാസം ഞാനറിഞ്ഞു. അതെന്നോട് മെല്ലെ മന്ത്രിച്ചു -

“ഹാപ്പി ബര്‍ത്ത് ഡേ!”

അവിശ്വസിനീയതയോടെ ഞാനെന്റെ കണ്ണുകള്‍ തുറന്നു. എന്റെ മുന്നില്‍ നില്‍ക്കുന്ന രൂപം അതിന്റെ തലയില്‍ നിന്നും ആ നീളന്‍ തുണി മാറ്റി. അത് ജോബിയായിരുന്നു. വരാന്തയിലെ മറ്റ് ലൈറ്റുകളും അപ്പോള്‍ തെളിഞ്ഞു. മറ്റ് സുഹൃത്തുക്കള്‍ ഒരോരുത്തരായി അവരവരുടെ മുറിയില്‍ നിന്നും ഇറങ്ങി വരാന്‍ തുടങ്ങി. ഇതിനിടയില്‍ ഞാനാദ്യം കണ്ട രൂപം കൂടെ അങ്ങോട്ട് വന്നു. അവനും മുഖം‌മൂടി മാറ്റി. അത് എന്റെ സുഹൃത്ത് ശരത്തായിരുന്നു. “ഹാപ്പി ബര്‍ത്ത്‌ഡേ അളിയാ!” ഈ സമയം അജിയും ശ്രീക്കുട്ടനും കൂടെ അങ്ങോട്ട് വന്നു. വാ വന്ന് കേക്ക് മുറിക്ക്. എല്ലാ ഒരുക്കങ്ങളും ജോബിയുടെ മുറിയിലായിരുന്നു. സ്ഥിരം ശൈലിയില്‍ എന്നെ കേക്കില്‍ കുളിപ്പിച്ച ശേഷം മിച്ചം വന്നത് തിന്ന് ഓരോരുത്തരായി അവരവരുടെ മുറികളിലേക്ക് പോയിത്തുടങ്ങി. ഒടുവില്‍ ജോബിയും ശരത്തും അജിയും ശ്രീക്കുട്ടനും ഞാനും മാത്രമായി.

“നിന്റെ പിറന്നാള്‍ എങ്ങനെ ആഘോഷിക്കണം എന്നാലോചിച്ചപ്പോഴാ ഇന്ന് ആ നുണയന്‍ വാച്ച്മാന്‍ വന്ന് വേണ്ടാത്ത കഥകളൊക്കെ പറഞ്ഞ് നിന്നെ പേടിപ്പിച്ചത്. പിന്നെ ഞങ്ങള്‍ വൈകിട്ട് ബീച്ചിലിരുന്ന് ആസൂത്രണം ചെയ്തതാണ് ഈ പ്ലാന്‍. നിന്റെ പേടി മാറ്റുക എന്നൊരു ഉദ്ദേശ്യവുമുണ്ടായിരുന്നു.” അജി പറഞ്ഞു.
“എടാ.. അയാള്‍ പടത്തിന്റെ കാര്യമൊക്കെ പറഞ്ഞത്..?”
“പറഞ്ഞില്ലേ.. ആ വാച്ച്മാന്‍ ആള്‍ വലിയ ശല്യമാണ്. തരം കിട്ടിയാല്‍ നല്ല മുട്ടന്‍ കള്ളത്തരം പറയുന്നത് അങ്ങേരുടെ ഒരു ശീലമാണ്.” ജോബി പറഞ്ഞു.
“അതുകൊണ്ടാണ് അങ്ങേരെ ഇവിടുന്ന് പറഞ്ഞ് വിട്ടത്. നമ്മുടെ വാര്‍ഡന്‍ പറഞ്ഞതാണ് കേട്ടോ..”, ശ്രീ പറഞ്ഞു.
“അതെനിക്ക് നന്നായി അറിയാവുന്നതുകൊണ്ടാ അങ്ങേര് കഥ തുടങ്ങിയപ്പോള്‍ തന്നെ ഞാന്‍ സ്ഥലം വിട്ടത്. ഞാന്‍ നീ പണ്ടൊന്ന് പേടിച്ച കാര്യം അങ്ങേരോട് പറഞ്ഞു. ആ നേരത്ത് ഉണ്ടാക്കിയ പുളു ആയിരിക്കും നിന്നോട് പറയുക എന്ന് എനിക്കുറപ്പായിരുന്നു. അത് നിന്നെ പേടിപ്പിക്കുമെന്നും എനിക്ക് ഉറപ്പായിരുന്നു. അപ്പോള്‍ തന്നെ തീരുമാനിച്ചതാ ഇന്ന് രാത്രി നിനക്ക് പണി തരുമെന്ന്” അജി പറഞ്ഞു.
“കാര്യങ്ങള്‍ എല്ലാം ശരിയാക്കാന്‍ കുറച്ച് സമയം എടുത്തു. അല്ലെങ്കില്‍ കൃത്യം പന്ത്രണ്ട് മണിക്ക് തന്നെ നിന്നെ ഞങ്ങള്‍ പൊക്കിയേനെ..” ശരത്ത് പറഞ്ഞു.
“ഏതായാലും കൊള്ളാം. ഒരപേക്ഷയുണ്ട്. ഈ കഥയും നിങ്ങള്‍ നാളെ തന്നെ ഫ്ലാഷ് ആക്കണം. കാല്‍ എന്ന ആ പേര് അങ്ങനെയെങ്കിലും ഒന്ന് മാറിയാല്‍ മതിയാരുന്നു..” ഞാന്‍ പറഞ്ഞു. എന്റെ വാക്കുകള്‍ക്ക് ചിരിയായിരുന്നു അവന്മാരുടെ മറുപടി.

01 ഏപ്രിൽ 2009

ഒരു പുഞ്ചിരിയുടെ കഥ

ടിക്കറ്റ് എടുത്ത് ട്രെയിനിന് നേരെ ഓടികൊണ്ടിരിക്കവേ നീതു തന്റെ മൊബൈലില്‍ അച്ചന്റെ നമ്പര്‍ എടുക്കുകയായിരുന്നു.
“എടീ, അത് പിന്നെ നോക്കാം. വേഗം വാ. ഇപ്പോ വണ്ടിയെടുക്കും.” ഒരല്പം ദേഷ്യത്തില്‍ തന്നെ പ്രവീണ്‍ വിളിച്ചു പറഞ്ഞു. നീതു ഫോണ്‍ കൈയ്യില്‍ മുറുകെ പിടിച്ച് സര്‍വ്വശക്തിയുമെടുത്ത് ഓടി, പ്രവിക്ക് ഒപ്പമെത്താന്‍. അവന്‍ ട്രെയിനില്‍ കയറി കഴിഞ്ഞു. അവള്‍ ഒരുവിധം ഓടിയെത്തി. വണ്ടി ചെറുതായി നീങ്ങി തുടങ്ങിയിരുന്നു. പ്രവി അവളെ കൈ പിടിച്ച് ഒരുവിധത്തില്‍ അകത്ത് കയറ്റി. വാതിലിനരികില്‍ രണ്ട് പേരും ഒരു നിമിഷം നിന്ന് കിതച്ചു. ആ കിതപ്പിനിടയില്‍ പ്രവിയുടെ മുഖത്ത് ദേഷ്യവും നീ എന്ത് ചെയ്യുവാരുന്നു എന്നും മറ്റുമുള്ള ഭാവങ്ങള്‍ പിറന്നപ്പോള്‍ നീതുവിന്റെ മുഖം എന്നോട് ക്ഷമിക്കൂ എന്ന് മാത്രമായിരുന്നു പറയുന്നത്. ഒടുവില്‍ ഇരുവരും തമ്മില്‍ തമ്മില്‍ നോക്കി ചിരിക്കുകയും ചെയ്തു.

ട്രെയിന്‍ ഏകദേശം നിറഞ്ഞിരിക്കുകയാണ്. ഇനി കൊല്ലമെത്തുന്നത് വരെ ഇരിക്കാമെന്ന് ഒരു പ്രതീക്ഷയുമില്ല. ഇരുവരും തങ്ങളുടെ ബാഗുകള്‍ ഒതുക്കിവെച്ച ശേഷം ഒരുവശത്തായി നിലയുറപ്പിച്ചു. നേരം സന്ധ്യ. പുറത്ത് ചെറിയ ചാറ്റല്‍മഴ തുടങ്ങി.

“ടാ.. ദേ മഴ!”, നീതു പറഞ്ഞു.
“കണ്ടു. ഭാഗ്യം ട്രെയിന്‍ കിട്ടിയത്. ബസില്‍ പോകേണ്ട ഗതിയായിരുന്നേല്‍ ആകെ കുളമായേനെ. നമ്മുടെ നാട്ടില്‍ ബസിനകത്തും മഴ പെയ്യും!”. പ്രവി പറഞ്ഞു.
അവള്‍ ചിരിച്ചു. എന്നിട്ട് തന്റെ ഫോണ്‍ എടുത്തു. അച്ചനെ വിളിക്കണം. നേരത്തെ ഓട്ടത്തിനിടയ്ക്ക് കിട്ടിയില്ലല്ലോ.
“ഞാന്‍ ചോദിക്കാന്‍ പോവ്വായിരുന്നു. ഓടിക്കൊണ്ടിരുന്നപ്പോള്‍ എന്തായിരുന്നു അര്‍ജന്റ് ആയി ഫോണില്‍ പരിപാടി?” പ്രവി ചോദിച്ചു.
“അച്ഛനെ വിളിച്ചതാ. പക്ഷെ കിട്ടിയില്ല. അത്കൊണ്ട് വീണ്ടും ട്രൈ ചെയ്യുന്നു ഇപ്പോള്‍..” ഫോണ്‍ ചെവിയില്‍ ചേര്‍ത്ത്കൊണ്ട് നീതു പറഞ്ഞു.

“ഓഹ്! ഇത് കിട്ടുന്നില്ലല്ലൊ.. അച്ഛന്‍ പരിധിക്ക് പുറത്താണെന്ന്..”, നീതുവിന്റെ മുഖത്ത് സങ്കടം.
“അല്ലേലും നിന്റെ ഫോണ്‍ ആവശ്യത്തിന് വര്‍ക്ക് ചെയ്യില്ലല്ലൊ.. ഒന്നുങ്കില്‍ പരിധിക്ക് പുറത്ത്, അല്ലെങ്കില്‍ ബാറ്ററി ഡൌണ്‍, ഇനിയിതൊന്നുമല്ലെങ്കില്‍ ബാലന്‍സ് ഇല്ല!”
“എടാ കളിയാക്കാതെ.. ഈ പറയുന്ന നിന്റെ ബാലന്‍സ് എത്രയാ ഇപ്പോ?”
“ഹിഹി.. ശൂന്യം! ആകെ ഉണ്ടായിരുന്നത്കൊണ്ടാ വീട്ടില്‍ വിളിച്ച് ചേട്ടനോട് പറഞ്ഞത് വരുന്നുണ്ടെന്ന്. ഈ ട്രെയിന് അവിടെ എത്തുന്ന നേരത്ത് നമ്മുടെ റൂട്ടിലെ ബസ്സൊക്കെ അതിന്റെ പാട്ടിന് പോകും.‍”
“അതല്ലെ പ്രശ്നം. ഞാന്‍ വീട്ടില്‍ പറഞ്ഞിട്ടില്ല വരുമെന്ന്. ഇന്ന് ക്ലാസ് നേരത്തെ കഴിയുമെന്ന് ആരറിഞ്ഞു. ഞാന്‍ നാളെ രാവിലത്തെ ട്രെയിനില്‍ വരുമെന്നാ വീട്ടില്‍ പറഞ്ഞിരിക്കുന്നേ. ഇതിപ്പോ മൂന്നാമത്തെ തവണയാ പരിധിക്ക് പുറത്തെന്ന് പറയുന്നത്. അച്ഛന്‍ എവിടേലും പോയിക്കാണുമോ ആവോ..”
“നീ വീട്ടില്‍ വിളിച്ച് നോക്കെടീ.. അമ്മയുണ്ടാവില്ലേ..”
“ഇനി അത് നോക്കുവാ ഞാന്‍. ഇനി അമ്മേടെ ഉപദേശം കേള്‍ക്കണം. എന്തിനാ രാത്രി ട്രെയിനില്‍ വരുന്നേ? നിനക്ക് രാവിലെ കയറിയാല്‍ പോരെ? കൂടെ ആരേലും ഉണ്ടോ..”
“ഞാന്‍ ഉണ്ടെന്ന് പറഞ്ഞാല്‍..?”
“നീയുണ്ടെന്ന് പറഞ്ഞാലെന്താ? അമ്മ ഹാപ്പിയാകും. ഒറ്റയ്ക്ക് വന്നില്ലല്ലോ എന്ന് പറയും.. പിന്നെ നീയല്ലേടാ.. അമ്മയ്ക്ക് നിന്നെ എത്ര നാളായി അറിയാം. നമ്മള്‍ ഒരുമിച്ച് പഠിക്കാന്‍ തുടങ്ങിയിട്ട് ഇപ്പോ കുറെ നാളായില്ലേ..“
“അതെയതെ. നമുക്ക് ഒരേ കോളേജില്‍ അഡ്മിഷന്‍ കിട്ടിയപ്പോ ഏറ്റവും സന്തോഷം എന്റെ അമ്മയ്ക്കായിരുന്നു. ഞാന്‍ നേരെചൊവ്വെ നടക്കുന്നുണ്ടൊ എന്നറിയാന്‍ അമ്മയ്ക്ക് ഒരു ആളായല്ലോ നീ..”
“ഹിഹി.. അതിന് നിന്റെ രഹസ്യങ്ങള്‍ ഒന്നും ഞാന്‍ വെളിപ്പേടുത്തിയില്ലല്ലോ.. പിന്നെന്താ? ശ്ശെ! ഇതെന്ത് കഷ്ടമാണ്.. വീട്ടില്‍ ബെല്ലുണ്ട്. പക്ഷെ ആരും എടുക്കുന്നില്ല.”
“അതിന് നമ്മള്‍ കൊല്ലം പോലും ആയിട്ടില്ലല്ലോ.. ഇടയ്ക്കിടെ ട്രൈ ചെയ്താല്‍ മതി”
താമസിയാതെ വണ്ടി കൊല്ലത്തെത്തി. പ്രതീക്ഷിച്ചത് പോലെ അവര്‍ക്ക് സീറ്റും കിട്ടി. നീതു അച്ഛനെയും അത് കഴിഞ്ഞ് വീട്ടിലേക്കും മാറി മറി രണ്ട് വട്ടം കൂടി വിളിച്ചു. പക്ഷെ കിട്ടിയില്ല.
“ഓഹ്.. ഇത് പ്രശ്നമാണല്ലോ. ഇവരൊക്കെ എവിടെ പോയിക്കിടക്കുവാണോ എന്തോ..”, നീതു ഫോണ്‍ കിട്ടാത്തതിന്റെ നിരാശയോടെ പറഞ്ഞു.
പ്രവീണ്‍ ഒന്നും പറഞ്ഞില്ല. ഇങ്ങനെ ചുമ്മാ ടെന്‍ഷന്‍ അടിക്കുന്നത് അവളുടെ സ്വഭാവമാണെന്ന് അവനറിയാം. അഞ്ച് കൊല്ലമായി ഒരുമിച്ച് പഠിക്കുന്നു. ആദ്യം രണ്ട് വര്‍ഷം പ്ലസ് 2വിനും പിന്നെ എഞ്ചിനീയറിങ്ങ് ഇപ്പോ മൂന്ന് വര്‍ഷവും. ഒരേ നാട്ടുകാരായത്കൊണ്ടും ഒരുമിച്ച് പഠിച്ചിട്ടുള്ളത്കൊണ്ടും ആദ്യം മുതല്‍ക്കെ ഒരുമിച്ചാണ് ഇരുവരും യാത്ര. അത്കൊണ്ട് തന്നെ നല്ല കൂട്ടുകാരും. ഇപ്പോ ഇവളെ തനിയെ വിടുന്നതാണ് നല്ലത് എന്നും അവനറിയാം. അത്കൊണ്ട് മറ്റ് യാത്രക്കാരിലായി അവന്റെ ശ്രദ്ധ. അടുത്തിരുന്ന ആളുടെ സായാഹ്നപത്രം വാങ്ങി അവനൊന്ന് ഓടിച്ചു നോക്കി.
“ഹെയ്, നീതു.. നോക്ക്..” അവന്‍ പത്രത്തിലെ ഒരു വാര്‍ത്ത അവളെ കാണിച്ചുകൊണ്ട് പറഞ്ഞു, “ചുമ്മാതാണോ നിന്റെ അമ്മയ്ക്ക് ടെന്‍ഷന്‍ കൂടുന്നത്..”
അസമയത്ത് ട്രെയിനില്‍ യാത്ര ചെയ്ത ഒരു പെണ്‍കുട്ടിയെ ഏതൊ കള്ളന്‍ ആക്രമിച്ചതിനെ കുറിച്ചായിരുന്നു വാര്‍ത്ത.
“ഉവ്വുവ്വേ.. ആ പെണ്ണിനെ കൊണ്ട് കൊള്ളാഞ്ഞിട്ടല്ലേ.. എന്റെ നേരെ വന്നിരുന്നേല്‍ അവന്റെ മൂക്കിടിച്ച് ഞാന്‍ പപ്പടമാക്കിയേനെ.” നീതു ചിരിച്ചുകൊണ്ട് പറഞ്ഞു.
“അതെയതെ.. അങ്ങനെ എത്ര പേരുടെ മൂക്കിടിച്ച് പരത്തിയിരിക്കുന്നു ‘ദ ഗ്രേറ്റ്‘ നീതു”, പ്രവി അവളെ കളിയാക്കി. ടീച്ചര്‍ വഴക്ക് പറഞ്ഞാല്‍ ഇപ്പോഴും കരയുന്ന നീതു ഒരു കള്ളനെ ഇടിക്കുന്നത് പ്രവിക്ക് സങ്കല്പിക്കാന്‍ പോലും കഴിയുമായിരുന്നില്ല.
മഴ കുറഞ്ഞു. പ്രവീണ്‍ പുറത്തെ ഇരുട്ടില്‍ സ്ഥലം ഏതെന്ന് മനസിലാക്കാന്‍ ഒരു വിഫലശ്രമം നടത്തി. അവന്‍ പത്രം വായിച്ചു തീര്‍ത്തിരുന്നു. ഇലക്ഷന്‍ അടുത്തതിനാല്‍ രാഷ്ട്രീയക്കാരുടെ വാര്‍ത്തകള്‍ക്കായിരുന്നു പ്രാധാന്യം. അവന്‍ വാച്ചില്‍ നോക്കി. ട്രെയിന്‍ ഇന്ന് പതിവില്ലാതെ റൈറ്റ് ടൈം ആണ്. ഏറിയാല്‍ ഒന്നര മണിക്കൂര്‍ കൂടി. നീതുവിന് ഇത് വരെ വീട്ടില്‍ വിളിച്ചിട്ട് കിട്ടിയിട്ടില്ല. അവന്‍ അവളെ നോക്കി. ഫോണിനെ ദയനീയമായി നോക്കി ഇരിക്കുകയാണ് കക്ഷി. പ്രവീണ്‍ അവളുടെ കൈയ്യില്‍ നിന്നും ഫോണ്‍ വാങ്ങി. എന്നിട്ട് വീട്ടിലേക്കും നീതുവിന്റെ അച്ഛനേയും മാറി മാറി വിളിക്കാന്‍ തുടങ്ങി. വീട്ടില്‍ ആരും ഫോണെടുത്തില്ല. അച്ഛന്‍ പരിധിക്ക് പുറത്ത് തന്നെ.
“ഇന്നലെ വിളിച്ചപ്പോഴും ഇന്ന് എവിടെയെങ്കിലും പോകുന്നതായി പറഞ്ഞില്ല. ഇനി ഈ മഴ കാരണം ഫോണ്‍ എന്തെങ്കിലും പ്രശ്നമായി ഇരിക്കുവാണോ എന്തോ..” നീതു നിരാശയോടെ പറഞ്ഞു.
“നീ ടെന്‍ഷനാവാതെ.. സമയമുണ്ടല്ലോ. നമുക്ക് നോക്കാം.” പ്രവി അവളെ ആശ്വസിപ്പിച്ചു.
അവള്‍ വീണ്ടും വിളിക്കാന്‍ തുടങ്ങി. എന്നാല്‍ യാതൊരു ഫലവും ഉണ്ടായില്ല. സമയം കടന്നുപോയി. ഇനി ഏകദേശം അര മണിക്കൂര്‍ കൂടി മാത്രം.
“എടാ.. എന്ത് ചെയ്യും? കിട്ടുന്നില്ല. ദേ.. ഈ പണ്ടാരത്തിന്റെ ചാര്‍ജും തീരാറായി. ശോ! കഷ്ടകാലം തന്നെ. മര്യാദയ്ക്ക് നാളെ രാവിലെ വന്നാല്‍ മതിയാരുന്നു. ഒരു ദിവസം മുമ്പേ വീട്ടില്‍ എത്താനുള്ള ആഗ്രഹം. വെക്കേഷന്‍ ആയത് കൊണ്ട് മനുവും വരും വീട്ടില്‍”, നീതു കരയാറായി.
“എന്താ പറഞ്ഞേ? മനു വീട്ടില്‍ കാണുമെന്നോ?”പ്രവി ചോദിച്ചു. മനു നീതുവിന്റെ അനിയനാണ്. എഞ്ചിനീയറിങ്ങ് ഒന്നാം വര്‍ഷക്കാരന്‍.
“അവനും വെക്കേഷനല്ലേ.. അവന്‍ ഇന്ന് വരുമെന്ന് അച്ഛന്‍ ഇന്നലെ പറഞ്ഞിരുന്നു.” നീതു പറഞ്ഞു.
“എടീ പോത്തേ.. പിന്നെ നീയെന്താ അവനെ വിളിക്കാത്തത്?”
“അയ്യോ! അത് ശരിയാണല്ലോ.. ഞാനാക്കാര്യം അങ്ങ് മറന്നെടാ.. താങ്ക്സ്!” നീതു ഫോണെടുത്തു. മനുവിനെ വിളിച്ചു. അവളുടെ മുഖത്ത് തെളിഞ്ഞ സന്തോഷം ഒരു നിമിഷം കൊണ്ട് മാഞ്ഞ് പോയി.
“എന്ത് പറ്റീ?” അവളുടെ മുഖം മാറിയത് കണ്ട് അവന്‍ ചോദിച്ചു.
“ഫോണെടുക്കുന്നില്ല.” കുറച്ച് ദേഷ്യം കലര്‍ന്ന ശബ്ദത്തില്‍ നീതു ഉത്തരം നല്‍കി.
“സാരമില്ല. കുറച്ച് കഴിഞ്ഞ് ഒന്നൂടെ വിളിക്കാം.” പ്രവി പറഞ്ഞു. ട്രെയിന്‍ ഒരു സ്റ്റേഷനില്‍ നിര്‍ത്തി. അടുത്ത സ്റ്റേഷനില്‍ ഇറങ്ങാം. അതിനകം നീതുവിന്റെ കാര്യത്തില്‍ ഒരു തീരുമാനമാകും എന്ന് പ്രതീക്ഷിക്കാം. എന്തായാലും അവളെ ഒറ്റയ്ക്ക് നിര്‍ത്താന്‍ പറ്റില്ല.
ഒരുമുറൈ വന്ത് പാറായോ.. പാറായോ.. പ്രവി ഞെട്ടിത്തിരിഞ്ഞ് നോക്കി. നീതുവിന്റെ ഫോണ്‍ ബെല്ലടിക്കുകയാണ്. മനുവാടാ.. നീതു പതുക്കെ പറഞ്ഞു. എന്നിട്ട് ഫോണെടുത്തു
“ഹലോ.. എവിടാരുന്നു നീ?.. മ്..മ്..മ്.. ടാ.. ചേച്ചി ട്രെയിനിലാ. ഇപ്പോ സ്റ്റേഷന്‍ എത്തും. നീ അച്ഛനോട് ഒന്ന് പറ എന്നെ വന്ന് വിളിക്കാന്‍.. എന്താ? അച്ഛന്‍ ഇല്ലേ? എവിടെ പോയി?.. മ്..മ്.. അമ്മയും പോയോ? ഓ.. ചുമ്മാതല്ല ഫോണ്‍ അടിച്ചിട്ട് എടുക്കാഞ്ഞത്.. എന്താ? അപ്പോ ഫോണ്‍ അടിച്ച് പോയോ? ശരി ശരി.. ബാക്കി വീട്ടില്‍ വന്നിട്ട് പറയാം. നീ വന്നാലും മതി. ദേ, ചേച്ചീടെ ഫോണിന്റെ ബാറ്ററി ഡൌണ്‍ ആണ്. നീ വേഗം വാ” നീതു ഫോണ്‍ കട്ട് ചെയ്തു. അത് ഓഫായി പോയി എന്ന് പറയുന്നതാണ് കുറച്ച് കൂടെ ശരി.
“എന്തായി? മനു എന്ത് പറഞ്ഞു?” പ്രവി ചോദിച്ചു.
“അവന്‍ വരും. അച്ഛനും അമ്മയും കൂടെ അവിടെ അടുത്തൊരു കാവുണ്ട്. ഇന്ന് എന്തോ പൂജയൊക്കെയാ. അതിന് പോയിരിക്കുന്നു. അതാവും ‘പരിധിക്ക് പുറത്ത്’. പിന്നെ നല്ല സൂപ്പര്‍ മഴ കഴിഞ്ഞതിന്റെ ഭാഗമായി അവിടെ ഫോണും പോയി, കറണ്ടും ഇല്ല! ഞാന്‍ നേരത്തെ വിളിക്കുമ്പോ അവന്‍ കുളിക്കുവാ. അതാ എടുക്കാഞ്ഞത്.”
“ഹാവൂ.. സമാധാനമായി. ദാ വണ്ടി സ്ലോ ആയല്ലോ. ഇറങ്ങാന്‍ നേരമായി. വാ”
വണ്ടി മെല്ലെ സ്റ്റേഷനില്‍ നിന്നു. പ്രവിയും നീതുവും ഇറങ്ങി. പുറത്ത് മഴ പെയ്തതിന്റെ ലക്ഷണങ്ങള്‍ കാണാമായിരുന്നു. തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു, അങ്ങിങ്ങായി വെള്ളം കെട്ടിക്കിടക്കുന്നു. അവിടെ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് - മൂന്ന് ഓട്ടോകള്‍ നനഞ്ഞിരുന്നു. ഇതിനൊക്കെ പുറമേ അടുത്തൊരു മഴയ്ക്ക് ആകാശം ഒരുങ്ങി തുടങ്ങുകയും ചെയ്തു. നേര്‍ത്ത ശബ്ദത്തിലുള്ള ഇടിനാദം മുഴങ്ങുന്നുണ്ടായിരുന്നു. ട്രെയിന്‍ പോയിക്കഴിഞ്ഞു. സ്റ്റേഷനില്‍ ഇറങ്ങിയ യാത്രക്കാര്‍ എല്ലാവരും തന്നെ പോയിക്കഴിഞ്ഞിരുന്നു. ഇപ്പോള്‍ ഒരൊറ്റ ഓട്ടോ പോലും സ്റ്റേഷനില്‍ ഇല്ല. പ്രവിയും നീതുവും സ്റ്റേഷന്റെ വാതില്‍ക്കല്‍ തന്നെ നില്‍ക്കയായി. ഏകദേശം ഒരഞ്ച് മിനിറ്റുകള്‍ക്കകം പ്രവിയുടെ ചേട്ടന്‍ തന്റെ ഹീറോ ഹോണ്ട പാഷനില്‍ വന്നു.
“പോകാം?”, ചേട്ടന്‍ ചോദിച്ചു.
“ചേട്ടാ, ഒരഞ്ച് മിനിറ്റ്. ദേ നീതുവിന്റെ അനിയന്‍ കൂടെ ഒന്ന് വന്നോട്ടെ. എന്നിട്ട് പോകാം.” പ്രവി പറഞ്ഞു.
“എടാ.. മഴ വരുന്നുണ്ട്. നീതുവിന്റെ അനിയന്‍ ഉടന്‍ വരുമോ?” ചോദ്യം നീതുവിനോടായിരുന്നു.
“വരും വരും. അവനെ ഞാന്‍ വിളിച്ചിരുന്നു. ഏറിയാല്‍ പത്ത് മിനിറ്റ്. അവനിങ്ങെത്തും. നിങ്ങള്‍ പൊയ്ക്കോളൂ.. മഴയ്ക്ക് മുമ്പേ വീടെത്താന്‍ നോക്ക്.” നീതു പറഞ്ഞു.
“അത് വേണ്ട. മനു വരട്ടെ. എന്നിട്ട് നമുക്കൊരുമിച്ച് പോകാം. നീ ഇവിടെ ഒറ്റയ്ക്ക് നില്‍ക്കണ്ട.” പ്രവി പറഞ്ഞു.
“സാ‍രമില്ലെന്നെ.. കുറച്ച് നേരത്തെ കാര്യമല്ലേ ഉള്ളൂ. അവന്‍ ഇപ്പോ ഇങ്ങ് വരും. നീ പൊയ്ക്കോ.”
നീതുവിന്റെ വാക്കുകള്‍ക്ക് ഒരു മിന്നലിന്റെയും ഇടിയുടെയും അകമ്പടി ഉണ്ടായിരുന്നു. കാറ്റ് കുറച്ചു കൂടി ശക്തിയില്‍ വീശാന്‍ തുടങ്ങി. മഴ വരാറായി എന്ന് പ്രകൃതി വിളിച്ചറിയിക്കുന്നു.
“പ്രവീ..”, ചേട്ടന്‍ വിളിച്ചു.
പ്രവീണിന് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. മഴ വരുന്നുണ്ട്. ഇപ്പോള്‍ പോയില്ലാ എങ്കില്‍ നനഞ്ഞത് തന്നെ. പോയാല്‍ നീതു.. അവള്‍ ഈ രാത്രി, ഇവിടെ ഒറ്റയ്ക്ക്.. പ്രവീണ്‍ ചുറ്റും നോക്കി. മൂന്ന് ടാക്സികളല്ലാതെ മറ്റൊന്നും കാണാനുണ്ടായിരുന്നില്ല. ടിക്കറ്റ് കൌണ്ടറില്‍ പോലും ആരുമില്ല. തണുത്ത കാറ്റ്. ഏത് നിമിഷവും മഴ പെയ്യാം. ചേട്ടന്‍ ഇപ്പോഴും ബൈക്കില്‍ തന്നെ. ഇവിടുന്ന് ഏകദേശം അര-മുക്കാല്‍ മണിക്കൂര്‍ യാത്രയുണ്ട് വീട്ടിലേയ്ക്ക്. നീതുവിന്റെ വീട് സ്റ്റേഷനില്‍ നിന്നും ഒരു ഇരുപത് മിനിറ്റ് കഷ്ടിച്ചേ ഉള്ളൂ. നിന്നാല്‍ മഴ നനയുമെന്നത് നൂറു തരം. അല്ല, ഇനി പോയാല്‍ തന്നെ മഴയ്ക്ക് മുമ്പ് വീട്ടിലെത്തുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ.
“എടാ.. വഴിയില്‍ മിക്കയിടത്തും കറണ്ടില്ല. നമുക്ക് കുറച്ച് ദൂരം പോകാനുണ്ട്.”, ചേട്ടന്‍ പിന്നെയും പറഞ്ഞു.
“ശരിയാ പ്രവീ.. നീ പൊയ്ക്കോ.. അതാ നല്ലത്. ദേ നല്ല കാറ്റ്. മഴ പെയ്യും ഷുവര്‍ ആണ്. എനിക്ക് ഇവിടുന്ന് അത്ര ദൂരമില്ലല്ലോ. മനു ഇപ്പോ ഇങ്ങെത്തും. നീ പൊയ്ക്കോ.” നീതു പ്രവിയെ നിര്‍ബന്ധിച്ചു.
പ്രവി വാച്ചില്‍ നോക്കി. ഏകദേശം അഞ്ച് മിനിറ്റിനുള്ളില്‍ മനു വരും. ഞാനിപ്പോള്‍ പോയാലും വലിയ കുഴപ്പമില്ല. അഞ്ച് മിനിറ്റ് കൊണ്ട് എന്ത് സംഭവിക്കാന്‍? അവന്‍ ഒടുവില്‍ പോകാന്‍ തന്നെ തീരുമാനിച്ചു. നീതുവിനോട് യാത്ര പറഞ്ഞ് അവന്‍ ചേട്ടന്റെ കൂടെ മടങ്ങി. എന്നാല്‍ അവന് എന്തോ പോലെ തോന്നുന്നുണ്ടായിരുന്നു. എന്തോ അപകടം സംഭവിക്കാനുള്ളത് പോലെ. അവളെ അവിടെ ഒറ്റയ്ക്ക് നിര്‍ത്തി വരേണ്ടായിരുന്നു. മഴ ചാറാന്‍ തുടങ്ങി. ചേട്ടന്‍ ഒരല്‍‌പം കൂടി വേഗത കൂട്ടി. മഴ കനത്തു തുടങ്ങി. ശക്തമായ കാറ്റും. എന്നാല്‍ അത് വകവെയ്ക്കാതെ ആ പാഷന്‍ റോഡിലൂടെ കുതിച്ചു പാഞ്ഞു പോയി.
ആ നേരം സ്റ്റേഷനില്‍ നീതു മനുവിനെ കാത്ത് നില്‍ക്കുകയായിരുന്നു. മെല്ലെയാണെങ്കിലും കാറ്റിന് ശക്തി കൂടി കൂടി വന്നു. ഒപ്പം കനത്ത മഴയും. വാതില്‍ക്കല്‍ നിന്നും നീതു സ്റ്റേഷന്റെ ഉള്ളിലേക്ക് കയറി നിന്നു. കാറ്റടിച്ച് സ്റ്റേഷന്റെ ഉള്ളില്‍ പോലും വെള്ളം കയറാന്‍ തുടങ്ങി. പ്രവി പോയിട്ട് ഏകദേശം പതിനഞ്ച് മിനിറ്റ് കഴിഞ്ഞു. മനു ഇത് വരെ വന്നിട്ടുമില്ല. വിറ്റു തീരാത്ത സായാഹ്നപത്രവുമായി ഒരാള്‍ ഒരു മൂലയില്‍ ഇരിക്കുന്നുണ്ടായിരുന്നു. അതിലെ പ്രധാന വാര്‍ത്ത നീതുവിന് കാണാമായിരുന്നു. കുറച്ച് മുമ്പ് പ്രവിയുമായിരുന്ന് ചിരിച്ചുതള്ളിയ വാര്‍ത്ത. എന്നാലിപ്പോള്‍ അവളുടെ ഉള്ളില്‍ ഒരു ഭയം നിറയ്ക്കാന്‍ അത് മാത്രം മതിയായിരുന്നു. സ്റ്റേഷന്റെ വാതില്‍ക്കല്‍ കിടക്കുന്ന ടാക്സിയില്‍ നിന്നും തന്റെ നേരെ നോട്ടങ്ങള്‍ വരുന്നതായി നീതുവിന് തോന്നി. അവള്‍ ചുറ്റും നോക്കി. ആ പത്രക്കാരന്‍ ഒഴികെ മറ്റാരേയും അവിടെ കാണാനുണ്ടായിരുന്നില്ല.
മഴ തോര്‍ന്നു. നീതു വീണ്ടും സ്റ്റേഷന് വെളിയിലേക്കിറങ്ങി. ഒന്ന് - രണ്ട് ഓട്ടോകള്‍ കൂടെ വന്നിട്ടുണ്ട്. കുറച്ച് മുമ്പ് കഴിഞ്ഞ മഴയും കാറ്റിനും തെളിവായി വാതില്‍ക്കല്‍ നില്‍ക്കുന്ന മരത്തിലെ ഇലകളും കൊച്ചു കമ്പുകളും നിലത്ത് കിടപ്പുണ്ടായിരുന്നു. മനു ഇത് വരെ വന്നിട്ടില്ല. അവനെ ഒന്ന് വിളിക്കാം എന്ന് വെച്ചാല്‍ മൊബൈലിന്റെ ചാര്‍ജ് തീര്‍ന്ന് അത് ഓഫ് ആയല്ലോ.. കുഞ്ഞിന് എങ്ങോട്ടാ പോവണ്ടേ? ഒരു ഓട്ടോക്കാരന്‍ ചോദിച്ചു. എന്നാല്‍ നീതുവിന് ഓര്‍മ്മ വന്നത് പണ്ട് ഏതോ സിനിമയില്‍ കണ്ട രംഗമാണ് - ഓട്ടോയില്‍ വന്ന് നായികയെ തട്ടിക്കൊണ്ട് പോകുന്ന വില്ലന്‍. അതോര്‍ത്ത് അവള്‍ ഒന്ന് ഞെട്ടി. വേണമെങ്കില്‍ കൊണ്ട് വിടാം. ഓട്ടോക്കാരന്‍ വിടാന്‍ ഭാവമില്ല. “വേണ്ടാ.. എന്നെ വിളിക്കാന്‍ ആള്‍ വരും” നീതു ആവുന്നത്ര ഗൌരവത്തില്‍ പറഞ്ഞു.
ഓട്ടോക്കാരന്‍ തിരിച്ചു പോയി. അയാള്‍ അവളെ തന്നെ നോക്കി ഇരുന്നു. മറ്റ് രണ്ട് ഓട്ടോക്കാര്‍ കൂടെ അയാളുടെ അടുത്തെത്തി. നീതു അവരെ ശ്രദ്ധിക്കുന്നതേയില്ല എന്ന മട്ടില്‍ നിന്നു. എന്നാല്‍ അവളുടെ ശ്രദ്ധ അവരില്‍ മാത്രമായിരുന്നു. മനൂ.. നീ എവിടെയാ? ഓട്ടോക്കാര്‍ മൂവരും അവളെ നോക്കികൊണ്ടിരുന്നു. എന്തോ പോലെ.. അവരുടെ നോട്ടം അത്ര പന്തിയല്ല. പെട്ടെന്ന് ഒരനക്കം കേട്ട് നീതു തിരിഞ്ഞു നോക്കി. പത്രക്കാരന്‍ കണ്ണും തിരുമ്മി എഴുന്നേറ്റിരിക്കുകയാണ്. അയാളുടെയും നോട്ടം അവളില്‍ തന്നെയായിരുന്നു. എവിടെ നിന്നു വേണമെങ്കിലും അപകടമുണ്ടാവാം എന്ന സത്യം നീതു തിരിച്ചറിഞ്ഞു. അവള്‍ വെറുതെ തന്റെ മൊബൈല്‍ ഓണാക്കാന്‍ ഒരു വിഫലശ്രമം നടത്തി. മെല്ലെ ബാഗ് തന്നോട് ചേര്‍ത്ത് നീതു സ്റ്റേഷന്റെ മുന്നിലെ പടിയില്‍ ഇരുന്നു. എങ്ങോട്ട് നോക്കിയാലും തന്റെ നേരെ നീളുന്ന കണ്ണുകള്‍. അവള്‍ തന്റെ കണ്ണുകള്‍ അടച്ചു കളഞ്ഞു. ഒറ്റയ്ക്കായ പോലെ. ബാഗില്‍ മുഖം പൊത്തി അവള്‍ മെല്ലെ കരഞ്ഞു. ഏത് നിമിഷവും തന്റെ നേര്‍ക്ക് ഒരാക്രമണം അവള്‍ പ്രതീക്ഷിച്ചു. ഒരു നിമിഷം. തന്റെ തോളില്‍ ആരുടെയോ കൈ.....
ആശ്വാസത്തോടെ നീതു തലയുയര്‍ത്തി നോക്കി. തനിക്ക് തെറ്റിയില്ല. ഏതിരുട്ടിലും, ഏത് തിരക്കിലും താന്‍ ആ കരസ്പര്‍ശം തിരിച്ചറിയും, അതിലെ സ്നേഹം അറിയും, ചേച്ചിയാണെങ്കിലും ഒരനിയത്തിയെ പോലെ തന്നെ ലാളിക്കുന്ന അവന്റെ സ്നേഹം താനറിയും. മനു. അവന്‍ വന്നു.. അവള്‍ അവന്റെ കൈയ്‌ക്കിട്ട് ഒറ്റ തട്ട്, “എവിടാരുന്നെടാ ചെക്കാ നീ?”
“എന്തൊരു മഴേം കാറ്റും.. വഴീല് ഒരു മരോം വീണു. അതാ‍ താമസിച്ചേ.. നമുക്ക് പോവ്വാം?”
അവന്റെ മുടിയില്‍ നിന്നും അപ്പോഴും ഇറ്റ് വീഴുന്നുണ്ടായിരുന്നു വെള്ളത്തുള്ളികള്‍, മുമ്പ് പെയ്ത മഴയുടെ ബാക്കിപത്രമായി.

നീതുവിന്റെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയില്‍ ആഹ്ലാദമോ ആശ്വാസമോ അധികമെന്ന് പറയാന്‍ കഴിയില്ലായിരുന്നു. എങ്കിലും അത് സുന്ദരമായിരുന്നു. എന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നതും..

25 മാർച്ച് 2009

പുസ്തകം - ദ ബെസ്റ്റ് ഓഫ് ഓ. ഹെന്‍‌റി

ഒരു പ്രൊജക്ടിന്റെ ഭാഗമായി കളമശേരിയില്‍ അപ്പച്ചിയുടെ വീട്ടിലാണ് ഞാന്‍. അവിടുത്തെ പുസ്തകശേഖരത്തില്‍ നിന്നും കഴിഞ്ഞ ദിവസം കണ്ടെടുത്തതാണ് “ദ ബെസ്റ്റ് ഓഫ് ഓ. ഹെന്‍‌റി”. എട്ടാം ക്ലാസില്‍ പഠിക്കുന്ന എന്റെ അനിയന്‍ വാങ്ങിയതാണ് ആ പുസ്തകം. പ്രശസ്ത ചെറുകഥാകൃത്തായ ഓ. ഹെന്‍‌റിയുടെ ആറ് കഥകള്‍ 12 മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്കായി സമാഹരിച്ചിരിക്കുന്നു ഈ പുസ്തകത്തില്‍. ഓ. ഹെന്‍‌റിയുടെ ചില കഥകള്‍ മുമ്പ് പഠിച്ചിട്ടുള്ളത്കൊണ്ടും വായിച്ചിട്ടുള്ളത്കൊണ്ടും അവയുടെ പ്രത്യേകതകള്‍ എനിക്കറിയാം. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കഥകള്‍ എവിടെ കണ്ടാലും ഞാന്‍ വിടാറില്ല. എനിക്ക് ഏറെ പ്രിയപ്പെട്ട ഒരെഴുത്തുകാരനാണ് ഓ. ഹെന്‍‌റി.

ബുക്കിനെ കുറിച്ചും അതിലെ കഥകളെക്കുറിച്ചും പറയുന്നതിന് മുമ്പ് ഓ. ഹെന്‍‌റിയെ പറ്റി ഒരല്പം. അദ്ദേഹത്തെ പറ്റി അറിയാത്തവരോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഒരു കഥയെങ്കിലും വായിക്കാത്തവരോ ആയി ആരും തന്നെ മലയാളം ബ്ലോഗേഴ്സില്‍ ഇല്ല എന്നാണ് എന്റെ വിശ്വാസം. അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ 1962ല്‍ ആണ് വില്ല്യം സിഡ്നി പോര്‍ട്ടര്‍ എന്ന ഓ. ഹെന്‍‌റിയുടെ ജനനം. പതിനഞ്ചാം വയസ്സില്‍ സ്കൂള്‍ പഠനം നിര്‍ത്തിയ ശേഷം അദ്ദേഹം ടെക്സാസിലും ഹൂസ്റ്റണിലും പലതരം ജോലികളില്‍ ഏര്‍പ്പെട്ടു. ഈ ജോലികളില്‍ നിന്നെല്ലാം കിട്ടിയ അനുഭവം അദ്ദേഹം തന്റെ കഥകളില്‍ ഉപയോഗിച്ചു.

തികച്ചും സാധാരണക്കാരുടെ കഥകളാണ് “ഓ. ഹെന്‍‌റി കഥകള്‍”. അവയുടെ ഏറ്റവും പ്രധാന സവിശേഷത അപ്രതീക്ഷിതമായ ക്ലൈമാക്സാണ്. അതുപോലെ തന്നെ ശ്രദ്ധേയമായ കാര്യമാണ് അവയിലെ കഥാഗതിയുടെ പോക്കും. ഒരിക്കലും പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളും അവസാന വരിയില്‍ മാത്രം പറയുന്ന സസ്‌പെന്‍സും മൂലം വായനക്കാരെ ഒരിക്കലും ബോറടിപ്പിക്കുന്നില്ല “ഓ. ഹെന്‍‌റി കഥകള്‍”.

മുകളില്‍ പറഞ്ഞ പ്രത്യേകതകള്‍ എല്ലാമുള്ള ആറ് കഥകളുടെ ശേഖരമാണ് ഞാന്‍ വായിച്ച “ദ ബെസ്റ്റ് ഓഫ് ഓ. ഹെന്‍‌റി”. പുസ്തകത്തിലുള്ള കഥകള്‍:

1. The Gift of Magi
2. The Ransom of the Red Chief
3. Romance of a Busy Broker
4. The Last Leaf
5. A Retrieved Reformation
6. The Duplicity of Hargraves

ആദ്യത്തെ കഥ പലരും സ്കൂളില്‍ പഠിച്ചതാവണം. പാവപ്പെട്ടവരായ ദമ്പതികളാണ് ജിമ്മും ഡെല്ലയും. ഡെല്ലയ്ക്ക് നല്ല മുടിയുണ്ട്, അതുപോലെ ജിമ്മിന് ഒരു വാച്ചും. ക്രിസ്‌മസിന് ജിമ്മിന്റെ വാച്ചിന് ഒരു പുതിയ സ്ട്രാപ്പ് വാങ്ങാന്‍ ഡെല്ല തന്റെ മുടി വില്‍ക്കുന്നു. ഡെല്ലയ്ക്ക് സമ്മാനമായി നല്‍കാന്‍ തന്റെ വാച്ച് വിറ്റ ജിം അലങ്കാരപ്പണികള്‍ ചെയ്ത ഒരു ചീപ്പും വാങ്ങി. അങ്ങനെ രണ്ട് പേരുടെയും സമ്മാനങ്ങള്‍ ഒരു പ്രയോജനവുമില്ലാതെ പോവുകയാണ്. തങ്കള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കാര്യം ത്യജിച്ചാണ് രണ്ട് പേരും സമ്മാനം വാങ്ങുന്നത് എന്നതാണ് ശ്രദ്ധേയമായ സംഗതി.

The Ransom of the Red Chief ഞാന്‍ സ്കൂളില്‍ പഠിച്ചതാണ്. അന്നേ എന്റെ പ്രിയപ്പെട്ട കഥയായിരുന്നു ഇത്. പണമുണ്ടാക്കാന്‍ ഗ്രാമത്തിലെ പണക്കാരന്റെ മകനെ രണ്ട് കള്ളന്മാര്‍ തട്ടികൊണ്ട് പോകുന്നിടത്ത് കഥ ആരംഭിക്കുന്നു. കുട്ടിയെ തിരിച്ച് നല്‍കണമെങ്കില്‍ മോചനദ്രവ്യമായി 2000 ഡോളര്‍ ആണ് കള്ളന്മാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഒടുവില്‍ കുട്ടിയുടെ കുസൃതി സഹിക്കാന്‍ വയ്യാതെ അവനെ വിട്ടുകൊടുക്കുകയും അങ്ങോട്ട് കാശ് കൊടുത്ത് ജീവനും കൊണ്ട് രക്ഷപ്പെടുന്ന കള്ളന്മാരെയാണ് നമുക്ക് കാണാന്‍ കഴിയുക. കുട്ടിയും ബില്‍ എന്ന കള്ളനും തമ്മിലുള്ള രംഗങ്ങള്‍ ആരിലും ചിരിയുണര്‍ത്തും.

തിരക്കേറിയ ജീവിതത്തില്‍ തന്റെ സ്റ്റെനോഗ്രാഫറെ കല്ല്യാണം കഴിച്ച ഒരു സ്റ്റോക്ക് ബ്രോക്കര്‍, പിറ്റേന്ന് ആ കാര്യം മറക്കുകയും സ്റ്റെനോയുടെ അടുത്ത് ചെന്ന് വീണ്ടും പ്രണയാഭ്യര്‍ത്ഥന നടത്തുന്നതുമാണ് മൂന്നാമത്തെ കഥ. അവസാനത്തെ മൂന്ന് വാക്കുകളിലാണ് കഥയുടെ അതുവരെയുള്ള പുരോഗതിയെ ന്യായീകരിക്കുന്നത്. ശരിക്കും വായനക്കാരനെ അത്ഭുതപ്പെടുത്തുന്ന ക്ലൈമാക്സാണ് ഈ കഥയുടേത്.

ആറ് കഥകളില്‍ എനിക്ക് ഏറ്റവും ഇഷ്ടമായ കഥയാണ് The Last Leaf. ഇതും പഠിക്കാനുണ്ടായിരുന്ന ഒരു കഥയാണെന്ന് എന്റെ സുഹൃത്ത് പറഞ്ഞിരുന്നു. എന്നാല്‍ ഞാന്‍ പഠിച്ചിട്ടില്ല കേട്ടോ. ചിത്രകാരന്മാര്‍ കൂട്ടമായി താമസിക്കുന്ന ഒരു സ്ഥലത്ത് ന്യുമോണിയ പടര്‍ന്ന് പിടിച്ചിരിക്കുന്നു. അവിടെ ജോണ്‍സി എന്നൊരു പെണ്‍കുട്ടി അസുഖം പിടിപ്പെട്ട് കിടക്കുകയാണ്. തന്റെ കിടക്കയില്‍ നിന്നും പുറത്തേക്ക് നോക്കുമ്പോള്‍ കാണുന്ന തൊട്ടടുത്ത കെട്ടിടത്തിലുള്ള ഒരു വള്ളിപ്പടര്‍പ്പിന്റെ ഇലകള്‍ എല്ലാം കൊഴിഞ്ഞ് വീഴുമ്പോള്‍ താനും മരിക്കും എന്ന വിചിത്രമായ ചിന്തയിലാണ് ജോണ്‍സി. ജോണ്‍സിയുടെ സുഹൃത്ത് സൂവിന് ഇത് വളരെ വിഷമമുണ്ടാക്കുന്നു. അവര്‍ താമസിക്കുന്ന വീടിന്റെ താഴത്തെ നിലയില്‍ ഒരു കള്ളുകുടിയന്‍ പെയിന്റര്‍ ഉണ്ട്. എന്നെങ്കിലുമൊരിക്കല്‍ താനും ഒരു മാസ്റ്റര്‍പീസ് വരയ്ക്കും എന്ന് വീമ്പിളക്കി നടക്കുന്ന ഒരാള്‍. ജോണ്‍സിയുടെ വിചിത്രമായ ചിന്തയെ പറ്റി അറിഞ്ഞ അയാള്‍ അവളെ കുറെ ചീത്ത പറയുകയും മറ്റും ചെയ്തു. എന്നാല്‍ ഏവരേയും അത്ഭുതപ്പെടുത്തി അവസാനത്തെ ഒരില എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് കൊഴിഞ്ഞു വീഴാതെ നിന്നു. ഇതില്‍ നിന്നും കിട്ടുന്ന ആത്മവിശ്വാസം ജോണ്‍സിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. എന്നാല്‍ ജോണ്‍സിയെ രക്ഷിക്കാനായി കോരിചൊരിയുന്ന മഴയും കാറ്റുമുള്ള ഒരു രാത്രി ആ ചെടിയുടെ പടം ആ കെട്ടിടത്തിന്റെ ഭിത്തിയില്‍ വരച്ച കള്ളുകുടിയന്‍ പെയിന്റര്‍ ന്യുമോണിയ ബാധിച്ച് മരിക്കുന്നു. തന്റെ മാസ്റ്റര്‍പീസ് അദ്ദേഹം പോകുന്നതിന് മുമ്പ് വരച്ചു എന്ന സൂവിന്റെ ഡയലോഗില്‍ കഥ ആവസാനിക്കുന്നു.

A Retrieved Reformation ജിമ്മി എന്ന കള്ളനെക്കുറിച്ചാണ്. ഇനി ഒരിക്കലും മോഷ്ടിക്കരുത് എന്ന് പറഞ്ഞ് ജയിലില്‍ നിന്നും വിട്ടയക്കപ്പെടുന്ന ജിമ്മി പക്ഷെ വീണ്ടും മോഷണത്തിന് ഇറങ്ങിത്തിരിക്കുകയാണ്. രണ്ട് വലിയ ബാങ്ക് മോഷണങ്ങള്‍ നടത്തി ഒടുവില്‍ അയാള്‍ നാടു വിട്ട് മറ്റൊരു സ്ഥലത്ത് പുതിയ ജീവിതം ആരംഭിച്ചു. അവിടുത്തെ ബാങ്ക് മാനേജരുടെ മകളുമായി പ്രണയത്തിലാകുന്ന ജിമ്മി തന്റെ പൂര്‍വ്വജീവിതത്തില്‍ നിന്നും മാറി ഷൂ ബിസിനസ് നടത്തി ജീവിക്കുകയാണ്. ഏത് പൂട്ടും പൊളിക്കാന്‍ കഴിയുന്ന സാമഗ്രികള്‍ കൈവശമുണ്ടായിരുന്ന ജിമ്മി ഒരു നാള്‍ അതെല്ലാമെടുത്ത് ബാങ്കിലെത്തുന്നു. അന്ന് അവിടെ പുതിയ സെയ്ഫിന്റെ ഉത്ഘാടനം നടക്കുന്ന ദിവസമാണ്. ഇതിനിടെ ജിമ്മിയെ തപ്പി പോലീസും സ്ഥലത്തെത്തുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരപകടം മൂലം ജിമ്മിക്ക് തന്റെ കാമുകിക്കും അവളുടെ അച്ഛന്റെയും മുമ്പില്‍ വെച്ച് ആ പുതിയ പൂട്ട് പൊളിക്കേണ്ടി വരുന്നു. പോലീസിനെ കൂടെ അവിടെ കാണുന്നതോടെ ഇനി അവിടെ നിന്നിട്ട് കാര്യമില്ലെന്ന് ജിമ്മിക്ക് തോന്നി. തന്നിലെ കള്ളനെ ഒരിക്കലും തന്റെ കാമുകി സ്വീകരിക്കില്ല എന്നവന്‍ വിശ്വസിച്ചു. എന്നാല്‍ ഒരു കള്ളനെന്ന നിലയില്‍ നിന്നും ഒരു നല്ല മനുഷ്യനാ‍യി അവന്‍ മാറി എന്ന് മനസിലാക്കുന്ന പോലീസ് ഓഫിസര്‍ അവനെ വെറുതെ വിടുന്നിടത്ത് കഥ അവസാനിക്കുന്നു.

The Duplicity of Hargraves ദക്ഷിണ അമേരിക്കയിലെ ഒരു കേണലിന്റെ കഥയാണ്. ദരിദ്രനായ കേണലും മകളും ഒരുമിച്ച് ഒരു അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്നു. തന്റെ പഴയ പ്രതാപകാലത്തെക്കുറിച്ച് കേണലിന് ഭയങ്കര അഭിമാനമാണ്. ലോകത്തിലേക്കും ഏറ്റവും മികച്ച സംസ്കാരമാണ് തന്റേതെന്നും പുതിയ തലമുറയിലെ ആളുകള്‍ അതൊന്നും മനസിലാക്കാതെ പുതിയലോകത്തിന് പിന്നാലെ ഓടുന്നു എന്നൊക്കെയാണ് കേണലിന്റെ വാദം. ഇടയ്ക്കിടെ അപ്പാര്‍ട്ട്മെന്റിലെ മറ്റ് താമസക്കാരോട് തന്റെ പഴയ കാലത്തെക്കുറിച്ച് വീമ്പ് പറയുന്നതും കേണലിന്റെ സ്വഭാവമാണ്. ഭൂരിഭാഗം ആളുകളും ഈ കഥകളെ ചിരിച്ച് തള്ളിയപ്പോള്‍ ഒരു നാടകക്കാരനായ യുവാവ് മാത്രം അതെല്ലാം അതീവ താത്പര്യത്തോടെ കേട്ടിരിക്കുകയും ഇടയ്ക്കിടെ സംശയങ്ങളൊക്കെ ചോദിക്കുകയും ചെയ്യുമായിരുന്നു. ഇതിനാല്‍ കേണലിന് അയാളോട് ഒരു പ്രത്യേക സ്നേഹമായിരുന്നു. തന്റെ അതിസാഹസിക കഥകള്‍ കേണല്‍ ആ യുവാവിനോട് മാത്രമായി പറയുകയും ചെയ്തു. തന്റെ കരിയറില്‍ കാര്യമായ നേട്ടമൊന്നും ഉണ്ടാക്കിയിട്ടില്ലാത്ത ആ യുവാവ് തന്റെ പുതിയ നാടകത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വേണ്ടിയാണ് കേണലുമായി അടുത്തിടപഴകിയതും മറ്റും. തമാശക്കാരനും പൊങ്ങച്ചക്കാരനുമായ ആ കേണലിന്റെ കഥാപാത്രം യുവാവിനെ ഒറ്റരാത്രി കൊണ്ട് പ്രശസ്തനാക്കുന്നു. എന്നാല്‍ തന്നെ വഞ്ചിച്ച യുവാവിനോട് കേണലിന് അടക്കാനാവാത്ത വെറുപ്പാണുണ്ടാകുന്നത്. ഇത് യുവാവിനെ വിഷമിപ്പിക്കുന്നു. പണമില്ലാതെ അപ്പാര്‍ട്ട്മെന്റ് വിടേണ്ട ഒരവസ്ഥയില്‍ യുവാവ് കേണലിനെ സഹായിക്കാന്‍ തയ്യാറാകുന്നുവെങ്കിലും അദ്ദേഹം അതിന് സമ്മതിക്കുകയില്ല. ഒടുവില്‍ യുവാവ് വീണ്ടുമൊരിക്കല്‍ കൂടി വേഷം മാറി കേണലിനെ സഹായിക്കുന്നു, അദ്ദേഹം പോലുമറിയാതെ. തന്നെ ഒരു കഥാപാത്രമാക്കുന്നത് അതിയായ ആഹ്ലാദത്തോടെ സ്വീകരിക്കുന്ന ഉത്തര അമേരിക്കന്‍ സംസ്കാരമാണ് യുവാവിനെ കേണലിന്റെ വേഷം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ കേണലാകട്ടെ, തന്റെ പഴയ സംസ്കാരത്തിനനുസരിച്ച് അത് ഏറ്റവും വലിയ അപമാനമായി കാണുന്നു.

കുട്ടികള്‍ക്കായി “ഈസി റീഡിങ്ങ്” എന്ന് പേരിട്ട് ഓറിയന്റ് ലോങ്മാന്‍ ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. വില 67 രൂപ.

07 മാർച്ച് 2009

ഒടുവില്‍ പറഞ്ഞു ഞാന്‍ ആ കാര്യം

പ്രണയം തുടിക്കുന്ന ഫെബ്രുവരി മാസത്തില്‍
പൂക്കള്‍ വസന്തം വിടര്‍ത്തുന്ന മാസത്തില്‍
ഇനിയും വയ്യെന്നെന്‍ ഉള്ളം തിളച്ചപ്പോള്‍
ഒടുവില്‍ പറഞ്ഞു ഞാന്‍ ആ കാര്യം.

കാലത്തോഫീസില്‍ കണക്കുകള്‍ നോക്കവേ
കാതില്‍ മുഴങ്ങി കൊലുസിന്റെ കളനാദം.
മൂക്കിനെ തഴുകുവാന്‍ സെന്റിന്റെ മണമെത്തി
ഉറപ്പിച്ചു, വരുന്നത് ഏച്ച്. ആര്‍ സുന്ദരി!

താരകം പോല്‍ തിളങ്ങുന്ന കണ്‍കളും
ചുണ്ടിലൊളിപ്പിച്ച ചെറുപുഞ്ചിരിയതും
കണ്ട് നെഞ്ചിടിപ്പേറിയെന്നാകിലും
ഒടുവില്‍ പറഞ്ഞു ഞാന്‍ ആ കാര്യം.

“ഓഫീസിലാണെങ്കില്‍ പണിയോട് പണി തന്നെ
ബോസിന്റെ വായിലോ തെറിയോട് തെറി തന്നെ.
ഇനിയും സഹിക്കവയ്യെനിക്കീ ക്രൂരത.
ശമ്പളം തരുവാന്‍ കനിവുണ്ടാകേണം!”

09 ഫെബ്രുവരി 2009

ആ ഒരു “ഇത്”

വീണ്ടും ഒരു പ്രണയദിനം കൂടെ വരവായി. "അതിന് എനിക്കെന്താ?" എന്നാവും എന്റെ ആദ്യ ചോദ്യം. ആദ്യം തൊട്ടെ പ്രണയിക്കുന്നവര്‍ക്കായി ഒരു ദിനം എന്നുള്ള കണ്‍സപ്റ്റ് എനിക്ക് ഇഷ്ടമായിരുന്നില്ല. അങ്ങനെ ഒരു ദിവസം അത്ര “സ്പെഷ്യല്‍” ആയി കാണേണ്ട കാര്യമുണ്ടോ ഈ പ്രണയിക്കുന്നവര്‍ക്ക്? വാലന്റൈന്‍സ് ഡേ കാര്‍ഡുകളും സമ്മാനങ്ങളുമൊക്കെ എന്തിനാണ്? മറ്റൊരു ദിവസം പോലെ തന്നെയല്ലെ ഈ ദിവസവും? ഇതൊന്നും പോരാഞ്ഞ് മൊബൈല്‍ കമ്പനികള്‍ വക ഓഫറും കുന്തവും കൊടചക്രവും വേറെ. ആരും സംശയിക്കേണ്ട. ഞാന്‍ ശിവസേനക്കാരനൊന്നുമല്ല! എന്റെ അഭിപ്രായത്തില്‍ പ്രേമിക്കുന്നവര്‍ക്ക് എല്ലാ ദിവസവും ഒരു പോലെയായിരിക്കും. അവര്‍ക്ക് പ്രത്യേകിച്ച് ഒരു ദിവസം കൊടുക്കേണ്ട കാര്യമൊന്നുമില്ല. ഇത് വെറുതെ “ഷോ”.. ഞാനും ഈ ഷോയുടെ ഭാഗമാവുകയാണ്.

ഈ കഴിഞ്ഞ ഫെബ്രുവരി അഞ്ചാം തീയതി ഞങ്ങളുടെ ക്ലാസ് കഴിഞ്ഞു. ഇനി ഒരു ക്ലാസ്‌റൂം പഠനം ഉണ്ടാവുമോ എന്നുറപ്പില്ല. നീണ്ട പത്തൊമ്പത് വര്‍ഷങ്ങള്‍, ചിലര്‍ക്ക് ഇരുപതും, ചിലര്‍ക്ക് ഇരുപത്തൊന്നും വര്‍ഷം ഉണ്ടായിരുന്നു പഠനം. തോറ്റതൊന്നുമല്ല കേട്ടോ. അവര്‍ എഞ്ജിനീയറിങ്ങും എല്‍. എല്‍. ബിയുമൊക്കെ കഴിഞ്ഞ് വന്നവരാണ്. അപ്പോള്‍ പറഞ്ഞു വന്നത് ക്ലാസ് കഴിഞ്ഞ കാര്യം. ഉച്ച കഴിഞ്ഞ് ചുമ്മാ ഇരിക്കവെ ആണ് ഒരു ചര്‍ച്ച ആരംഭിച്ചത്, ഇത്രനാളത്തെ സ്കൂള്‍ - കോളേജ് ജീവിതത്തില്‍ എത്ര പേരോട് “ഒരു ഇത്” തോന്നിയിട്ടുണ്ട് എന്ന്. പ്രേമം തന്നെയാവണമെന്നില്ല. ഒന്നാം ക്ലാസിലെ ചിലരെ ഇപ്പോഴും ഓര്‍ക്കാറില്ലേ? അന്നേ പ്രേമം തുടങ്ങി എന്നൊന്നും പറയാന്‍ പറ്റില്ലല്ലോ. എന്തോ ഒരു ഇഷ്ടം തോന്നിയ കഥാപാത്രങ്ങള്‍. അവരിലെ എന്തെങ്കിലും ചില പ്രത്യേകതകള്‍, അല്ലെങ്കില്‍ കഴിവുകള്‍, ഇതൊക്കെ കൊണ്ട് ഒരു ഇഷ്ടം തോന്നിയ കഥാപാത്രങ്ങള്‍.

രസകരമായ ഒരുപാട് അനുഭവങ്ങള്‍ കേട്ടു. അതില്‍ നിന്നൊക്കെ മനസിലായ ഒരു ചെറിയ സംഗതി - ചേച്ചിമാരെ സൂക്ഷിക്കുക! അവര്‍ പ്ലാനില്‍ അടുത്ത് കൂടി ഓരോ പേരുകള്‍ ചോര്‍ത്തിയെടുക്കും, പിന്നെ ഇടയ്‌ക്കിടെ കളിയാക്കലാണ്. സ്കൂളില്‍ നിന്നും വരുമ്പോള്‍ ചോദിക്കും ഇന്ന് “നിന്റെ” ****** എന്ത് പറഞ്ഞു? നിന്നെ നോക്കി ചിരിച്ചോ? എങ്ങാനും കഷ്ടകാലത്തിന് ചിരിച്ചു എന്നെങ്ങാനും പറഞ്ഞാല്‍ ഠിം! കഴിഞ്ഞു. അന്നത്തെ ദിവസം പിന്നെ ഒരു രക്ഷയുമില്ല. ഇതൊക്കെ പക്ഷെ ഞങ്ങള്‍ ചെറിയ ക്ലാസില്‍ പഠിക്കുമ്പോളുള്ള കലാപരിപാടികളാണ്. കുറച്ച് വലിയ ക്ലാസിലെത്തിയാല്‍ പിന്നെ ആരും ഇതൊന്നും ചോദിക്കാറില്ല.

പിന്നെയുള്ളത് കൂട്ടുകാരുടെ കളിയാക്കലുകളാണ്. ചേച്ചിമാരെ പോലല്ല കൂട്ടുകാര്‍. അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുകയാണ് (അനുഭവമെന്നാല്‍ കളിയാക്കിയിട്ടുമുണ്ട്, ഇങ്ങോട്ട് കിട്ടിയിട്ടുമുണ്ട്), ഒരു ഭയങ്കരമായ പ്ലാനിങ്ങിന്റെ പരിണാമഫലമാണ് കളിയാക്കല്‍. ആദ്യം ചെയ്യുന്നത് നമ്മുടെ “ഇര”യെ കണ്ടെത്തുകയാണ്. മിക്കവാറും ഒന്നും മിണ്ടാതെ ഒരു മൂലയ്ക്ക് ഒതുങ്ങി കൂടുന്ന സ്വഭാവക്കാരനാവും ഇര. അതുമല്ലെങ്കില്‍ പെണ്‍‌കുട്ടികളെ കുറിച്ച് പൊതുവായി വലിയ അഭിപ്രായമൊന്നുമില്ലാത്തവര്‍. ഏതെങ്കിലും ഒരു പെണ്‍‌കുട്ടി ഉണ്ടാവും അവനോട് സംസാരിക്കുന്നത്. ഇനി സംസാരിക്കണം എന്ന് തന്നെയില്ല. താഴെ വീണ ഒരു ബുക്ക് എടുത്ത് കൊടുക്കകയോ അതുമല്ലെങ്കില്‍ ചുമ്മാ ഒന്ന് നോക്കുകയോ ചെയ്താല്‍ മതി. അതോടെ കാര്യങ്ങള്‍ക്ക് ഒരു തീരുമാനമായി. പ്ലസ് 2 പഠിക്കുമ്പോള്‍ എനിക്കുള്ള അനുഭവം പറയാം. പൊക്കം കുറവായതിനാല്‍ ഒരു ബെഞ്ചിന്റെ അറ്റത്തായിട്ടാണ് എന്റെ സ്ഥാനം. അക്കൌണ്ടന്‍സിയിലെ ചില കണക്കുകളില്‍ സംശയങ്ങളുണ്ടാവും. ഒരറ്റത്ത് ഇരിക്കുന്ന അവസ്ഥയില്‍ എന്റെ നേരെ എതിരെയുള്ള ഗീതു എന്ന കുട്ടിയില്‍ നിന്നും ബുക്ക് വാങ്ങി ഞങ്ങള്‍ നോക്കാറുണ്ട്, ചിലപ്പോള്‍ എന്റെ ബുക്ക് അവള്‍ക്കും കൊടുക്കാറുണ്ട്. പോരാത്തതിന് ഞങ്ങള്‍ രണ്ട് പേരും കണക്ക് ഓപ്ഷന്‍ എടുത്തവര്‍. കണക്ക് ക്ലാസിലെ കുട്ടികളുമായി മറ്റ് വിഷയങ്ങള്‍ ഓപ്ഷന്‍ എടുത്തവരേക്കാള്‍ കൂട്ടായിരുന്നു. സ്വഭാവികമായും ഗീതുവും എന്റെ നല്ലൊരു സുഹൃത്ത് ആയിരുന്നു, ഇപ്പോഴും അതെ.. അന്ന് അവളുടെ കാര്യം പറഞ്ഞ് കൂട്ടുകാര്‍ ഒരുപാട് കളിയാക്കിയിട്ടുണ്ട്. രസകരമായ സംഗതി എന്തെന്നാല്‍ കളിയാക്കല്‍ കേട്ട് കേട്ട് ഒടുവില്‍ ശരിക്കും പ്രേമിച്ച ആളുകളുടെ കഥയും ഇല്ലാതില്ല!

എന്നെ സംബന്ധിച്ചിടത്തോളം പാട്ട് പാടുന്നവരായിരുന്നു പ്രധാന “വീക്ക്നെസ്”. പണ്ട് തൊട്ടെ പാട്ട് പാടുന്നവരെ വലിയ ഇഷ്ടമായിരുന്നു, ഒരല്പം ബഹുമാനം കലര്‍ന്ന ഇഷ്ടം. മീര എന്നൊരു കുട്ടിയുണ്ടായിരുന്നു സ്കൂളില്‍. അതിന് ശരിക്കും കൃഷ്ണന്റെ ഭക്തയായ മീരയുടെ ഒരു ഇമേജ് ആണ് ഞാന്‍ കണ്ടിരുന്നത്! അതിന് കാ‍രണമുണ്ട്. അത് ഒരിക്കല്‍ ഫാന്‍സി ഡ്രസ്സ് മത്സരത്തില്‍ ഭക്തമീരയുടെ വേഷം കെട്ടിയാണ് വന്നത്. പിന്നെ നന്നായി പാടുമായിരുന്നു. പക്ഷെ മിക്കവാറും പാടാറുള്ളത് കൃഷ്ണഭക്തിഗാനങ്ങളും! എന്നെ കുറ്റം പറയാനൊക്കുമോ?

മറ്റൊരു ഇഷ്ടം മുടിയാണ്. “മീശമാധവനി”ല്‍ കാവ്യ മാധവന്റെ മുടി പോലത്തെ മുടി! പക്ഷെ അങ്ങനെ മുടിയുള്ള ചുരുക്കം ചിലരെ കണ്ടതായെ ഓര്‍മ്മയുള്ളു. ആരുടെയും പേരോര്‍ക്കുന്നുമില്ല.

ചിലരുടെ മുഖം കൊണ്ടും ചിലരുടെ സ്വഭാവം കൊണ്ടും ഇഷ്ടമായവര്‍ ഉണ്ട്. മുഖം എന്ന് പറയുമ്പോള്‍ ആദ്യം ശ്രദ്ധിക്കുക കണ്ണാണ്. ചിലരുടെ കണ്ണുകള്‍ക്ക് ഒരു വല്ലാത്ത തിളക്കം ഉണ്ടാവും. ചിലരുടെ കണ്ണാവട്ടെ ഉറക്കം തൂങ്ങിയും ഇരിക്കും. തിളക്കമുള്ള കണ്ണുകാരെ ആണ് എനിക്ക് ഇഷ്ടം. സ്വഭാവത്തിന്റെ കാര്യം അങ്ങനെ വിശദമാക്കാനാവില്ല. ആര്‍ക്കും പ്രത്യേകത നല്‍കാതെ എല്ലാവരോടും കൂട്ടുകൂടുന്ന ചിലരുണ്ട്. എല്ലാത്തിലും പ്രധാനം പെരുമാറ്റമാണല്ലോ. ആരും കുറ്റം പറയാത്ത നല്ല രീതിയില്‍ പെരുമാറുന്ന കുറച്ച് പേരും ഉണ്ട്. ഇപ്പോള്‍ എന്റെ കൂടെ പഠിക്കുന്ന വിനീത എന്ന സുഹൃത്തിന്റെ പേര് ഈയവസരത്തില്‍ പറയാതിരിക്കാനാവില്ല.

ചിരിയെ പറ്റി പറയാതെ ഈ പോസ്റ്റ് പൂര്‍ണമാവില്ല. കുറച്ച് നാള്‍ മുമ്പ് ഞാന്‍ “തെറ്റുകള്‍“ എന്നൊരു പോസ്റ്റ് ഇട്ടിരുന്നു. അതിലെ ചില വരികള്‍ ഇവിടെ ആവര്‍ത്തിക്കട്ടെ - മുഖത്ത് എന്നും ഒരു പുഞ്ചിരിയുണ്ടാവും. നിങ്ങള്‍ എത്ര വിഷമിച്ചിരിക്കുകയാണേലും ആ മുഖമൊന്നു കണ്ടാല്‍ മതി, എല്ലാ സങ്കടങ്ങളും എങ്ങോ പോയിരിക്കും. അങ്ങനെ ചില ആളുകളും ഉണ്ടായിരുന്നു ഈ പത്തൊമ്പത് വര്‍ഷത്തിനിടയില്‍.

എല്ലാ കാമുകീകാമുകന്മാര്‍ക്കും ആശംസകള്‍.. വാലന്റൈന്‍സ് ഡേ സ്പെഷ്യല്‍ ആയിട്ടല്ല.. നിങ്ങളുടെ ജീവിതം എന്നും സന്തോഷത്താല്‍ നിറയട്ടെ..!

24 ജനുവരി 2009

ഒരു “ബിലേറ്റഡ്” ജന്മദിനം

ജനുവരി 22. നിന്റെ പിറന്നാളാണ്. അറിയാമല്ലോ അല്ലേ?? ചില പ്രത്യേക സാഹചര്യങ്ങളാല്‍ അന്ന് എനിക്ക് വരാന്‍ കഴിഞ്ഞില്ല.

അതികഠിനമായ പനി മൂലം കട്ടിലേന്ന് പൊങ്ങാന്‍ വയ്യാതെ, മരുന്നടിച്ച് മയങ്ങി കിടക്കുകയായിരുന്നു ഞാന്‍. നല്ല ഹെവി ഡോസ് ആന്റിബയോട്ടിക് അടിച്ച് നിമിഷങ്ങള്‍ക്കകം ബോധം കെട്ടുറങ്ങിയിരുന്ന ഞാന്‍ എങ്ങനെ വരാനാണ്. നിനക്ക് എന്റെ അവസ്ഥ മനസിലാവുമല്ലോ അല്ലേ ബാലവാടീ??

ദോഷം പറയരുതല്ലോ.. മരുന്നേറ്റു! അതല്ലേ, ദാ, ഞാനിങ്ങെത്തിയത്. ഏതായാലും താമസിപ്പിക്കുന്നില്ല. പ്രധാ‍ന കാര്യം ഫസ്റ്റ്..!

“ബിലേറ്റഡ് ബര്‍ത്ത് ഡേ വിഷസ് ബാ‍ലവാടി”

ആദ്യ വര്‍ഷത്തെക്കാള്‍ പോസ്റ്റുകള്‍ കുറവായിരുന്നെങ്കിലും വായനക്കാര്‍ കൂടിയത് നല്ല വാര്‍ത്തയാണല്ലേ? എല്ലാ വായനക്കാര്‍ക്കും നന്ദി. ഇനിയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റു രൂപത്തില്‍ പ്രതീക്ഷിക്കുന്നു.

ആദ്യ വര്‍ഷം എഴുത്തു മാത്രമായിരുന്നു ബ്ലോഗില്‍. എന്നാല്‍ രണ്ടാം വര്‍ഷം ആയപ്പോള്‍ ഒരു ഫോട്ടൊ ഫീച്ചര്‍ കൂടെ ഉള്‍പ്പെടുത്തി. മൂന്നാം വര്‍ഷത്തിലേക്ക് യാത്ര തുടങ്ങുമ്പോള്‍ ബാലവാടിയില്‍ കൂടുതല്‍ വിഭവങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്നതാണ്.

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കമന്റ് കിട്ടിയത് കൊലയാളി എന്ന പോസ്റ്റിനാണ്. എന്നാല്‍ ഞാന്‍ പൂര്‍ണ തൃപ്തിയോടെ എഴുതിയ കഥയല്ല അതെന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു. എങ്കിലും ആ പോസ്റ്റ് പലര്‍ക്കും ഇഷ്‌ടമായി. അത് എനിക്കും ഇഷ്‌ടമായി!

ഈ കൊല്ലം ഒരു കവിത പോലും എഴുതിയില്ല എന്നത് അത്ഭുതകരമായ സംഗതിയായി എനിക്ക് തോന്നിയതേയില്ല.

ഒരിക്കല്‍ കൂടി എല്ലാ പ്രിയപ്പെട്ട വായനക്കാര്‍ക്കും നന്ദി പറയുന്നു. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമാണ് എനിക്കുള്ള പ്രോത്സാഹനം. ഇവ തുടര്‍ന്നും പ്രതീക്ഷിച്ചു‌കൊണ്ട് ബാലവാടി മുന്നോട്ട്.. മൂന്നാം വര്‍ഷത്തിലേക്ക്..

ബാലവാടീ.. ദേ എല്ലാരേം ഒന്ന് കൈ വീശി കാണിച്ചേ.. ഹായ്..! ഇനി ഒരു ഫ്ലൈയിങ്ങ് കിസ്.. ഉം‌മ്മാ...!

06 ജനുവരി 2009

ഗജിനി

അഭി ഒരു എം.ബി.ഏ വിദ്യാര്‍ത്ഥി ആണ്. അവന്‍ ഇന്ന് ഹോസ്റ്റലില്‍ എത്തുമ്പോള്‍ സമയം 7.49. പവര്‍കട്ട് ആയിരുന്നു. അവന്‍ ഇരുട്ടത്ത് തപ്പി തടഞ്ഞ് തന്റെ മുറിയിലെത്തി. അത് പൂട്ടിയിരിക്കുകയായിരുന്നു. സഹമുറിയന്മാര്‍ രണ്ട് പേരാണ് - മഹേഷും വിനോദും. ഇതില്‍ മഹേഷിന് ബൈക്ക് ഉണ്ട്. എന്നും അഭിയോ വിനോദോ മഹേഷിന്റെ കൂടെ വരും. ഇന്ന് വിനോദ് ആണ് ബൈക്കില്‍ പോയത്. എന്നാല്‍ അവന്മാരെ ഇവിടെ കാണാനില്ല. പുറത്ത് പോയിരിക്കും. അങ്ങനെയെങ്കില്‍ താക്കോല്‍ മുറിയുടെ വാതിലിന് മുകളിലായി വെച്ചിട്ടുണ്ടാവും. ഏതായാലും കറണ്ട് വരട്ടെ. അഭി കറണ്ട് വരാനായി വരാന്തയില്‍ കാത്തിരുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ഒറ്റനില കെട്ടിടമാണ് ഹോസ്റ്റല്‍. ഓടിട്ട കെട്ടിടം. മഴക്കാലത്ത് ചെറിയതോതിലുള്ള ചോര്‍ച്ച ഉണ്ടാവുമെങ്കിലും, രാത്രിയില്‍ എലികള്‍ ഓടി നടന്ന് ശബ്ദമുണ്ടാക്കുമെങ്കിലും അഭിക്ക് വളരെ ഇഷ്ടമാണ് ഈ ഹോസ്റ്റല്‍. അതിന് പിന്നില്‍ കാരണം രണ്ടാണ്. ഒന്ന്, ഹോസ്റ്റല്‍ ഇരിക്കുന്ന സ്ഥലം കുറച്ച് ഉള്ളിലായുള്ള പ്രദേശമാണ്. അത്കൊണ്ട് വലിയ ബഹളങ്ങളും ശബ്ദവുമില്ലാത്ത ശാന്തമായ അന്തരീക്ഷമാണ്. രണ്ട്, ചുറ്റും മരങ്ങളും കുറ്റിക്കാടുമൊക്കെയായി പ്രകൃതിയോട് അടുത്ത് നില്‍ക്കുന്ന നല്ല തണുപ്പുള്ള കെട്ടിടം കൂടിയാണ് ഈ ഹോസ്റ്റല്‍.

രണ്ട് മിനിറ്റുകള്‍ക്ക് മുമ്പ് :-

ഹോസ്റ്റല്‍ കെട്ടിടത്തിന്റെ അടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും ഒരാള്‍ മെല്ലെ പുറത്തിറങ്ങി. അഭി അയാളെ കണ്ടില്ല. അത്രയ്ക്കിരുട്ടായിരുന്നു. ഡിസംബര്‍ മാസത്തിലെ തണുപ്പുള്ള രാത്രി. കുറ്റിക്കാട്ടില്‍ നിന്നും ഇറങ്ങിയവന്‍ ചുറ്റുപാടും നോക്കി. പിന്നെ നേരെ പടികള്‍ ലക്ഷ്യമാക്കി നടന്നു തുടങ്ങി. എന്നാല്‍ പടിയുടെ അടുത്തെത്തിയതും അയാള്‍ നിന്നു. എന്തിനാണ് ഇവിടെ വന്നത്? അയാള്‍ സ്വയം ചോദിച്ചു. പക്ഷെ ഒരുത്തരം കിട്ടിയില്ല. അയാളുടെ ഓര്‍മ്മയില്‍ നിന്നും ആ കാരണം മാഞ്ഞ് പോയിരുന്നു. ബൈക്കുകള്‍ വരാന്തയില്‍ കയറ്റി വയ്ക്കാനായി പടികളുടെ നടുക്കായി ഒരു വഴിയുണ്ട്. അതിലൂടെ അയാള്‍ വരാന്തയിലെത്തി. എന്തിന് ഈ സ്ഥലത്ത് വന്നെന്നോ എങ്ങനെ വന്നുവെന്നോ അയാള്‍ മറന്ന് പോയിരുന്നു. പെട്ടെന്ന് വെളിച്ചം വീണു. അതു വരെ ഇരുട്ട് മൂടി കിടന്നിരുന്ന ആ വരാന്ത അതോടെ പ്രകാശപൂരിതമായി. അയാള്‍ ഉടന്‍ തന്നെ അവിടെയുള്ള തൂണിന് പിന്നിലേക്ക് മറഞ്ഞു.

അഭി ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു. എട്ട് മണിയായിരിക്കുന്നു. കറണ്ട് വന്നു. ഇനി ഒന്ന് കുളിക്കണം. അവന്‍ തന്റെ മുറിയുടെ വാതിലിന് മുകളില്‍ പരതി. താക്കോല്‍ അവിടെയുണ്ടായിരുന്നു. അവന്‍ മുറി തുറന്ന് അകത്ത് കയറി.ജനലുകളൊക്കെ തുറന്നിട്ടു. ടവ്വലും ബക്കറ്റുമെടുത്ത് കുളിമുറിയിലേക്ക് നടന്നു. പോകുന്നതിന് മുമ്പ് വാതിലടയ്ക്കാന്‍ അവന്‍ മറന്നില്ല.

രണ്ട് മിനിറ്റുകള്‍ക്ക് മുമ്പ് :-

തൂണിന് പിന്നില്‍ നിന്നും അയാള്‍ മെല്ലെ ഒളിഞ്ഞ് നോക്കി. ഒരു പയ്യന്‍ വരാന്തയില്‍ നിന്നും എഴുന്നേറ്റ് ഒരു മുറിയുടെ അരികിലേക്ക് ചെന്നു. അതിന്റെ വാതിലിന് മുകളില്‍ വെച്ചിരുന്ന താക്കോലെടുത്ത് മുറി തുറന്ന് അകത്ത് കയറി. അയാള്‍ പിന്നെ ഒരു നിമിഷം വൈകിച്ചില്ല. ഒറ്റകുതിപ്പിന് ആ മുറിയുടെ വാതില്‍ക്കലെത്തി. അകത്ത് ആ പയ്യന്‍ ജനലുകള്‍ തുറക്കുകയാണ്. അവന്‍ പുറം തിരിഞ്ഞ് നില്‍ക്കുന്നു. സമയം കളയാതെ അയാള്‍ ഒച്ചയുണ്ടാക്കാതെ മുറിക്കുള്ളിലേക്ക് കയറി. ആദ്യം കിടന്ന കട്ടിലിനടിയിലേക്ക് കയറിയിരുന്നു. പക്ഷെ എന്തിന്? അയാള്‍ അതും മറന്ന് പോയിരുന്നു. എന്തിനാണ് ആ മുറിയില്‍ കയറിയത്? എന്തിനാണ് കട്ടിലിനടിയില്‍ കയറിയത്? അയാളുടെ ഓര്‍മയില്‍ നിന്നും അതിനുള്ള കാരണവും മാഞ്ഞ് പോയിരുന്നു. പുറത്തിറങ്ങാം എന്ന് വിചാരിച്ചപ്പോഴേക്കും ആ പയ്യന്‍ മുറി പുറത്ത് നിന്നും അടച്ചിട്ട് എങ്ങോട്ടൊ പോയി കളഞ്ഞു.

അഭി കുളിച്ചിട്ട് വന്നപ്പോള്‍ മുറിയുടെ വാതില്‍ തുറന്ന് കിടക്കുകയായിരുന്നു.

“ഓ.. വന്നോ രണ്ടും?? എവിടെ തെണ്ടാന്‍ പോയതാടാ?”, അഭി ചോദിച്ചു. മറുപടിയായി നല്ല രണ്ട് ചിരി സമ്മാനിച്ചു മഹേഷും വിനോദും.
“അളിയാ ജംഗ്‌ഷനില്‍ ഒന്ന് കറങ്ങാന്‍ പോയതാ. അവിടെ എത്തിയപ്പോ ദേ ഇവന് വിശക്കുന്നു എന്ന് പറഞ്ഞു. എന്നാല്‍ പിന്നെ എന്തേലും കഴിച്ചേക്കാമെന്ന് കരുതി.” മഹേഷ് ഡ്രെസ്സ് മാറുന്നതിനിടയില്‍ പറഞ്ഞു.
“അപ്പോ രണ്ടാളും കഴിച്ചല്ലേ.. എന്നാല്‍ ശരി. ഞാന്‍ വല്ലതും പോയി കഴിക്കട്ടെ.”അഭി പറഞ്ഞു.
“നിക്ക് നിക്ക്.. ഞാനുമുണ്ട്.” വിനോദ് പറഞ്ഞു.
“നീ കഴിച്ചില്ല്ലേ?”
“ഓ.. നാല് പൊറോട്ട എന്തോ ആവാനാ? ഞാനും വരുന്നു നിന്റെ കൂടെ.” കൂട്ടത്തില്‍ തടിയുള്ളവന്‍ വിനോദ് ആണ്. എങ്ങനെ തടി വെക്കാതിരിക്കും. ഇതാണ് സ്വഭാവം. അഭി ഓര്‍ത്തു. രണ്ട് പേരും കൂടെ കഴിക്കാന്‍ വേണ്ടി മെസ്സിലേക്ക് നടന്നു. മഹേഷ് തന്റെ ഷൂ ഊരി കട്ടിലിനടിയിലേക്ക് എറിഞ്ഞു.

രണ്ട് മിനിറ്റുകള്‍ക്ക് മുമ്പ് :-

കട്ടിലിനടിയില്‍ നിന്നും എങ്ങനെയെങ്കിലും പുറത്തിറങ്ങാം എന്ന് കരുതിയപ്പോഴാണ് മുറി തുറക്കുന്ന ശബ്ദം അയാള്‍ കേട്ടത്. അയാള്‍ ഒളിഞ്ഞ് നോക്കി. രണ്ട് പിള്ളേര്‍ കേറി വന്നു മുറിയിലേക്ക്. അവര്‍ എന്തോ സംസാരിക്കുന്നുണ്ട്. പക്ഷെ ഭാഷ അങ്ങോട്ട് മനസിലാവുന്നില്ല. ഒരാള്‍ കൂടെ മുറിയില്‍ കയറി വന്നു. നേരത്തെ മുറി അടച്ചിട്ട് പോയ ചെറുക്കന്‍ തന്നെ. അവര്‍ എന്തോ പറയുന്നു. ഇതേത് ഭാഷ. അല്ല.. ഞാനിതെവിടെയാണ്? എന്തിന് ഇവിടെ വന്നു?? രണ്ട് പേര്‍ പോയി. ഈ മൂന്നാമന്‍ കൂടെ പോയാല്‍ പുറത്തിറങ്ങാമായിരുന്നു. പെട്ടെന്നാണ് എന്തോ ഒരു സാധനം വന്ന് മുഖത്തിടിച്ചത്.

മഹേഷ് തനിക്ക് ഇടാനുള്ള തുണി എടുക്കാന്‍ കട്ടിലിനടിയിലിരിക്കുന്ന ബാഗിലേക്ക് കൈ നീട്ടിയപ്പോഴാണ് അവന്റെ മൊബൈല്‍ അടിച്ചത്. ഏകദേശം ഒന്നര മിനിറ്റ് സംസാരിച്ച ശേഷം അവന്‍ വീണ്ടും തന്റെ ബാഗെടുത്തു. എന്നാല്‍ അടുത്ത നിമിഷം തന്നെ ഹോസ്റ്റല്‍ മുഴുവന്‍ കിടിലം കൊള്ളിക്കുന്ന ഒരു അലര്‍ച്ചയോടെ അവന്‍ ആ ബാഗ് വലിച്ചെറിഞ്ഞു. അലര്‍ച്ച കേട്ട് അടുത്ത മുറിയില്‍ നിന്നും ഓടിയെത്തിയ സുഹൃത്തിനോട് ആ ബാഗ് ചൂണ്ടി അവന്‍ വിറയാര്‍ന്ന ശബ്ദത്തില്‍ മന്ത്രിച്ചു - അരണ.. അരണ.. ബാഗിനകത്ത്.. അരണ..

രണ്ട് മിനിറ്റുകള്‍ക്ക് മുമ്പ് :-

മുഖത്ത് അപ്രതീക്ഷിതമായി വന്നിടിച്ച സാധനം അയാളെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. ആ നശിച്ച ചെറുക്കന്‍. കട്ടിലിനടിയില്‍ നിന്നും അവന്റെ കാലിനിട്ട് നല്ലൊരു കടി കൊടുക്കാന്‍ അയാള്‍ മുന്നോട്ട് പാഞ്ഞെങ്കിലും കാലിന്നടുത്ത് എത്തിയപ്പോഴേക്കും എന്തിനാണ് ഓടി വന്നതെന്ന് അയാള്‍ മറന്ന് കഴിഞ്ഞിരുന്നു. എന്തോ ഒരു ശബ്ദം. ആ ചെറുക്കന്‍ എന്തോ സാധനം ചെവിയില്‍ വെച്ച് സംസാരിക്കുന്നു. പുറത്തിറങ്ങിയാല്‍ ചിലപ്പോള്‍ കുഴപ്പമായേക്കും. അയാള്‍ വീണ്ടും കട്ടിലിനടിയില്‍ കയറി. ഒരു കറുത്ത സഞ്ചി പോലെ എന്തോ ഉണ്ടായിരുന്നു. അയാള്‍ അതിനകത്ത് കയറി ഇരുന്നു. ആ പയ്യന്‍ ആ സഞ്ചി എടുത്തു. എന്നിട്ട് കൈ അകത്തേക്കിട്ടു. കഷ്ടകാലത്തിന് തൊട്ടത് അയാളുടെ ദേഹത്തായിരുന്നു. ഒരു നിമിഷം രണ്ട് പേരും മുഖത്തോട് മുഖം നോക്കി. ചെവി പൊട്ടുന്ന ശബ്ദത്തില്‍ ആ പയ്യന്‍ അലറുകയും സഞ്ചി വലിച്ചെറിയുകയും ചെയ്തു. കുറേ തുണികള്‍ ഉണ്ടായിരുന്നത് കൊണ്ടും ദൈവാധീനം കൊണ്ടും അയാള്‍ക്ക് ഒന്നും പറ്റിയില്ല.

മഹേഷിന്റെ ഉറക്കെയുള്ള അലര്‍ച്ചയുടെ സ്വരം മെസ്സ് ഹാള്‍ വരെയെത്തിയിരുന്നു. ആ ശബ്ദം തിരിച്ചറിഞ്ഞ അഭിയും വിനോദും ഒരു നിമിഷം പോലും പാഴാക്കാതെ റൂമിലേക്ക് കുതിച്ചു. അവര്‍ റൂമിലെത്തുമ്പൊഴേക്കും അവിടെ ഒരു ആള്‍ക്കൂട്ടം തന്നെ രൂപപ്പെട്ടിരുന്നു. അടുത്ത മുറിയിലുള്ളവര്‍ സ്റ്റമ്പും ബാറ്റുമൊക്കെയെടുത്ത് കട്ടിലിനടിയില്‍ നോക്കി നില്‍ക്കുന്നുണ്ട്. മഹേഷ് കട്ടിലിന് മുകളിലായി നിന്ന് ബാക്കിയുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു - ആ കട്ടിലിനടിയിലേക്കാ പോയത്. ആ ബാഗ് മാറ്റി നോക്ക്.. ദാ കണ്ടാ കണ്ടാ.. അവിടുണ്ട്.. എനിക്ക് കാണാംന്ന്..

“എന്താടാ? വല്ല പാമ്പുമാണോ?” ഒരല്പം ഭയത്തോടെ അഭി ചോദിച്ചു.

“അല്ലെടാ.. ഒരരണ. എന്തൊരു സൈസ്! ദേ ഇത്രേമുണ്ട്”, തന്റെ കൈയ്യുടെ മുട്ടു മുതല്‍ വിരലിന്റെ അറ്റം വരെയുള്ള നീളം കാണിച്ച് മഹേഷ് പറഞ്ഞു.

“അയ്യേ! അരണയാ.. അതിനാണോ ഇത്ര പേടി? അതിനെ ഞാന്‍ പിടിച്ചു തരാം. അരണയെ പിടിക്കാന്‍ ഞാനൊരു എക്സ്‌പെര്‍ട്ട് ആണ്.” വിനോദ് അടുത്ത് നിന്ന പയ്യന്റെ കയ്യില്‍ നിന്നും സ്റ്റമ്പ് വാങ്ങി കുനിഞ്ഞ് കട്ടിലിനടിയിലേക്ക് നോക്കി.

രണ്ട് മിനിറ്റുകള്‍ക്ക് മുമ്പ് :-

ഒരു വിധം ആ കറുത്ത സഞ്ചിയില്‍ നിന്നും പുറത്തിറങ്ങിയതാണ് അയാള്‍. നോക്കി നില്‍ക്കേ ഒരു കൂട്ടം പയ്യന്മാര്‍ അറ്റം കൂര്‍ത്ത കമ്പുകളും പിന്നെ പരന്ന പലകയ്ക്ക് പിടി വെച്ച പോലെ എന്തോ ഒരു സാധനവുമായും മുറിയിലേക്ക് വരുന്നത് കണ്ടു. കാര്യം പന്തിയല്ലെന്ന് മനസിലാക്കിയ അയാള്‍ ഒറ്റയോട്ടത്തിന് കട്ടിലിനടിയിലേക്ക് കയറി.ഇതിനിടയില്‍ ആദ്യം സഞ്ചി വലിച്ചെറിഞ്ഞ ആ നാശം പിടിച്ച പയ്യന്‍ കട്ടിലിന്റെ മേല്‍ ചാടിക്കയറുകയും ചെയ്തിരുന്നു. കട്ടിലിനടിയില്‍ കയറിയിട്ടും സ്വസ്ഥത തരാതെ അവര്‍ കമ്പും പലകയുമൊക്കെ എടുത്ത് കട്ടിലിനടിയില്‍ കുത്താന്‍ തുടങ്ങി. ഒരു കളരി അഭ്യാസിയുടെ മെയ്‌വഴക്കത്തോടെ അയാള്‍ അവയില്‍ നിന്നെല്ലാം ഒഴിഞ്ഞ് മാറി. ഹൊ! രക്ഷപ്പെടാന്‍ ഒരു പഴുതുമില്ലേ? ഇതിനിടയില്‍ വേറെ രണ്ട് പയ്യന്മാര്‍ കൂടെ മുറിയില്‍ കയറി വന്നു. അവര്‍ കുറച്ച് മുമ്പ് മുറിയില്‍ നിന്നും ഇറങ്ങി പോയവരാണെന്ന് അയാള്‍ക്ക് മനസിലായി. അതിലൊരുത്തന്‍ എന്തൊക്കെയോ പറഞ്ഞ് കൊണ്ട് അടുത്ത് നിന്നവന്റെ കയ്യില്‍ നിന്നും ഒരു കമ്പ് വാങ്ങി കുനിഞ്ഞ് തന്റെ നേരെ നോക്കി. ഇനി രക്ഷയില്ല. രക്ഷപ്പെടാന്‍ ഒരു വഴി മാത്രം. അവനെ അങ്ങോട്ട് ആക്രമിക്കുക. രണ്ടും കല്‍പിച്ച് അയാള്‍ മുന്നോട്ട് കുതിച്ചു.

“എവിടെടാ നിന്റെ അരണ? അത് പോയോ?” വിനോദ് കട്ടിലിനടിയിലെ ഇരുട്ടിലേക്ക് സൂക്ഷിച്ച് നോക്കി. പെട്ടെന്ന് എന്തോ ഒരു സാധനം ശരവേഗത്തില്‍ തന്റെ നേര്‍ക്ക് വരുന്നത് അവന്‍ കണ്ടു. “അമ്മേ! അരണ!” എന്നൊരലര്‍ച്ചയോടെ അവന്‍ ഒരു വശത്തേക്ക് മറിഞ്ഞു. അവന്റെ ശരീരം നിലത്തിടിച്ചപ്പോള്‍ അവിടെ കൂടി നിന്നവര്‍ ഒരു നിമിഷം അതൊരു ഭൂകമ്പമാണോ എന്ന് സംശയിച്ചു. അരണ മുറിയിലെ വെളിച്ചത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് തിരിഞ്ഞ ശേഷം മറ്റൊരു മൂലയില്‍ കാലിയായി കിടന്ന ഒരു ബാഗിലേക്ക് കയറി. ഇത് തന്നെ അവസരം. വിനോദ് ചാടി എഴുന്നേറ്റു. തന്റെ കയ്യിലിരുന്ന സ്റ്റമ്പ് കൊണ്ട് അവന്‍ ആ ബാഗ് മെല്ലെ പൊക്കി. എന്നിട്ട് അതെടുത്ത് മുറിയുടെ പുറത്തേക്കിട്ടു. എല്ലാവരും നോക്കി നില്‍ക്കേ അരണ ബാഗില്‍ നിന്നും ഇറങ്ങി അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് ഓടി. ദൈവമേ രക്ഷപ്പെട്ടു എന്നൊരു ദീര്‍ഘനിശ്വാസത്തോടെ അഭിയും സുഹൃത്തുക്കളും അത് നോക്കി നിന്നു..

രണ്ട് മിനിറ്റുകള്‍ക്ക് മുമ്പ് :‌‌‌-

കൂര്‍ത്ത കമ്പുമായി നില്‍ക്കുന്ന തന്റെ എതിരാളിയെ അപ്രതീക്ഷിതമായ ആക്രമണത്തിലൂടെ കീഴടക്കണം എന്ന ചിന്തയോടെയാണ് അയാള്‍ മുന്നോട്ട് കുതിച്ചതെങ്കിലും ആ പയ്യന്റെ അടുത്തെത്തിയപ്പോളേക്കും താന്‍ എന്തിന് ഓടി വന്നു എന്ന കാര്യം അയാള്‍ മറന്നു പോയി. ഒരു നിമിഷം താന്‍ എവിടെയാണെന്നോ എന്തിന് അവിടെ വന്നുവെന്നോ അയാള്‍ മറന്ന് പോയി. ഇതിനകം ആ പയ്യന്‍ എന്തോ ഉച്ചത്തില്‍ പറഞ്ഞ് കൊണ്ട് മറുവശത്തേക്ക് വീണിരുന്നു. അവനെങ്ങാനും തന്റെ ദേഹത്ത് വീണിരുന്നെങ്കില്‍ പിന്നെ ബാക്കി കിട്ടില്ലായിരുന്നു എന്നയാള്‍ ഓര്‍ത്തു. തന്റെ ചുറ്റിനും എന്തിനും തയ്യാറായി നില്‍ക്കുന്ന പയ്യന്മാരെ കണ്ട അയാള്‍ പിന്നെ ഒന്നും നോക്കിയില്ല. ഓടി. മറ്റൊരു സഞ്ചിയില്‍ ഒരുവിധം കയറിപ്പറ്റി. ആശ്വാസത്തോടെ ഒരു ദീര്‍ഘനിശ്വാസം ഉതിര്‍ക്കാന്‍ പോവുകയായിരുന്നു അയാള്‍. പെട്ടെന്നാണ് സഞ്ചി പൊങ്ങിയത് പോലെ തോന്നിയത്. ദൈവമേ എന്താണ് ഈ പയ്യന്മാരുടെ ഉദ്ദേശ്യം? എന്നെ ഇവന്മാര്‍ തട്ടിയത് തന്നെ. ഈശ്വരാ! രക്ഷിക്കണേ.. അയാള്‍ അവസാനമായി പ്രാര്‍ത്ഥിച്ചു. ആ പ്രാര്‍ത്ഥന ദൈവം കേട്ടുവോ? സഞ്ചി വീണ്ടും നിലത്ത്. അതും മുറിയുടെ വെളിയില്‍. പിന്നെ ഒരു നിമിഷം പോലും കളഞ്ഞില്ല അയാള്‍. അടുത്ത് കണ്ട കുറ്റിക്കാട് ലക്ഷ്യമാക്കി കുതിച്ചു. ഓടുമ്പോള്‍ ദൈവത്തിന് നന്ദി പറയുകയായിരുന്നു അയാള്‍..

01 ജനുവരി 2009

പുതുവര്‍ഷവും പ്രതിജ്ഞകളും

പുതുവര്‍ഷം. എല്ലാ കൊല്ലവും ജനുവരി ഒന്ന് അടുക്കാറാവുമ്പൊഴേക്കും, അല്ലെങ്കില്‍ അതിനോടടുപ്പിച്ചുള്ള ദിവസങ്ങളില്‍, സ്ഥിരമായി കേള്‍ക്കാറുള്ളതാണ് പ്രതിജ്ഞകളെ പറ്റി. എന്നാല്‍ ഇതു വരെ ഞാന്‍ അങ്ങനെയൊരു പ്രതിജ്ഞയും ന്യൂ ഇയര്‍ ആയിട്ട് എടുത്തിട്ടില്ല. എന്നാല്‍ ഈ കൊല്ലം കുറച്ച് മാറി ചിന്തിക്കുകയാണ്. അതിന് കാരണം കഴിഞ്ഞ വര്‍ഷത്തെ കുറിച്ച് ആലോചിച്ചിട്ട് എനിക്ക് തന്നെ നാണക്കേടായി. പ്രത്യേകിച്ച് യാതൊന്നും ചെയ്യാതെ പോയ വര്‍ഷമാണ് 2008. ലോകത്തിന് മൊത്തത്തില്‍ അത്ര മെച്ചമല്ലായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്ന വര്‍ഷം.

2008-ല്‍ എനിക്കുണ്ടായ നല്ല അനുഭവങ്ങള്‍ വളരെ ചുരുക്കം. ചേട്ടന്റെ കല്ല്യാണം അതില്‍ ഏറ്റവും വലുതും. പിന്നെ പറയാനുള്ളത് പത്ത് - നൂറ് പേരുടെ മുന്നില്‍ നിന്നും സംസാരിച്ചു എന്നതാണ്. കുറച്ച് ബുക്ക് വായിച്ചു. കുറച്ച് ബുക്ക് വാങ്ങിച്ചു. ബ്ലോഗ് എഴുത്തിനെ പറ്റി പറഞ്ഞാല്‍... പോസ്റ്റുകളുടെ എണ്ണം കുറവാണ്, ഒരൊറ്റ കവിത പോലും എഴുതിയില്ല.!!! നിങ്ങളുടെ ഭാഗ്യം. പിന്നെ ഒരു വലിയ നേട്ടം. ഒരു വര്‍ഷം ഡയറി എഴുതി. 2007ല്‍ തുടങ്ങിയെങ്കിലും അത് ഒന്ന് രണ്ട് മാസം കൊണ്ട് നിര്‍ത്തിയതാണ്. എന്നാല്‍ 2008ല്‍ അത് നിര്‍ത്താതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. എന്നാല്‍ തുടര്‍ച്ചയായി 365 ദിവസത്തെ ഡയറിക്കുറിപ്പുകള്‍ ഇല്ല എന്നതും സത്യം. ഒരുപാട് ഇടവേളകളിലായാണ് എഴുതിയത്. എങ്കിലും അത്രെയെങ്കിലും ചെയ്തല്ലോ എന്ന് സമാധാനം.

സിനിമ എനിക്ക് ഏറെ ഇഷ്ടമുള്ള ഒരു സാധനമാണ്. 2008ല്‍ ആകെ ഹിറ്റായത് 5 മലയാളം സിനിമയെ ഉള്ളു എന്നൊക്കെ വായിച്ചു. അതില്‍ മാടമ്പിയും അണ്ണന്‍ തമ്പിയും കണ്ടില്ല. ട്വന്റി 20, വെറുതെ ഒരു ഭാര്യ, സൈക്കിള്‍ എന്നിവ കണ്ടു. എന്നാല്‍ നല്ലതെന്ന് വിലയിരുത്തപ്പെട്ട തലപ്പാവ്, തിരക്കഥ, ഗുല്‍മോഹര്‍ ഒന്നും കണ്ടില്ല. കോളേജ് കുമാരന്‍, കല്‍ക്കട്ട ന്യൂസ് ഒക്കെ കാണുകയും ചെയ്തു. മറ്റ് ഭാഷകളില്‍ ശ്രദ്ധേയമായ എ വെനെസ്ഡേ, ആമിര്‍, ജോധാ അക്ബര്‍, രബ് നെ ബനാ ദി ജോഡി, ഗജിനി, സുബ്രഹ്മണ്യപുരം, വാരണം ആയിരം, സന്തോഷ് സുബ്രഹ്മണ്യം, ബാറ്റ്മാന്‍, വാള്‍-ഇ തുടങ്ങി ഒരുപറ്റം നല്ല സിനിമകളും കണ്ടു. മലയാളസിനിമ ചതിച്ചെങ്കിലും അന്യഭാഷാ സിനിമകള്‍ ചതിച്ചില്ല എന്ന ആശ്വാസം.

കോളേജ് വിദ്യാഭ്യാസം ഈ വരുന്ന മാര്‍ച്ച് ആകുന്നതോടെ തീരുകയാണ്. കോളേജിലെ അവസാനത്തെ ഓണാഘോഷത്തില്‍ ഇത് വരെ ചെയ്യാത്ത രണ്ട് കാര്യങ്ങള്‍ ചെയ്തു എന്ന സമാധാനം - കാന്റില്‍ റേസ്, പെയിന്റിങ്ങ് എന്നീ മേഖലകളില്‍ എന്റെ പാദമുദ്ര പതിപ്പിച്ചു ഞാന്‍..!

2009. ഇതാദ്യമായി ചില പ്രതിജ്ഞകള്‍ എടുക്കാന്‍ പോകുന്നു. അത് ബ്ലോഗിലൂടെ എല്ലാരേം അറിയിക്കുന്നു. ഇനി ഞാന്‍ മറന്നാലും എന്നെ എന്റെ പ്രതിജ്ഞകള്‍ ഓര്‍മിപ്പിക്കാന്‍ ആരെങ്കിലുമൊക്കെ ഉണ്ടാവുമെന്ന പ്രതീക്ഷയോടെ..

1. ഇനി മുതല്‍ എല്ലാ ദിവസവും കുളിച്ച ശേഷമേ ആഹാരം കഴിക്കൂ.. ഇന്ന് മുതല്‍ തുടങ്ങി..!
2. ഡ്രൈവിങ്ങ് പഠിക്കും. ഇനിയും വൈകിയാല്‍ ശരിയാവില്ല. ഈ കൊല്ലം അവസാനിക്കുമ്പോള്‍ ഞാന്‍ ഡ്രൈവിങ്ങ് പഠിച്ച് കഴിഞ്ഞിരിക്കും.
3. ഡയറി എഴുത്ത് തുടരും. നല്ലൊരു ശീലമാണ്. ഇത് വരെ അത് ശീലിക്കാത്തവര്‍ ഉണ്ടെങ്കില്‍ ഈ കൊല്ലം തന്നെ തുടങ്ങിക്കോളൂ..
4. ബുക്ക് വായിക്കും. കോളേജ് ലൈബ്രറിക്ക് നന്ദി. ഇനി അവിടുന്ന് പുറത്തിറങ്ങിയാലും ബുക്കുകള്‍ വാങ്ങി വായിക്കാന്‍ ശ്രമിക്കും.
5. വായിക്കുന്ന ബുക്കുകളെ കുറിച്ച് ബ്ലോഗില്‍ എഴുതും. ചുളിവില്‍ ഒരു പോസ്റ്റുമായി..!
6. സിഗററ്റ് വലി, കള്ളുകുടി തുടങ്ങിയ ദുഃശീലങ്ങളില്‍ നിന്നും ഇത്ര നാള്‍ വിട്ടു നിന്നത് പോലെ ഇനിയും വിട്ടു നില്‍ക്കും. വലിക്കാരെ, കുടിയന്മാരെ, നിങ്ങളൊക്കെ അക്ഷരാഭ്യാസമുള്ളവരും സയന്‍സ് പഠിച്ചവരുമല്ലേ?? ഈ പറഞ്ഞ സാധനങ്ങള്‍ ഉപയോഗിച്ചാലുള്ള ഭവിഷ്യത്ത് നിങ്ങള്‍ക്കും അറിയാമല്ലോ?
7. പാചകം പഠിക്കാന്‍ ചിലപ്പോ ശ്രമിച്ചേക്കും. അവസാന പ്രയോറിറ്റി ആയത് കൊണ്ട് ഇതിനെ ഒരു പ്രതിജ്ഞ ആയി കണക്കാക്കേണ്ട..!

അപ്പോ ഇതൊക്കെയാണ് 2009ലെ പ്രധാന കര്‍മ്മപരിപാടികള്‍. ഞാന്‍ ഇതൊക്കെ പാലിക്കുന്നുണ്ടോ എന്ന് ഇടയ്ക്കിടെ എല്ലാരും ഒന്ന് നോക്കിക്കോണേ..

അപ്പോ എല്ലാവര്‍ക്കും ഹാപ്പി ന്യൂ ഇയര്‍.. ഇന്ന് ബ്ലോഗ് തുടങ്ങുന്ന നമ്മുടെ മമ്മൂട്ടിക്കും ഒരു സ്പെഷ്യല്‍ പുതുവത്സരാശംസകള്‍..!